തല കൊഴിയുന്നതിനേക്കാൾ നല്ലതല്ലേ മുടി കൊഴിയുന്നത്..!
കൃഷ്ണൻ രാംദാസ്
Friday, November 15, 2024 12:45 PM IST
തല എവിടെയെങ്കിലും ഇടിക്കുമ്പോഴും മുട്ടുമ്പോഴും ഉണ്ടാകുന്ന പ്രഷർ തലച്ചോറിനു വലിയ കേടുപാടുകളും ചിലപ്പോൾ മരണം വരെയും സംഭവിപ്പിക്കാൻ പോന്നവയാണ്. ഇരുചക്രവാഹനത്തിൽനിന്നു വീഴുന്നവന്റെ തലയോട്ടി തകർന്നുപോകാതിരിക്കാൻ ഗുണനിലവാരമുള്ള ഹെൽമെറ്റ് തന്നെ വേണം.
ധരിച്ചാൽ മാത്രം പോരാ അതിന്റെ ചിൻ സ്ട്രാപ് ശരിയായി മുറുക്കിയിട്ടുണ്ടാകണം. സീറ്റ് ബെൽറ്റ് ധരിക്കുന്നതിനും സമാനമായ പ്രാധാന്യമുണ്ട്. ഇവിടം വരെയേ പോകുന്നുള്ളൂ, ശ്രദ്ധിച്ച് സാവകാശമാണ് ഓടിക്കുന്നത്, ഇന്ന് ഹർത്താലായതിനാൽ റോഡിൽ അധികം വണ്ടികളുണ്ടാവില്ല തുടങ്ങിയ ഒഴിവുകഴിവുകളൊന്നും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കാനുള്ള കാരണമാകരുത്.
ജീവിതം തകർന്നുപോകാൻ തലച്ചോർ തകരണമെന്നില്ല, നന്നായൊന്നു കുലുങ്ങിയാലും മതിയാകും. അതുകൊണ്ടുതന്നെ വാഹനയാത്രയിലും കാൽനടയാത്രയിലും മാത്രമല്ല, വീട്ടിലടക്കം എവിടെയായാലും തലയുടെ കാര്യത്തിൽ ശ്രദ്ധ വേണം.
പ്രായമായാലും ഇല്ലെങ്കിലും ഉയരത്തിലിരിക്കുന്ന സാധനങ്ങൾ എടുക്കുന്പോഴും ഉയത്തിൽ വയ്ക്കുന്പോഴും മറിഞ്ഞു വീഴാതെ നോക്കണം. ഇത്തരം സാഹചര്യങ്ങളിൽ കസേരയും ബക്കറ്റും ചിരവത്തടിയും പോലുള്ളവ ഉപയോഗിക്കുന്നതുകൊണ്ടാണ് പല വീഴ്ചകളും സംഭവിക്കുന്നത്. കുളിമുറിയിൽ വളരെ സൂക്ഷിച്ചു നീങ്ങണം, പ്രത്യേകിച്ച് പ്രായമുള്ളവർ.
കുഞ്ഞുങ്ങളെ ശക്തിയായി കുലുക്കുക, മുകളിലേക്ക് ഉയർത്തി താഴേക്കിട്ടു പിടിക്കുക തുടങ്ങിയ വിനോദങ്ങളിൽ ഒരിക്കലും ഏർപ്പെടരുത്. കുഞ്ഞു ചിരിക്കുന്നുണ്ടാകാം. അത് വേണ്ട, അപകടം ക്ഷണിച്ചു വരുത്തലാണത്.
കുട്ടികൾ ഗോവണിയിലൂടെ ചാടിയിറങ്ങുമ്പോഴും കൈവരികളിലൂടെ ഊർന്നിറങ്ങുമ്പോഴും പറഞ്ഞു മനസിലാക്കി നിരുത്സാഹപ്പെടുത്തുക. സൈക്കിൾ ഓടിക്കുമ്പോഴും കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഹെൽമെറ്റ് വച്ചാൽ തലമുടി കൊഴിയുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. തല കൊഴിയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതല്ലേ മുടി കൊഴിയുന്നത്? ഇനി ഹെൽമെറ്റ് ധരിച്ചാൽ മുടി കൊഴിയുമെങ്കിൽ സച്ചിൻ ടെൻഡുൽക്കറുടെയും മറ്റും തലയിൽ മുടിയേ ഉണ്ടാകുമായിരുന്നില്ലല്ലോ.
തലച്ചോർ മാറ്റിവയ്ക്കൽ വിജയകരമായി ചെയ്തിട്ടുള്ളതായി ഇതുവരെ അറിയില്ല. അതുകൊണ്ടുതന്നെ തലച്ചോറിന് തകരാർ സംഭവിക്കാതിരിക്കാൻ കരുതൽ കാട്ടുക. പരിക്കേറ്റ് കിടക്കുന്പോൾ ചുറ്റുമാളുകൾ വന്നുനിന്നു വാഴ്ത്തുപാട്ടുകൾ പാടുന്നത് കേൾക്കേണ്ടി വരുന്നതിനേക്കാൾ എത്രയോ ഭേദമാണ് കരുതലിന്റെ കാര്യത്തിലുള്ള ഒരൽപ്പം അസ്വസ്ഥത?