അത്രനാള്‍ കണ്ടത് അമ്മയെ ആണത്രെ; ഒരു മധുരനൊമ്പരക്കഥ
Saturday, November 16, 2024 11:06 AM IST
അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് എത്ര വേണ്ടപ്പെട്ടവര്‍ ആണെന്ന് പറയേണ്ടതില്ലല്ലൊ. വളരുമ്പോഴും അതൊരു വിളക്ക് തന്നെയാണ്. എന്നാല്‍ ചിലര്‍ക്ക് പല കാരണങ്ങളാല്‍ തങ്ങളുടെ ചെറുപ്പത്തില്‍തന്നെ അമ്മയെ നഷ്ടമാകും.
ചിലര്‍ പിന്നീടൊരിക്കലും ആ അമ്മയെ കാണണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം അവരെ കണ്ടെത്താന്‍ കഴിയും. ആ കണ്ടുമുട്ടല്‍ ലോകത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളില്‍ ഒന്നുതന്നെയാണ്.
എന്നാല്‍ ഈ കഥയിലെ കണ്ടുമുട്ടല്‍ അല്പം വേറിട്ടതാണ്. കാരണം ഒരുവിധത്തില്‍ ഇതൊരു തിരിച്ചറിയല്‍ മാത്രമാണ്. സംഭവം അമേരിക്കയിലെ ചിക്കാഗോയിലാണ്. സൗത്ത് ഷോറിലെ വാമര്‍ ഹണ്ടര്‍ ആണ് ഈ കഥയിലെ മകന്. നിലവില്‍ 50 വയസുള്ള ഇദ്ദേഹം തന്റെ 35-ാം വയസില്‍ താന്‍ ഒരു ദത്ത്പുത്രനാണെന്ന് തിരിച്ചറിഞ്ഞു.
അതോടെ അദ്ദേഹം സ്വന്തം മാതാപിതാക്കളെ കുറിച്ചുള്ള തിരച്ചില്‍ ആരംഭിച്ചു. ജനിതക പരിശോധനയ്ക്കായി ഒരു സാമ്പിള്‍ അദ്ദേഹം അധികൃതരെ ഏല്പിച്ചു. "ഗിവ് മീ സം സുഗ' എന്നൊരു ബേക്കറിയിലെ നിത്യസന്ദര്‍ശകനായിരുന്നു വാമര്‍. ലെനോര്‍ ലിന്‍ഡ്സെ എന്നൊരു വയോധികയായിരുന്നു അതിന്റെ ഉടമ. അവിടെയൊരു ചായയും കുടിച്ച് ഇദ്ദേഹം തന്റെ അമ്മ ആരെന്ന് തിരഞ്ഞുകൊണ്ടേയിരുന്നു.
2022ൽ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ജനിതക വംശശാസ്ത്രജ്ഞനായ ഗബ്രിയേല വര്‍ഗാസ് ഒരു കാര്യം കണ്ടെത്തുകയുണ്ടായി. അതായത് വാമര്‍ എന്നും വന്നിരിക്കുന്ന ബേക്കറിയുടെ ഉടമ ലിന്‍ഡ്സെ അവന്റെ ജന്മമാതാവാണത്രെ. വിവരംകേട്ട് വാമര്‍ ശരിക്കും ഞെട്ടി.
ആ സമയത്ത് ലിന്‍ഡ്സെ സ്തനാര്‍ബുദ ശസ്ത്രക്രിയ നടത്തി വിശ്രമത്തില്‍ ആയിരിക്കുകയായിരുന്നു. അദ്ദേഹം ബേക്കറിയില്‍ നിന്നും ലിന്‍ഡ്സയെ വിളിച്ചു. തന്റെ സ്ഥിരം കസ്റ്റമറുടെ ശബ്ദം ലിന്‍ഡ്സെ ഉടനടി തിരിച്ചറിഞ്ഞു.
ആ ആള് തന്റെ മകനായിരുന്നു എന്നത് കേട്ടപ്പോള്‍ അവരും ഞെട്ടി. അവര്‍ ഫോണില്‍ നിലവിളിക്കാന്‍ തുടങ്ങി. ഏറ്റവും ഞെട്ടിച്ചത് ഇത്ര നാളും കണ്ടിട്ടും തങ്ങളിത് മനസിലാക്കിയില്ല എന്നതാണ്.
1974-ല്‍ ആണ് ഹണ്ടറിന് ലിന്‍ഡ്സെ ജന്മം നല്‍കിയത്. അന്നവര്‍ക്ക് പ്രായം 17. കുടുംബത്തിന്റെ മോശം അവസ്ഥ കാരണം അവര്‍ക്ക് തന്റെ മകനെ ദത്തുനല്കേണ്ടി വന്നു. അത് ഹൃദയഭേദകമായിരുന്നു എന്ന് അവര്‍ പറയുന്നു. ഈ അമ്മയുടെയും മകന്റെയും കണ്ടുമുട്ടല്‍ നെറ്റിസണ്‍സിനെയും സന്തോഷിപ്പിച്ചു.
നിലവില്‍ ഹണ്ടര്‍ ഇപ്പോള്‍ അമ്മയ്ക്കൊപ്പം ബേക്കറി നടത്തുകയാണ്. വിരമിച്ചുകഴിഞ്ഞാല്‍ അത് തന്റെ മക്കള്‍ക്ക് കൈമാറണമെന്ന് അദ്ദേഹം പറയുന്നു. എന്തായാലും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം സ്വന്തം അമ്മയും ഇപ്പോള്‍ ഉണ്ട്...