കൂട്ടുണ്ടാക്കാൻ ഒരു സഹായം..!
സുരേഷ് സി. പിള്ള
Wednesday, November 20, 2024 12:47 PM IST
അടുത്തനാളിൽ ഏറ്റവും സന്തോഷിപ്പിച്ചത് സീരിയൽ താരങ്ങളായ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിവാഹ വീഡിയോ ആണ്. എന്തു രസമാണ് അവരുടെ സ്നേഹം. കുട്ടികളുടെ പിന്തുണ, നല്ല സുഹൃത്തുക്കൾ. ഞാനും ഭാര്യയും കൂടിയാണ് വീഡിയോകൾ മുഴുവനും കണ്ടത്. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സ്നേഹം.
ഏകാന്തതയിൽനിന്നു രക്ഷപ്പെട്ട്, പുതുജീവിതം അവരെ മത്തു പിടിപ്പിക്കുന്നുണ്ട്. ആ സ്നേഹം നമ്മളെയും... രണ്ടു പേർക്കും ആശംസകൾ.
മദർ തെരേസ പറഞ്ഞത് ഏറ്റവും ഭയാനകമായ ‘പട്ടിണി' എന്നാൽ അത് ഏകാന്തതയും ആരും സ്നേഹിക്കാനില്ല എന്ന തോന്നലും ആണെന്നാണ്. കൂട്ടില്ലാതെ ഇരിക്കുക, സ്നേഹിക്കാൻ ആരും ഇല്ല എന്ന തോന്നലുള്ള അവസ്ഥ വരിക, കൂട്ടിന് ആളുണ്ടെങ്കിലും ഒറ്റപ്പെടൽ അനുഭവപ്പെടുക, സാമൂഹികമായ ഒറ്റപ്പെടൽ...
ഇവയെല്ലാം ഏകാന്തതയുടെ വിശാലമായ നിർവചനത്തിൽ വരുന്നതാണ്. അനുഭവിക്കുന്നവരോട് ചോദിച്ചാൽ അതിന്റെ ഭീകരത മനസിലാകും. ഇനിയും ഒറ്റയ്ക്കായവരെ കാണുമ്പോൾ, പറയണം, പുതിയൊരു ബന്ധം തുടങ്ങൂ, ഞാൻ സഹായിക്കാം. ആ വാക്കുകൾ അവർക്ക് കൊടുക്കുന്ന ഊർജം വളരെ വലുതായിരിക്കും.
കുറച്ചു നാൾ മുൻപ് അയർലണ്ടിലെ റേഡിയോയിൽ ‘ഐവാൻ യേറ്റ്സ്' എന്ന അവതാരകൻ ‘വിധവകൾ' സാധാരണ അടുത്ത ബന്ധത്തിനായി എത്ര നാൾ കാത്തിരിക്കണം എന്നൊരു സർവേയെപ്പറ്റി പറഞ്ഞു. അദ്ദേഹം പറഞ്ഞത്, രണ്ടു വർഷം എന്നാണ്.
സാധാരണ പാശ്ചാത്യർ ശരാശരി രണ്ടു വർഷം കാത്തിരുന്ന ശേഷം പുതിയ ബന്ധത്തിലേക്ക് കടക്കുമത്രേ. വിഷമിക്കാനായി രണ്ടോ മൂന്നോ വർഷം, അതുപോരെ? ജീവിതം പിന്നെയും മുന്നോട്ടു കിടക്കുകയല്ലേ. ഒരു പങ്കാളി ഉണ്ടെങ്കിൽ ജീവിതം കൂടുതൽ മനോഹരമാണ്. അല്ലേ? അതിൽ ആർക്കും എതിരഭിപ്രായം ഇല്ലല്ലോ?
അപ്പോൾ ഒരു സമൂഹത്തിന് ചെയ്യാവുന്നത് വിധവകളെ/ബന്ധം പിരിഞ്ഞവരെ രണ്ടാമത് ഒരു ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ സഹായിക്കുകയാണ്. അതിനു കഴിഞ്ഞാൽ അതൊരു വലിയ പുണ്യ പ്രവർത്തി ആയിരിക്കും. ജീവിതം മുന്നോട്ടു പോകാനുള്ളതാണ്, മുന്നോട്ടു മാത്രം.
നിങ്ങളുടെ ആരെങ്കിലും ഒറ്റപ്പെട്ടവരുണ്ടെങ്കിൽ തീർച്ചയായും അവരോടും പറയണം ഒരു പുതിയ ബന്ധം തുടങ്ങാൻ. കഴിയുമെങ്കിൽ അവരെ സഹായിക്കുകയും ചെയ്യണം. ഒറ്റയ്ക്കായവരോട് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരം അവർക്കൊരു കൂട്ട് കാണിച്ചു കൊടുക്കുകയാണ്. അല്ലെങ്കിൽ മിനിമം അവരോട് പറയണം ‘നിങ്ങൾ ഒരു ബന്ധം തുടങ്ങൂ, പിന്തുണയ്ക്കായി ഞാൻ കൂടെ ഉണ്ടാവും’ ആ വാക്കുകളാവും അവരുടെ മുന്നോട്ടുള്ള ജീവിതത്തിന്റെ ഊർജം.