ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം
Wednesday, November 20, 2024 2:03 PM IST
മലകള്‍ക്കും പുഴകള്‍ക്കും ഇടയിലൂടെയും മുകളിലൂടെയും ഒക്കെ സുദീര്‍ഘമായി സഞ്ചരിച്ചാണല്ലൊ ഓരോ തീവണ്ടിയും അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഇവ കടന്നുപോകുന്ന പാതയും പാലങ്ങളുമൊക്കെ കാണുവാന്‍ ഭംഗിയുള്ളതാണെങ്കിലും അവയുടെ നിര്‍മാണം ആയാസകരമായ ഒരു പ്രക്രിയയാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലം ഏതാണെന്ന് നിങ്ങള്‍ക്കറിയാമൊ? അത് നമ്മുടെ രാജ്യത്താണുള്ളത്. ജമ്മു കാഷ്മീരിലെ റിയാസി ജില്ലയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍വേ പാലം ഉള്ളത്.
1.3 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഈ പാലം കാഷ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്ര മുതല്‍ ബനിഹാല്‍ വരെയുള്ള 111 കിലോമീറ്റര്‍ പാതയിലെ സുപ്രധാന കണ്ണിയാണ്.
1,486 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പാലം പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണുള്ളത്. മാത്രമല്ല ഈ പാലം 40 കിലോഗ്രാം വരെ ടിഎന്‍ടി സ്ഫോടനത്തെയും റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രതയുള്ള ഭൂകമ്പത്തെയും നേരിടാന്‍ ശേഷിയുള്ളതാണ്.
എഞ്ചിനീയറിംഗ് വിസ്മയമായ ചെനാബ് പാലം, മണിക്കൂറില്‍ 260 കി.മീ വരെ വേഗതയുള്ള കാറ്റിനെ അതിജീവിക്കും. 120 വര്‍ഷം ആയുസാണ് വിദഗ്ധര്‍ ഇതിന് പറഞ്ഞിട്ടുള്ളത്.
2002-ല്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചെങ്കിലും 2008-09-ല്‍ ഈ പ്രദേശത്ത് തീവ്രമായി കാറ്റ് വീശിയതിനാല്‍ റെയില്‍ യാത്രക്കാരുടെ സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിര്‍ത്തിവച്ചു. പദ്ധതി 2024-ല്‍ പൂര്‍ത്തീകരിച്ചു. ഈ വര്‍ഷം ജൂണ്‍ 20-ന് ഇന്ത്യന്‍ റെയില്‍വേ ചെനാബ് പാലത്തില്‍ എട്ട് കോച്ചുകളുള്ള മെമു ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയിരുന്നു...