തുളസിയും വേപ്പും നട്ടാൽ അന്ധവിശ്വാസിയാകുമോ..?
കൃഷ്ണൻ രാംദാസ്
Saturday, November 30, 2024 12:48 PM IST
നേരത്തെ കിടക്കണം, നേരത്തെ ഉണരണം, രാവിലെ കുളിക്കണം, മുറ്റത്തോ തറകെട്ടിയോ വളർത്തുന്ന തുളസിക്ക് വിളക്കേറ്റണം, തുളസിയില അകാരണമായും പ്രാർഥനയോടെയല്ലാതെയും നുള്ളരുത്. സന്ധ്യമയങ്ങിയാൽ ഒട്ടും നുള്ളരുത്. മുടിയിൽ ചൂടാൻ കതിരേ നുള്ളാവൂ... അങ്ങനെയങ്ങനെ എന്തെല്ലാം അന്ധവിശ്വാസങ്ങൾ..!
ഇനി കാര്യത്തിലേക്കു വരാം. മറ്റു സസ്യങ്ങൾ പ്രകാശസംശ്ലേഷണം എന്ന ഫോട്ടോസിന്തെസിസ് നടത്തുമ്പോൾ സ്വതന്ത്രമാകുന്നത് ഓക്സിജൻ ആണ്. എന്നാൽ തുളസി, ആര്യവേപ്പ്, കുമാരി (അലോവേര), യൂക്കാലിപ്റ്റസ് എന്നീ സസ്യങ്ങൾ പ്രകാശസംശ്ലേഷണം നടത്തുമ്പോൾ സ്വതന്ത്രമാകുന്നതിൽ കൂടുതലും ഓസോൺ ആണ്.
രോഗകാരികളായ അതിസൂക്ഷ്മജീവികളിൽനിന്നും വിഷമാലിന്യങ്ങളിൽനിന്നും അന്തരീക്ഷത്തെ മുക്തമാകാൻ ഈ സസ്യങ്ങൾ പുറത്തുവിടുന്ന ഓസോണിനാവും. രാമതുളസിക്കും കൃഷ്ണതുളസിക്കും വനതുളസിക്കും കർപ്പൂരതുളസിക്കുമെല്ലാം ഈ ഗുണമുണ്ട്.
മനുഷ്യർ നല്ലതായ കാര്യങ്ങൾ ചെയ്തുവരുന്നതിന് പണ്ടത്തെ ആചാര്യന്മാർ അനുദിനം അനുഷ്ഠിക്കേണ്ട ചെയ്തികളെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാക്കി. അങ്ങനെ ചെയ്താൽ വീട്ടിൽ ലക്ഷ്മി വിളയാടും എന്ന് പഠിപ്പിച്ചു. അത് അനുസരിക്കുന്നവർക്ക് നല്ല അനുഭവങ്ങൾ ഉണ്ടായി. അവരത് ഭാവി തലമുറകൾക്കു പകർന്നു കൊടുത്തു.
തുളസിയും വേപ്പുമെല്ലാം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഇപ്പോഴും തുടരുന്നത് അതുകൊണ്ടാണ്. നേരത്തെ ഉറങ്ങി, നേരത്തെ ഉണർന്ന്, കുളിച്ചു വൃത്തിയായി ക്ഷേത്രത്തിലേക്ക് നടന്നു പോകുന്നതുകൊണ്ട് ആരോഗ്യം കൂടിയാണു മെച്ചപ്പെടുന്നത്.
വേപ്പിന്റെയും തുളസികളുടെയും ഇലകൾ വസൂരിയും മസൂരിയും പോലുള്ള വൈറസ് രോഗബാധകളിൽ പോലും ഫലപ്രദമായി ഉപയോഗിക്കാം. ഇവ തരുന്ന ഓസോൺ, വൈറസുകളെപ്പോലും നിർവീര്യമാക്കും. അപ്പോൾപ്പിന്നെ ബാക്റ്റീരിയകളുടെയും ഫംഗസുകളുടെയും കാര്യം പറയേണ്ടതില്ലല്ലോ.
തുളസി, കുമാരി എന്നീ സസ്യങ്ങൾ വീട്ടുമുറ്റത്തും സ്ഥലമില്ലാത്തവർ വീടിനുള്ളിലും വളർത്തുന്നത് നല്ലതാണ്. വീടിനു പുറത്ത് സ്ഥലമുള്ളവർക്ക് വേപ്പ് നട്ടുവളർത്താം.
വീടിനുള്ളിൽ വളർത്താവുന്ന ഉയരം കുറഞ്ഞ തുളസി വാങ്ങാൻ കിട്ടും. അതും വളർത്താം. വെള്ളം കൂടുതൽ കിട്ടുന്ന നമ്മുടെ കാലാവസ്ഥ വേപ്പിന് ഇണങ്ങില്ല. അതുകൊണ്ട് പൊതുവെ വളർച്ച കുറയും. യൂക്കാലിപ്റ്റസിനു വെള്ളം വേണം. ത്വക്കിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സെറാമൈഡ്സ്. യൂക്കാലിപ്റ്റസ് ഓയിലിൽ ഫയ്റ്റോസെറാമൈഡ്സ് ഉണ്ട്. ത്വക്കിന് ഏറെ നല്ലതാണിത്.
ഓസോൺ നല്ലയളവിൽ പുറത്തുവിടുന്ന കുമാരി എന്ന കറ്റാർവാഴയ്ക്ക് (അലോവേര) വളരാൻ മണ്ണുപോലും വേണ്ട. പക്ഷേ, അത് വീട്ടിൽ കെട്ടിതൂക്കിയിട്ടാൽ നമ്മൾ അന്ധവിശ്വാസികളായി ചിത്രീകരിക്കപ്പടുമെന്നതിനാൽ അങ്ങനെ ചെയ്യാൻ ആളുകൾ മടിക്കുന്നു. യുക്തിഭദ്രമായി കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാതെ, തള്ളിപ്പറയുന്ന റിബലുകൾ ക്കു നല്ലതൊന്നും വിധിച്ചിട്ടില്ല..!