"മെമ്മറി ബാങ്ക്’ കാലിയായി തുടങ്ങിയോ..?
കൃഷ്ണൻ രാംദാസ്
Tuesday, November 19, 2024 9:25 AM IST
ചിലപ്പോഴെങ്കിലും ചിലതെങ്കിലും മറന്നുപോകുന്നുണ്ടോ? ഇതെന്റെ ഭാര്യയാണ്, അമ്മയാണ്, അച്ഛനാണ്, മകനാണ്, മകളാണ്, കൊച്ചുമക്കളാണ് തുടങ്ങിയ ഓർകൾ കൂടുവിട്ട് കൂടുമാറുന്നുണ്ടോ? മറവി എന്ന സത്യം ഭയാശങ്കകൾ ഉണർത്തുന്നുണ്ടോ? ഓർമകളില്ലാതെ വരുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കാൻ പോലും ഭയമാണ്.
ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീൻ (എച്ച്ഡിഎൽ) എന്നു കേട്ടിട്ടുണ്ടാവും. നല്ല കൊളസ്ട്രോൾ എന്നു വിളിക്കുന്ന ഇത് തലച്ചോറിന് ഏറ്റവും പ്രധാനമായ ഒരു സംഗതിയാണ്. നാഡീഞരമ്പുകൾ എന്ന് പറയാവുന്ന ന്യൂറോണുകളുടെ സംരക്ഷണ കവചം തീർത്തെടുക്കാനും കേടുപാടുകൾ തീർത്ത് നിലനിർത്താനും എച്ച്ഡിഎൽ കൂടിയേ തീരൂ.
തലച്ചോറിലെ എച്ച്ഡിഎലിന്റെ 70ശതമാനത്തിലധികം മയലിൻ ഷീത്ത് എന്നറിയപ്പെടുന്ന കവചത്തിലാണ് കുടികൊള്ളുന്നത്. എച്ച്ഡിഎൽ താഴ്ന്നു നിൽക്കുന്നത് ആൽസ് ഹൈമേഴ്സ് തുടങ്ങിയ മറവി രോഗാവസ്ഥകൾക്ക് പ്രധാന കാരണമാണ്.
എച്ച്ഡിഎൽ ഉയർത്താൻ നെല്ലിക്ക, മുരിങ്ങയില എന്നിവ സഹായിക്കും. കൈവീശി നടന്നാൽത്തന്നെ എച്ച്ഡിഎൽ നില ഉയരും. എന്തൊക്കെ വ്യായാമം ചെയ്താലും ഇല്ലെങ്കിലും ദിവസം 10-20 മിനിറ്റ് നടക്കണം. രാത്രി 6-7 മണിക്കൂർ നന്നായുറങ്ങണം.
തലച്ചോറിന് വ്യായാമം വേണം. അതിനായി സുഡോക്കു കളിക്കാം. വലതുകൈ കൊണ്ടു മാത്രം ചെയ്തു ശീലിച്ച കാര്യങ്ങൾ ഇടതുകൈകൊണ്ട് ചെയ്തുനോക്കാം. കണ്ണടച്ച് കുളിക്കാം. ഇതൊക്കെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം വലിയ വ്യായാമങ്ങളാണ്. ഒരു ദിവസം ഒരു പേജ് എങ്കിലും വായിക്കണം. ധ്യാനം വളരെ നല്ലത്. സംഗീതം ആസ്വദിക്കാം. ദിവാസ്വപ്നങ്ങൾ കാണാം.
ചില പ്രോട്ടീനുകൾ കട്ടപിടിച്ചും മറ്റു ചില പ്രോട്ടീനുകൾ പൊടിഞ്ഞും തലച്ചോറിനെ ബാധിക്കുന്ന പ്രമേഹമായി മാറി 15-20 വർഷം കൊണ്ട് പൂർണത കൈവരിക്കുന്ന മറവിരോഗമാണ് ആൽസ് ഹൈമേഴ്സ്. അതിനുവേണ്ടതായ ജീനുകൾ പാരമ്പര്യമായി ഉണ്ടെങ്കിലും ഹിതവും യുക്തവുമായ ജീവിതശൈലിയിലൂടെ ഈ രോഗത്തെ അകറ്റിനിർത്താനാവും.
മഞ്ഞളിലെ കുർക്യുമിൻ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വിഭവങ്ങൾ, പോഷകങ്ങൾ (ഫ്ളാക്സ് വിത്തുകൾ), മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും, ധാരാളം ശുദ്ധജലം, തലച്ചോറിന് ഊർജം കുറയാതിരിക്കാൻ വെർജിൻ കോക്കനട്ട് ഓയിൽ എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. എത്രയും നേരത്തെ ചെയ്യുമോ അത്രയും നന്ന്. 45-50 വയസിൽ തുടങ്ങാനായാൽ ഏറെ നന്ന്.
വന്നിട്ട് നോക്കാം എന്ന ചിന്ത നല്ലതല്ല. പ്രായമേറുമ്പോൾ ഇങ്ങനെയൊക്കെയാണെന്നു കരുതുന്നതും ശരിയല്ല. ഓർമക്കൂട് അകാലത്തിൽ ഒഴിഞ്ഞുപോകാതിരിക്കാൻ അൽപം കരുതൽ കാട്ടാം.