നോർവേയിലെ വീടന്വേഷണം..!
ജെ.എസ്. അടൂർ
Friday, December 6, 2024 12:49 PM IST
നോർവേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ ഞാന്‍ എത്തിയത് തണുപ്പ് അസ്ഥികളില്‍ അരിച്ചുകയറുന്ന ഒരു ജനുവരിയിലാണ്. മൈനസ് 21 സെല്‍ഷ്യസ്. കിളികളെല്ലാം എങ്ങോ പോയി മറഞ്ഞിരുന്നു. മരങ്ങള്‍ ഇലകൊഴിഞ്ഞു ഗാഢനിദ്രയിൽ.
യുഎന്‍ ഗസ്റ്റ് ഹൗസില്‍ രണ്ടാഴ്ച താമസിച്ചപ്പോഴേക്കും മടുത്തു. മിണ്ടാനും പറയാനും പോലും ആളില്ല. ഓഫീസില്‍ എല്ലാ കാര്യവും ഓണ്‍ ലൈന്‍. എന്റെ നോര്‍വീജിയന്‍ സഹപ്രവര്‍ത്തകര്‍ മൂന്ന് മണിക്ക് ഓഫീസ് കാലിയാക്കി പോകും. വേറെ എങ്ങും ആ തണുപ്പത്ത് പോകാന്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ ഏതെങ്കിലും പുസ്തകം വായിച്ച് അവിടെ ആറുമണി വരെ ഇരിക്കും. വിശപ്പകറ്റാന്‍ ഏക ശരണം തൊട്ടടുത്തുള്ള പിസാകട മാത്രം.
നടക്കുന്നത് ചന്ദ്രനില്‍ നടക്കുന്നതുപോലെ ഒരു ഏര്‍പ്പാടാണ്. അടിമുതല്‍ മുടി വരെ തെര്‍മല്‍ കവചങ്ങള്‍ ഒക്കെ മൂടി വേണം നടക്കാൻ. അങ്ങനെ രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട് തേടിയിറങ്ങി. നെറ്റില്‍ വീട് വാടകയ്ക്കു കൊടുക്കുന്ന പോര്‍ട്ടലുകള്‍ എല്ലാം നോര്‍വീജിയന്‍ ഭാഷയില്‍. ഗൂഗിള്‍ പരിഭാഷ ഉപയോഗിച്ചു വീടു വാടകയ്ക്ക് കൊടുക്കുന്നവര്ക്കെഴുതി. മറുപടി തുരുതുരെ വന്നു.
പിന്നീടാണ് കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നു പിടികിട്ടിയത്. കാരണം വളരെ കഷ്ടം സഹിച്ചു തണുപ്പും താണ്ടി അഞ്ചു കിലോ ഭാരമുള്ള വിവിധ കോട്ടുകളും ഒക്കെ ഇട്ടു വീടെത്തി എന്റെ മുഖം കാണുമ്പോള്‍ വീട്ടുടമസ്ഥരുടെ മുഖത്തെ ഫ്യൂസ് പോകും. എന്നിട്ട് വളരെ വിഷമത്തോടെ പറയും. "വീട് മറ്റൊരാൾക്കു കൊടുക്കാമെന്നു പറഞ്ഞുപോയല്ലോ’.
എവിടെ ചെന്നാലും ഗതി ഇതുതന്നെ. അവിടെയുള്ള ഒരു ഇന്ത്യക്കാരന് കൂട്ടുകാരനോടു വിവരം പറഞ്ഞു. അയാള്‍ ഉള്ള കാര്യം പറഞ്ഞു - നിങ്ങള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഒരു പേരുണ്ട്. പക്ഷേ, ഇന്ത്യക്കാരന് ആണെന്ന് കണ്ടപ്പോള്‍ കാലുമാറി. കാരണം യൂറാപ്പിൽനിന്നുള്ളവർക്കു വീടു കൊടുക്കാനാണ് അവർക്കു താത്പര്യം. പലപ്പോഴും ഇന്ത്യക്കാരുടെ വീട്ടിലെ കറിമണങ്ങൾ അടുത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്ന പലർക്കും അരോചകം എന്ന ധാരണയുണ്ടെന്നു വേറൊരു സുഹൃത്തും പറഞ്ഞു.
വീട് തന്നില്ലെങ്കിലും വളരെ മാന്യമായാണ് ഇടപെടൽ. വംശീയത പറയാതെതന്നെ വിവേചനം കാട്ടുകയായിരുന്നു. നേരിട്ടനുഭവിക്കാത്തവര്ക്ക് വിവേചനം എങ്ങനെയെന്നു മനസിലാക്കാന്‍ പ്രയാസമാകും. ദളിത് സമുദായത്തിലുള്ളവരും മറ്റും അനുഭവിക്കുന്ന വിവേചനം നോര്‍വേയില്‍ വച്ച് അനുഭവിച്ചറിഞ്ഞു.
ഇരുപതു കൊല്ലം കഴിഞ്ഞു കേരളത്തിൽ ഏറ്റവും സാമ്പത്തിക മുന്നേറ്റമുള്ളത് ബിഹാറി, ബംഗാളി കുടിയേറ്റക്കാർക്കായിരിക്കുമെന്നു കരുതുക. അപ്പോള്‍ കാണാം മലയാളികളില്‍ പലരുടെയും കലിപ്പ്. ഈ നോര്‍വേ കഥ പറഞ്ഞത് വിവേചനത്തിന്റെ വിവിധതലങ്ങളും അതിന്റെ സാമൂഹിക-രാഷ്ട്രീയ സങ്കീര്‍ണതകളും സന്ദേഹങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും ചൂണ്ടിക്കാട്ടാനാണ്.