ജീവിതം മാറിമറിഞ്ഞു; മുഖം മാറ്റിവെച്ച അമേരിക്കകാരന്...
Friday, November 22, 2024 11:25 AM IST
ജീവിതം ഏത് നിമിഷമാണ് മറ്റൊന്നായി മാറുക എന്ന് പറയുക വയ്യ. ചില തെറ്റായ തീരുമാനങ്ങളൊ അശ്രദ്ധകളൊ ഒക്കെ ബാക്കിയുള്ള കാലത്തെ വല്ലാതെ ബാധിച്ചേക്കാം. അത് ചിലപ്പോള്‍ വലിയ പാഠങ്ങള്ക്കൊ ചിന്തകള്ക്കൊ വഴിവച്ചേക്കാം.
അത്തരമൊരുദാഹരണമാണ് യുഎസ് സംസ്ഥാനമായ മിഷിഗനിലുള്ള ഡെറക് പിഫാഫ്. അടുത്തിടെ ഈ 30കാരന് വിജയകരമായി മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ലോകമെമ്പാടും ഇതുവരെ 50-ലധികം മുഖം മാറ്റിവയ്ക്കല്‍ നടന്നിട്ടുണ്ട്.
പിഫാഫിന്റെ ഓപ്പറേഷന് അപൂര്‍വ വിജയമാണെന്നാണ് റോച്ചസ്റ്ററിലെ മയോ ക്ലിനിക് പറയുന്നത്. 80 ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകളെങ്കിലും ഉള്‍പ്പെട്ടതും 50 മണിക്കൂറിലധികം നീണ്ടുനില്ക്കുന്നതുമായ സങ്കീര്‍ണമായ ശസ്ത്രക്രിയ ആയിരുന്നത്രെ അത്.
ജെറിയുടെയും ലിസ പിഫാഫിന്റെയും മകനായ ഡെറിക് തന്റെ സ്കൂളിന്റെ ഫുട്ബോള്‍ ടീമിലെ കാപ്റ്റനും താരവുമായിരുന്നു. എന്നാല്‍, 2014 മാര്‍ച്ച് അഞ്ചിലെ നിര്‍ഭാഗ്യകരമായ രാത്രിയില്‍, 19 വയസുള്ള പിഫാഫ്, കോളജ് സ്പ്രിംഗ് ബ്രേക്കില്‍ വീട്ടിലിരിക്കുമ്പോള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു.
തനിക്കപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഡെറിക് പിന്നീട് പറഞ്ഞു. തോക്ക് കിട്ടിയതോ, പുറത്ത് പോയതോ, സ്വയം വെടിവെച്ചതോ, ആഴ്ചകള്‍ കഴിഞ്ഞതോ ഒന്നുംഓര്മയില്ലത്രെ. എന്നാല്‍ മാതാപിതാക്കള്‍ കാണുന്നത് ഗാരേജിന് അടുത്തുള്ള ഒരു സ്നോബാങ്കില് കിടക്കുന്ന മകനെയാണ്.
അവര്‍ അവനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മുഖമാകെ തകര്‍ന്ന നിലയിലായിരുന്നു.10 വര്‍ഷത്തിനുള്ളില്‍ 58 പുനര്‍നിര്‍മാണ ഫേഷ്യല്‍ സര്‍ജറികള്‍ ആശുപത്രിക്കാര് ഡെറിക്കിന് നടത്തി. പക്ഷെ കട്ടിയുള്ള ആഹാരം കഴിക്കാനൊ സാധാരണപോലെ സംസാരിക്കാനൊ ഡെറിക്കിന് കഴിയുമായിരുന്നില്ല.
മാത്രമല്ല മൂക്കില്ലാത്തതിനാല്‍ പിഫാഫിന് കണ്ണട ധരിക്കാനും കഴിഞ്ഞില്ല. ഇതോടെ മുഖം മാറ്റിവയ്ക്കാനുള്ള സ്ഥലത്തേക്ക് ഡോക്ടര്‍മാര്‍ ഡെറിക്കിനെ റഫര്‍ ചെയ്തു. ഭാഗ്യത്തിന് അദ്ദേഹത്തിന് ഡോണറെ ലഭിക്കുകയുണ്ടായി.
മുഖം മാറ്റിവയ്ക്കല്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ചെന്ന് ഡെറിക് പറയുന്നു. ഇത് കൂടുതല്‍ ആത്മവിശ്വാസം നല്കി. തന്റെ ദാതാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും തന്റെ കുടുംബത്തോടും മയോയിലെ കെയര്‍ ടീമിനോടും നന്ദിയുള്ളവനാണെന്ന് ഡെറിക് പറഞ്ഞു.
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, പിഫാഫിന്റെ മുഖത്തിന്റെ ഏകദേശം 85 ശതമാനവും പുനര്‍നിര്‍മിക്കുകയും ദാതാവിന്റെ ടിഷ്യു ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മുകളിലും താഴെയുമുള്ള കൺപോളകള്, മുകളിലും താഴെയുമുള്ള താടിയെല്ലുകള്‍, പല്ലുകള്‍, മൂക്ക്, കവിള് ഘടന, കഴുത്തിലെ ചര്‍മ്മം എന്നിവയാണ് പുനര്‍നിര്‍മിച്ച ചില ഭാഗങ്ങള്‍.