അടുത്ത വാർത്ത വരെ ഇതിനി വാർത്തയല്ല..!
മുരളി തുമ്മാരുകുടി
Tuesday, December 3, 2024 3:24 PM IST
റെയിൽ പാളത്തിൽ തൊഴിൽ ചെയ്തുകൊണ്ടിരുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികൾ ട്രെയിനിടിച്ചു മരിച്ചത് കഴിഞ്ഞ മാസമാണ്. രണ്ടു ലക്ഷം രൂപയാണെന്നു തോന്നുന്നു നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. പിന്നീടൊന്നും ഉണ്ടായില്ല.
കഴിഞ്ഞ ദിവസം തൃശൂരിൽ നിർമാണം നടന്നുകൊണ്ടിരുന്ന റോഡിൽ കിടന്നുറങ്ങിയ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ ലോറി കയറി മരിച്ചു. ലോറി ഓടിച്ചിരുന്നത് ഡ്രൈവർ അല്ല ക്ലീനർ ആയിരുന്നു എന്നും അയാൾക്ക് ലൈസൻസ് ഇല്ലായിരുന്നു എന്നും ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു എന്നും വാർത്തകളിൽ കണ്ടു.
ആഹാരം, പാർപ്പിടം, വസ്ത്രം ഒക്കെ മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളും പൗരന്റെ അവകാശമാകേണ്ടതുമാണ്. നമ്മുടെ ചുറ്റും, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാനായി തൊഴിലെടുക്കുന്ന അനവധി ആളുകൾക്ക് ഇതൊന്നും ഇല്ല എന്നത് നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്. പക്ഷേ, അതുണ്ടാകുമെന്നു തോന്നുന്നില്ല. മരിച്ചത് പാവങ്ങൾ ആണ്.
ബന്ധുബലമോ സംഘബലമോ ഇല്ലാത്തവർ. സാമൂഹിക ശൃംഖലയിൽ ശക്തമായ കണ്ണികൾ ഇല്ലാത്തവർ. നമ്മുടെ കോടതികളിലൂടെ കടന്നുപോയി ഇവരുടെ ബന്ധുക്കൾക്ക് എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ?
ഈ അപകടമുണ്ടാക്കിയവർക്ക് ഇപ്പോഴത്തെ ജയിൽവാസമൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയാൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമോ? ഇത്തരം അപകടങ്ങൾ മറ്റൊരിടത്ത് അവർ ആവർത്തിക്കില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ?
ഒന്നുമില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് ഒന്നോ രണ്ടോ ലക്ഷം രൂപ നഷ്ടപരിഹാരം ആരെങ്കിലും കൊടുത്താൽതന്നെ വലിയ കാര്യം. അടുത്ത വാർത്ത വരുന്നതുവരെ ഇതിനി വർത്തയൊന്നുമല്ല.