സോഷ്യല്‍ മീഡിയ സ്റ്റാര്‍ അപ്പളമ്മ; എഴുപതാം വയസിലും തകര്‍ത്തഭിനയിക്കുന്നു
Wednesday, November 20, 2024 11:48 AM IST
സാധാരണ വയസ് അറുപത് ആയാല്‍ ആളുകള്‍ ഒതുങ്ങിക്കൂടും. പലരും പിന്നെ യാത്രകള്‍ പോലും കുറയ്ക്കും. മറ്റ് ചിലര്‍ ആരോഗ്യപ്രശ്നങ്ങളില്‍ കുടുങ്ങും. എന്നാല്‍ എല്ലാ വയോധികരും അങ്ങനെയല്ല. പ്രായമൊക്കെ സംഖ്യ എന്ന് തെളിയിക്കുന്ന ഒട്ടനവധിപേരുണ്ട്.
അക്കൂട്ടത്തിലൊരാളാണ് അപ്പളമ്മ. തന്റെ 70-ാം വയസില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി തിളങ്ങുകയാണിവര്. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ കവിടി മണ്ഡലത്തിലെ പെഡ്ഡ കാരിവാണി എന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള ആളാണ് അപ്പളമ്മ.
തന്റെ പ്രായത്തിലുള്ള പലരും നടക്കാനോ ഇരിക്കാനോ ചലിക്കാനോ ബുദ്ധിമുട്ടുമ്പോള്‍ ഈ മുത്തശ്ശി തന്റെ ചെറുമകന് ശിവയ്ക്കൊപ്പം റീലുകള്‍ ചെയ്ത് ആരാധകരെ നേടുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഇവരുടെ വീഡിയോയില്‍ കൂടുതലും സിനിമാ രംഗങ്ങള്‍ അനുകരിക്കുന്നതാണുള്ളത്.
പവന് കല്യാണ്‍, മഹേഷ് ബാബു, പ്രഭാസ് തുടങ്ങിയ തെലുങ്ക് സിനിമാ താരങ്ങളുടെ ഡയലോഗുകള്‍ പറയുക മാത്രമല്ല, അവരുടെ ആക്ഷനുകള്‍ അനുകരിക്കുകയും വില്ലന്മാരോട് പോരാടി ജയിക്കുകയും ചെയ്യുന്നു നമ്മുടെ അപ്പളമ്മ.
മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ട അപ്പളമ്മ ഭര്‍ത്താവ് നാട്ടിലെ കുളങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന മീന്‍ വിറ്റ് ഉപജീവനം നടത്തിയിരുന്നു. അവര്‍ക്ക് രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്. മക്കളുടെ വിവാഹത്തിന് ശേഷം അവര്‍ വീട്ടില്‍ ഒതുങ്ങി. അന്നേരമാണ് ചെറുമകന് ശിവ അപ്പളമ്മയുമായി ചേര്‍ന്ന് രസകരമായ വീഡിയോകള്‍ സൃഷ്ടിക്കാന്‍ ആരംഭിച്ചത്.
സിനിമയിലെ സംഭാഷണങ്ങളും സംഘട്ടന രംഗങ്ങളും അനുകരിക്കുന്ന അപ്പളമ്മയുടെ വീഡിയോകള്‍ അതിവേഗം വൈറലായി. മൂന്ന് വര്‍ഷം മുമ്പ്, അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഔദ്യോഗികമായി ആരംഭിച്ചു.
അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും അപ്പളമ്മയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ "അപ്പളമ്മ'യുടെ സമാരംഭത്തിലേക്ക് നയിച്ചു.
എന്തിനാണ് ഈ പ്രായത്തിലും സംഘട്ടന രംഗങ്ങള്‍ അഭിനയിക്കുന്നതെന്ന് സമപ്രായക്കാര്‍ ചോദിച്ചപ്പോള്‍ അപ്പളമ്മയുടെ മറുപടി ഇങ്ങനെ: "എന്റെ കൊച്ചുമകന്റെ സന്തോഷത്തിനായി ഞാന്‍ സൃഷ്ടിക്കുന്ന വീഡിയോകള്‍ കണ്ട് ലോകം മുഴുവന്‍ ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അവന്റെ സന്തോഷത്തിന് കാരണമായതില്‍ ഞാന്‍ സന്തോഷിക്കുന്നു' എന്നായിരുന്നു.
എഴുപതാം വയസില്‍ റീലിനായി മണലില്‍ ഓടുന്നതും ചാടുന്നതും അപ്പളമ്മയ്ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും മുറിവേല്‍ക്കുകയും ശരീരവേദന അനുഭവിക്കുകയും വേദന സഹിക്കുകയും ചെയ്യുന്നു. ഈ അര്‍പ്പണബോധവും സഹിഷ്ണുതയും അവരെ അനേകര്‍ക്ക് പ്രചോദനമാക്കിത്തീര്ക്കുന്നു. സന്തോഷം പിന്തുടരുന്നതിനും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതിനും പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് അപ്പളമ്മ...