പ്രണയത്തിനായി പ്രതിവാര യാത്രകള്‍; അതും രാജ്യാതിര്‍ത്തി താണ്ടി
Tuesday, November 19, 2024 3:46 PM IST
പ്രണയിതാക്കള്‍ തമ്മില്‍ ദിനവും കണ്ടുമുട്ടുന്നത് സാധാരണ കാര്യമാണല്ലൊ. സാഹചര്യം പന്തിയല്ലെങ്കില്‍ ചിലര്‍ വല്ലപ്പോഴും തമ്മില്‍ കാണും. മൊബൈല്‍ ഫോണ്‍ ഉള്ളതിനാല്‍ പലരും നേരിട്ടുള്ള കാഴ്ചകള്‍ കുറയ്ക്കും.
എന്നാല്‍ ചൈനയിലുള്ള ഒരു യുവാവിന്റെ പ്രണയ യാത്രകള്‍ നെറ്റിസണ്‍സിനെ അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം പഠനത്തിനും പ്രണയത്തിനും ഇടയില്‍ അനവധി യാത്രകളാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്.
പറഞ്ഞുവരുന്നത് 28 കാരനായ സു ഗുവാംഗ്ലിയുടെ കാര്യമാണ്. ഈ ചൈനാക്കാരന് ഓസ്ട്രേലിയയിലെ മെല്‍ബണിലെ ആര്‍എംഐടി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. അദ്ദേഹം ആര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം പഠിക്കുകയായിരുന്നു.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍വരെ ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഈ സമയം ഗുവാംഗ്ലിയുടെ കാമുകി പഠനം കഴിഞ്ഞ് നാട്ടില്‍ എത്തിയിരുന്നു. കാമുകിക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇദ്ദേഹം ഒരുവഴി കണ്ടെത്തി. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഇദ്ദേഹം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്തു.
അതായത് ഒരു ദിവസം രാവിലെ ഏഴിന് ചൈനയിലെ ദെഷൗവില് നിന്നും ഇദ്ദേഹം യാത്ര തിരിക്കും. വിമാനം പിടിക്കാന്‍ ജിനാനിലേക്ക് പോകും. അങ്ങനെ മെല്‍ബണില്‍ എത്തും. പിറ്റേന്ന് ക്ലാസ് അറ്റന്‍ഡ് ചെയ്യും. മൂന്നാംദിവസം നാട്ടിലേക്ക് വിമാനത്തില്‍ മടങ്ങും.
ഇത്തരത്തില്‍ ഒരു പ്രതിവാര ക്ലാസില്‍ പങ്കെടുക്കാന്‍ ഈ യുവാവ് 11 ആഴ്ച യാത്ര നടത്തിയത്രെ. അവസാന സെമസ്റ്റര്‍ ആയതിനാല്‍ താന്‍ ക്ലാസ് കളയാന്‍ ആഗ്രഹിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കുറേ നാളിന് ശേഷം നാട്ടിലെത്തിയ കാമുകിയെ കാണാതിരിക്കാന്‍ കഴിയുന്നില്ലെന്നും അുദ്ദഹം പറഞ്ഞു. അതിനാലാണത്രെ ഇത്തരത്തില്‍ യാത്ര തിരിച്ചത്.
ലക്ഷക്കണക്കിന് രൂപയേക്കാള്‍ സ്നേഹത്തെ മതിച്ച ആ കാമുകനെ പലരും വാഴ്ത്തി. എന്നാല്‍ സ്നേഹിക്കുന്നവര്‍ എന്നും ഇത്തരത്തില്‍ കാണണമെന്ന നിര്‍ബന്ധമില്ലെന്ന് മറ്റ് ചിലരും അഭിപ്രായപ്പെട്ടു.