അന്തരീക്ഷത്തിൽനിന്ന് സ്വർണം എടുക്കാമോ..?
സുരേഷ് സി. പിള്ള
Friday, November 22, 2024 12:22 PM IST
വിദ്യാഭ്യാസം കഴിഞ്ഞ് രണ്ടു വർഷമായി ജോലിക്കായി അപേക്ഷകൾ അയയ്ക്കുന്നു. നല്ല മാർക്കുണ്ട്. പക്ഷേ, ഇന്റർവ്യൂവിനൊന്നും വിളിക്കുന്നില്ല... ഉദ്യോഗാർഥികളുടെ പതിവ് പരാതിയാണിത്. പഠനം കഴിഞ്ഞാലുടൻ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയാണ് പലരുടെയും സ്വപ്നം.
എങ്ങനെയാണു നല്ല ശമ്പളമുള്ള ജോലിക്കായി തയാറെടുക്കുന്നതെന്ന് പറയും മുൻപ് ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമ പരിചയപ്പെടുത്താം. അതിൽ സ്കൂൾ മാഷായ വിജയൻ (ശ്രീനിവാസൻ) കൂടുതൽ കാശുണ്ടാക്കാനായി പല പണികളും ചെയ്യുന്നു. അതിലൊന്നും വിജയിക്കാതെ അവസാനം സന്യാസം തെരഞ്ഞെടുക്കുന്നു.
ഒരു ദിവസം അവിടത്തെ ബ്രഹ്മചാരിയുടെ അടുത്തു ചെന്നു വിജയൻ ചോദിച്ചു:
‘അന്തരീക്ഷത്തിൽനിന്നു സ്വർണമാലയും വാച്ചും എടുക്കുന്ന പരിപാടി എന്നാണു പഠിപ്പിക്കുന്നത്'. അപ്പോൾ ബ്രഹ്മചാരി: ‘അതിനു മാജിക്ക് പഠിച്ചാൽ പോരേ?’
വിജയൻ മാഷിന്റെപോലെയാണ് പലരുടെയും അവസ്ഥ. വലിയതോതിൽ പണം സന്പാദിക്കണം, പക്ഷേ, അതിനായി കഷ്ടതകൾ അനുഭവിക്കാൻ തയാറുമല്ല. നല്ല കോളജുകൾ, യൂണിവേഴ്സിറ്റികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ... എന്നിവിടങ്ങളിൽനിന്നൊക്കെ പാസാകുന്നവർക്കു ജോലി കണ്ടെത്താൻ പ്രയാസം ഉണ്ടാവാറില്ല.
അവിടെ കാമ്പസ് സെലക്ഷനിൽ കൂടിത്തന്നെ നല്ല ജോലി കിട്ടാറുണ്ട്. പക്ഷേ, കേരളത്തിൽ ഈ നിലവാരത്തിലുള്ള എത്ര കോളജുകൾ ഉണ്ട്? ഇവിടെയാണ് വർക്ക് എക്സ്പീരിയൻസ് ആവശ്യമായി വരുന്നത്.
വിജയിച്ച ആളുകൾ സ്വർണം അന്തരീക്ഷത്തിൽനിന്ന് എടുത്തവരല്ല. വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയുമൊക്കെ ഫലമായാണ് അവർ ഉന്നത സ്ഥാനങ്ങളിലെത്തിയത്.
1. ആദ്യമായി ജോലി പരിചയമടക്കം ഉൾപ്പെട്ട സംക്ഷിപ്ത ജീവചരിത്രവും (കരിക്കുലം വിറ്റെ - CV) കവർ ലെറ്ററും ഉണ്ടാക്കുക.
2. ലിങ്ക്ഡ് ഇൻ പോലെയുള്ള പ്രഫഷണൽ സോഷ്യൽ സൈറ്റുകളിൽ അംഗമാകുക. നിങ്ങളുടെ മേഖലയിലുള്ള ആളുകളെ കണ്ടെത്തുക. അവർക്ക് ഇമെയിൽ വഴി സിവി അയച്ചുകൊടുക്കാം.
3. നിങ്ങളുടെ സ്കില്ലുകൾ മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കുക.
4. ശ്രമിച്ചിട്ടും ജോലി കിട്ടിയില്ലെങ്കിൽ എക്സ്പീരിയൻസിനു വേണ്ടി ആദ്യത്തെ ജോലി ഫ്രീ ആയി ചെയ്യാൻ സന്നദ്ധമാകുക. അതിന് നിങ്ങളുടെ മേഖലയിലുള്ള കമ്പനികളിൽ നേരിട്ടെത്തുക, ആറു മാസം ഫ്രീ ആയി ജോലി ചെയ്യാൻ സന്നദ്ധമാണെന്ന് അറിയിക്കുക. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾക്കായി ചിലപ്പോൾ വൈകുന്നേരം മറ്റൊരു ജോലി ചെയ്യേണ്ടതായി വരും (ഹോട്ടലിൽ, സൂപ്പർ മാർക്കറ്റിൽ, ട്യൂഷൻ സെന്ററിൽ).
5. ഫ്രീ ആയി ചെയ്ത ജോലിയുടെ എക്സ്പീരിയൻസ് വച്ച് അടുത്ത ജോലിക്കായി അപ്ലൈ ചെയ്യാം. അതിൽനിന്നു കിട്ടിയ എക്സ്പീരിയൻസ് വച്ച് അതിനടുത്ത പൊസിഷനിലേക്ക്. അങ്ങനെയങ്ങനെ മുകളിൽ എത്താം.