"മോചനമാകുന്നില്ല'; വീണ്ടും ഒന്നിക്കാന്‍ 4,400 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ചീനക്കാരന്‍
Thursday, November 21, 2024 10:25 AM IST
ഒന്നിച്ചിരിക്കുമ്പോള്‍ കലഹം ഉണ്ടാവുകയും തത്ഫലമായി വേര്‍പിരിയുകയും ചെയ്യുന്ന എത്രയെത്ര ആളുകളെ നാം കണ്ടിരിക്കുന്നു. ഇവരില്‍ പലരും അകന്നിരിക്കുമ്പോഴാണ് പരസ്പരമുള്ള സ്നേഹത്തിന്റെ ആഴം അറിയുക. ശേഷം ഒന്നിക്കാന്‍ ശ്രമിച്ചാലും സാഹചര്യവും ആളുകളുമൊക്കെ സമ്മതിക്കാതെ വരും.
ഇപ്പോഴിതാ വേര്‍പിരിഞ്ഞ ഭാര്യയുമായി വീണ്ടും ഒന്നിക്കാന്‍ 100 ദിവസത്തിലധികം 4,400 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച ഒരു ചൈനാക്കാരന് വാര്‍ത്തകളില്‍ ഇടംനേടുന്നു. ജിയാംഗ്സു പ്രവിശ്യയിലെ ലിയാന്യുങ്കാംഗില് നിന്നുള്ള ഷൗ ആണ് ഈ ഭര്‍ത്താവ്.
ഈ 40 കാരന് തന്റെ ഭാര്യ ലിയുമായി രണ്ടുവര്‍ഷമായി പിണങ്ങിയിരിക്കുകയായിരുന്നു. അനുരഞ്ജനത്തിനുള്ള ആഗ്രഹത്താല്‍ ഇദ്ദേഹം ജൂലൈ 28 ന് നാന്‍ജിംഗില്‍ നിന്ന് പുറപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ചൈനയിലേക്ക് 100 ദിവസങ്ങളിലായി 4,400 കിലോമീറ്റര്‍ യാത്ര ചെയ്തു.
2007-ല്‍ ആണ് ഷൗവും ലിയും വിവാഹിതരായത്. എന്നാല്‍ അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും 2013ല്‍ അവര്‍ വേര്‍പിരിയുകയും ചെയ്തു. പിന്നീട് അവരുടെ ബന്ധം മെച്ചപ്പെട്ടു. അവര്‍ വീണ്ടും വിവാഹിതരായി. ഇരുവര്‍ക്കും ഒരു മകനും മകളും ജനിച്ചു.
പക്ഷെ പിന്നെയും ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയുണ്ടായി. അതോടെ വീണ്ടും വിവാഹമോചനം നേടുകയുണ്ടായി. തങ്ങള്‍ക്കിടയില്‍ ഗുരുതര പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്ന് ഷൗ പറയുന്നു. രണ്ടുപേര്‍ക്കും ഈഗോ പ്രശ്നം ഉണ്ടായിരുന്നത്രെ.
പതിവുപോലെ മാറി നിന്നപ്പോള്‍ ഇരുവര്‍ക്കും തങ്ങള്‍ പരസ്പരം ആഴത്തില്‍ സ്നേഹിച്ചിരുന്നതായി മനസിലായി. ഇതോടെ ഇരുവരും തമ്മില്പതിയെ സംഭാഷണം ആരംഭിച്ചു. വീണ്ടും ലിയെ ജീവിതസഖിയാക്കാന്‍ ആഗ്രഹിക്കുന്നതായി ഷൗ പറഞ്ഞു.
താന്‍ ലാസയിലേക്ക് പോവുകയാണെന്നും അവിടേക്ക് ബൈക്കിലെത്തിയാല് ആലോചിക്കാമെന്ന് ലി തമാശയായി പറഞ്ഞു. എന്നാല്‍ ഇത് കാര്യമായി എടുത്ത ഷൗ യാത്രയ്ക്കായി സൈക്കിളാണ് തെരഞ്ഞെടുത്ത്.
അങ്ങനെ അദ്ദേഹം ആ യാത്ര ആരംഭിച്ചു. 4,400 കിലോമീറ്റര്‍ യാത്രയ്ക്കിടെ, അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുന്ന രണ്ട് പ്രധാന സംഭവങ്ങള്‍ അദ്ദേഹം നേരിട്ടു. ആദ്യത്തേത് അന്‍ഹുയി പ്രവിശ്യയില്‍ സംഭവിച്ചു. അവിടെ അദ്ദേഹത്തിന് ഹീറ്റ് സ്ട്രോക്ക് ഉണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
രണ്ടാമത്തേത് ഹുബെയ് പവിശ്യയിലെ യിച്ചാംഗില് സംഭവിച്ചു, അവിടെ ചൂടും നിര്‍ജ്ജലീകരണവും കാരണം റോഡില്‍ ബോധരഹിതനായി. ഈ സംഭവം ലിയുടെ ഹൃദയത്തെ സ്പര്‍ശിച്ചു. അവര്‍ നൂറുകണക്കിന് കിലോമീറ്റര്‍ ദൂരത്തുനിന്നും ഓടിയെത്തി.
ഷൗവിന്റെ സ്നേഹം തനിക്ക് മനസിലായെന്നും ഒന്നിക്കാനായി അദ്ദേഹത്തിന്റെ ജീവന് നഷ്ടപ്പെടുത്തരുതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഷൗ അതിന് തയാറായില്ല തന്റെ യാത്രാലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
അതോടെ ലിയും അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യാന്‍ തുടങ്ങി. യാത്രാമധ്യേ, ലാസയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള നൈന്ചിയില് ലിയ്ക്ക് ആള്‍ട്ടിറ്റിയൂഡ് അസുഖം നേരിടേണ്ടിവന്നു. ഈ സമയം ഷൗ ലിയെ പരിചരിച്ചു. എന്തായാലും ഒക്ടോബര്‍ 28-ന് അവര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു. ശേഷം ഒരു ചെറിയ അനുരഞ്ജന ചടങ്ങ് നടത്തുകയും തങ്ങളുടെ പുനഃസംഗമം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
നിലവില്‍, ഷൗ നേപ്പാളിലേക്കും യൂറോപ്പിലേക്കും തന്റെ അടുത്ത സൈക്ലിംഗ് യാത്ര ആസൂത്രണം ചെയ്യുകയാണ്. അതേസമയം, ലി ജിയാംഗ്സു പ്രവിശ്യയിലെ വീട്ടിലേക്ക് മടങ്ങി.
ദമ്പതികളുടെ കഥയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്. ദമ്പതികള്‍ക്ക് വിവാഹത്തോടുള്ള പ്രതിബദ്ധതയും കുട്ടികളോടുള്ള ഉത്തരവാദിത്തവും ഇല്ലെന്ന് പലരും വിമര്‍ശിച്ചു. "ആരാണ് അവരുടെ യാത്രയില്‍ കുട്ടികളെ പരിപാലിക്കുന്നത്? അവര്‍ക്ക് സ്കൂളില്‍ പോകേണ്ട ആവശ്യമില്ലേ?' എന്നാണൊരു നെറ്റിസണ് ചോദിച്ചത്.
"ഇത് സ്പര്‍ശിക്കുന്നതായി തോന്നിയേക്കാം, എന്നാല്‍ കാതലായ പ്രശ്നം രണ്ടും വളരെ ധാര്‍ഷ്ട്യമുള്ളവരാണ് എന്നതാണ്. അവരുടെ വ്യക്തിത്വം മാറാന്‍ സാധ്യതയില്ല. അവര്‍ 4,000 കിലോമീറ്ററിലധികം യാത്ര ചെയ്താലും, പരസ്പരം സ്നേഹം നിലനില്ക്കാന് സാധ്യതയില്ല'- ഒരു ഓണ്‍ലൈന്‍ കമന്ററേറ്റര്‍ അഭിപ്രായപ്പെട്ടു.
"പുറപ്പെടുന്നതിന് മുമ്പ്, ഭര്‍ത്താവ് ഭാര്യയെ പൂര്‍ണമായും പിന്തുടര്ന്നു. എന്നാല്‍ അവള് വീട്ടിലേക്ക് മടങ്ങിയ ശേഷം, ആദ്യം വീട്ടിലേക്ക് മടങ്ങാതെ നേപ്പാളിലേക്കും യൂറോപ്പിലേക്കും സൈക്കിള്‍ ചവിട്ടാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതാണോ സ്നേഹം?' എന്നാണ് മൂന്നാമന് ഉയര്‍ത്തിയ ചോദ്യം.