ആ വേദന പോകാൻ ബ്ലാക്ക് റൈസ് മതി
കൃഷ്ണന് രാംദാസ്
Wednesday, November 27, 2024 12:20 PM IST
ആർത്തവകാലത്തനുഭവിക്കുന്ന വേദന സംഹരിക്കാൻ കുപ്രസിദ്ധമായ ‘വേദനസംഹാരികൾ' സ്വയം വാങ്ങി വിഴുങ്ങുന്ന സഹോദരിമാരുടെ ശ്രദ്ധയ്ക്ക്. വേദനയെ മാത്രമല്ല അവകൾ സംഹരിക്കുക. അതിന്റെ പാർശ്വഫലങ്ങൾ തലച്ചോറ്, ശ്വാസകോശം, കരൾ, ചർമം, കുടൽ തുടങ്ങിയ സുപ്രധാന അവയവങ്ങളെയെല്ലാം സാരമായി ബാധിക്കാൻ പോന്നവയാണ്. ഈ വേദനസംഹാരികൾ ആവുന്നത്ര ഒഴിവാക്കേണ്ടതാണ്.
വേദനയോടു കൂടിയ ആർത്തവങ്ങളെ പൊതുവെ ഡിസ്മെനറിയ എന്നു പറയും. മറ്റ് രോഗാവസ്ഥകളൊന്നുമില്ലാതെ ഉണ്ടാകുന്ന വേദനയെ പ്രൈമറി ഡിസ്മെനറിയ എന്നും എൻഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ് മുതലായ രോഗാവസ്ഥകളെക്കൊണ്ടാണ് വേദന ഉണ്ടാകുന്നതെങ്കിൽ സെക്കൻഡറി ഡിസ്മെനറിയ എന്നും വിവക്ഷിക്കും. ഏകദേശം 3-8 ശതമാനം സ്ത്രീകളിൽ കണ്ടുവരുന്ന സെക്കൻഡറി ഡിസ്മെനറിയ വിദഗ്ധപരിശോധനയും നിർദേശങ്ങളും ചികിത്സയും ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ്.
75 ശതമാനം സ്ത്രീവിഭാഗത്തെയും (കൗമാരക്കാർ, യുവതികൾ, മുതിർന്നവർ) ബാധിക്കുന്ന പ്രൈമറി ഡിസ്മെനറിയ എന്ന ആർത്തവകാലവേദന അത്ര ഗൗരവമുള്ള ഒരു രോഗാവസ്ഥയല്ല. ഇതുമൂലം സംജാതമാകുന്ന ആർത്തവകാല വേദനകളെ നിയന്ത്രിക്കാൻ ബ്ലാക്ക് റൈസ് (കരിനെന്മണി) കൊണ്ടൊരു പായസം അരക്കപ്പ് കുടിച്ച് നോക്കാവുന്നതാണ്.
മറയൂർ ശർക്കരയും കുറച്ച് ഏലത്തരിയും കൂടി ചേർത്താൽ സ്വാദ് മാത്രമല്ല ആരോഗ്യഗുണങ്ങളും കൂടും. കഞ്ഞിയായോ ചോറായോ പുട്ടായോ ദോശയായോ പായസമായോ ബ്ലാക്ക് റൈസ് കഴിക്കാം. 1,200 രൂപ കൊടുത്ത് വാങ്ങുന്ന ബ്ലൂബെറി പോലുള്ള വിദേശ പഴങ്ങളെക്കാൾ വളരെ മുകളിലാണ് 200 രൂപയ്ക്ക് കിട്ടുന്ന ബ്ലാക്ക് റൈസിന്റെ സവിശേഷഗുണങ്ങൾ. ഓർഗാനിക് ബ്ലാക്ക് റൈസ് ഷോപ്പുകളിൽ കിട്ടാനുണ്ട്.
ആന്തോസയനിൻ, പ്രോആന്തോസയനൈഡിൻസ് തുടങ്ങി വിവിധങ്ങളായ അതിശക്തരായ അനേകം ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം, സിങ്ക്, നാരുകൾ എന്നിവയടക്കമുള്ള ഗുണങ്ങൾ ബ്ലാക്ക് റൈസിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗാവസ്ഥകളിലും പ്രമേഹരോഗാവസ്ഥകളിലും അർബുദരോഗാവസ്ഥകളിലും വാതരോഗാവസ്ഥകളിലും മറ്റും ഒഴിവാക്കരുതാത്തതായ ഒരു ഭക്ഷണമാണു ബ്ലാക്ക് റൈസ്. മക്കൾക്കും കൊച്ചുമക്കൾക്കും ആർത്തവകാലത്തെങ്കിലും ഇത് വാങ്ങിക്കൊടുക്കൂ.
എല്ലാ വേദനകളെയും വേദനാസംഹാരികളെക്കൊണ്ട് നിയന്ത്രിക്കാൻ നോക്കരുത്. നിങ്ങളുടെ ശരീരത്തിനോടും മനസിനോടും നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാവും അത്.
രോഗം മാറ്റുന്നതു ശരീരമാണ്. അതിനു ശരീരത്തിനു വേണ്ടത് പോഷണമാണ്. ചില സമയങ്ങളിൽ മരുന്നുകൾ വേണ്ടിവരും. അത് അനിവാര്യമായ അവസരങ്ങളിൽ വിദഗ്ധോപദേശം സ്വീകരിച്ചു മാത്രമായി നിയന്ത്രിക്കാനായാൽ അവരവർക്കു കൊള്ളാം..!!