പെൻഷൻ പ്രായം ഇങ്ങനെ മതിയോ..?
മുരളി തുമ്മാരുകുടി
Monday, December 9, 2024 12:06 PM IST
ലോകത്തിലെതന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിലേത്. ഇത് അൽപ്പമെങ്കിലും ഉയർത്തി അറുപതാക്കുന്നത് എന്തുകൊണ്ടാണ് ഇനിയും വൈകിക്കുന്നതെന്ന് മനസിലാകുന്നില്ല. യുവാക്കളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നാണു പറഞ്ഞു കേട്ടിട്ടുള്ള ഒരു കാരണം.
ഒരു വർഷത്തിൽ ശരാശരി ഇരുപതിനായിരം ആളുകൾക്കാണ് സർക്കാർ ജോലി പുതിയതായി കിട്ടുന്നതെന്നാണ് വായിച്ചത്. ഒരു വർഷത്തിൽ ശരാശരി അഞ്ചു ലക്ഷം മലയാളികളാണ് തൊഴിൽ കമ്പോളത്തിൽ എത്തുന്നത്. അപ്പോൾ നമ്മുടെ യുവജനങ്ങളിൽ അഞ്ചു ശതമാനത്തിനുപോലും സർക്കാർ ജോലി ലഭിക്കുന്നില്ല. പെൻഷൻ പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതുമൊന്നും ബഹുഭൂരിപക്ഷം യുവജനങ്ങളുടെയും തൊഴിലവസരത്തെ ബാധിക്കുന്നില്ല.
സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രായം കൂടുംതോറും ശമ്പളവും അലവൻസും വർധിച്ച് വലിയൊരു തുക ആവുകയും അതേസമയം പ്രായമനുസരിച്ച് അവരുടെ പ്രൊഡക്ടിവിറ്റിയിൽ വലിയ വർധന ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനാൽ പ്രായമുള്ളവരെ റിട്ടയർ ചെയ്യിച്ചതിനുശേഷം പുതിയ ആളുകളെ എടുത്താൽ, പെൻഷൻ കൂട്ടിയാൽ പോലും മൊത്തം ലാഭമാകുമെന്ന മറ്റൊരു വാദവും കേട്ടിട്ടുണ്ട്.
ഇതിലൽപം മെറിറ്റ് ഉണ്ടെന്ന് തോന്നുന്നു. പ്രത്യേകിച്ചും നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരിൽ വലിയൊരു ശതമാനം എയ്ഡഡ് സ്കൂളിലെയും കോളജിലെയും ഉൾപ്പെടെയുള്ള അധ്യാപകരായതിനാൽ. എന്നാൽ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ശരിയായ മാർഗം പെൻഷൻ പ്രായം നിലനിർത്തുന്നതല്ല.
പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമച്ചെലവുകൾ കൂടുകയും വരുമാനം ആനുപാതികമായി വർധിക്കാതിരിക്കുകയും ചെയ്താൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം നേരിടുമല്ലോ. ലഭ്യമായ സാങ്കേതിക വിദ്യകളും മാനുഷികശേഷിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി ഉപയോഗിച്ച് സർക്കാരിന്റെ സാലറി ബിൽ നിയന്ത്രണത്തിൽ എത്തിക്കേണ്ടതുണ്ട്.
പ്രായമാകുന്ന നമ്മുടെ സമൂഹത്തിൽ പെൻഷൻ പ്രായം കൂട്ടിക്കൊണ്ടുവരേണ്ട ആവശ്യവുമുണ്ട്. ഇതൊന്നും എളുപ്പമുള്ള തീരുമാനങ്ങളല്ല. പക്ഷേ, ഇന്ന് അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും തീരുമാനങ്ങൾ ഇപ്പോൾ എടുക്കുന്നതാണ് നാളെ ഇതിലും വലിയ കുഴപ്പത്തിലാകുന്നതിനേക്കാൾ നല്ലത്.