കണ്ണ് പോയാലും വേണ്ടില്ല, നാവിനു രുചി വേണം...!
കൃഷ്ണന് രാംദാസ്
Tuesday, November 26, 2024 10:46 AM IST
ടിവി, ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ്, ടാബ് ലെറ്റ്, സ്മാർട്ട് ഫോൺ തുടങ്ങിയ ഒട്ടനവധി ഗാഡ്ജെറ്റുകളിൽനിന്നു പ്രസരിക്കുന്ന ഹൈ എനർജി വിസിബിൾ ലൈറ്റ് പ്രായമായവരിൽ തിമിരം മുതലായ രോഗാവസ്ഥകൾക്കും കുട്ടികളിലും ചെറുപ്പക്കാരിലും കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന ഡിജിറ്റൽ ഐ സ്ട്രെയിനും കാരണമാകും.
കുഞ്ഞുങ്ങളിൽ ജനിതകപരമായ കാരണങ്ങൾ കൂടിച്ചേരുമ്പോൾ കണ്ണിലെ കാൻസർ ആയിപ്പോലും അത് പരിണമിച്ചേക്കാം. അതിനാൽ കുഞ്ഞുങ്ങളുടെ സ്ക്രീൻ സമയം കുറയ്ക്കണം. വാശി കുറയ്ക്കാനും ഭക്ഷണം കഴിപ്പിക്കാനും നാം തന്നെയല്ലേ ഈ തെറ്റ് തുടങ്ങിവച്ചത്?
ഓരോ അഞ്ച് സെക്കൻഡിലും ഒരു പ്രാവശ്യം കണ്ണ് ചിമ്മണം, ഒരു മിനിറ്റിൽ 12 പ്രാവശ്യം. കാഴ്ചയിൽ രസിച്ചു ഭ്രമിച്ച കുട്ടികൾ മാത്രമല്ല നമ്മളും മിഴി ചിമ്മാതെ കണ്ടിരിക്കും അപ്പോൾ കണ്ണ് വരളും. ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നില്ലെങ്കിൽ ശീലിക്കണം. കുട്ടികൾക്ക് നമ്മൾ കാണിച്ചു കൊടുക്കണം. 20 മിനിറ്റ് സ്ക്രീനിൽ നോക്കിയിരുന്നാൽ 20 സെക്കൻഡ് സമയം 20 അടി ദൂരെയുള്ള ഒരു വസ്തുവിൽ നോക്കിയിരിക്കണം.
മറ്റെല്ലാ വസ്തുക്കളും നാം കാണുന്നത് പ്രകാശം അവകളിൽ പതിക്കുമ്പോഴാണ്. എന്നാൽ, ഡിജിറ്റൽ ആയിട്ടുള്ള ടിവി, ലാപ് ടോപ്പ്, മൊബൈൽ... എന്നിവ കാണുന്നത് പ്രകാശം അവയിൽനിന്നു നമ്മുടെ കണ്ണുകളിലേക്ക് നേരിട്ട് പ്രസരിക്കുമ്പോഴാണ്. അതായത്, നേരിട്ട് പ്രകാശത്തിലേക്ക് നോക്കുകയാണ്, സൂര്യനെ നോക്കുന്നതുപോലെ. അതുതന്നെയാണ് അതിലെ അപകടവും.
60 ശതമാനത്തിലധികം കുട്ടികൾക്ക് കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പഠനവൈകല്യങ്ങൾക്ക് ഒരു പ്രധാനകാരണം കാഴ്ചയിലെ തകരാറുകളാണ്. കുട്ടികൾ ടിവിയുടെ അടുത്തുപോയിനിന്നു കാണുന്നതും സ്മാർട്ട് ഫോൺ അടുത്തുപിടിച്ച് നോക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ നേത്ര രോഗവിദഗ്ധനെ കാണിക്കണം.
കണ്ണുകളുടെ ആരോഗ്യത്തിന് അനിവാര്യമായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ഭക്ഷണത്തിൽനിന്നു ലഭിക്കേണ്ട പോഷകങ്ങളാണ്. പച്ചിലക്കറികളിൽ ഈ സംരക്ഷകർ ധാരാളമായി അടങ്ങിയിട്ടുണ്ട്. അധികം വേവിക്കാതെ കഴിച്ചാൽ നല്ലതാണ്. പപ്പായയിൽ ല്യൂട്ടിൻ, സീസാന്തിൻ എന്നിവയുടെ അളവ് കൂടുതലാണ്. പച്ചയ്ക്ക് കറിവച്ചും പഴുത്താൽ ജ്യൂസ് ആക്കിയും കഴിക്കാം.
മുതിർന്നവർ പച്ചിലക്കറികൾ കഴിച്ചാൽ കുട്ടികളും കഴിച്ചോളും. പക്ഷേ, ആര് കഴിക്കാൻ! കണ്ണ് പോയാലും വേണ്ടില്ല, നാവിനു രുചി വേണം. അതാണല്ലോ നമ്മൾ കാണിക്കുന്നതും കുട്ടികൾ അനുകരിക്കുന്നതും.