പ്രേതാലയമല്ല, നീതിപാലകരുടെ പഴയ താവളമാണ്
ഡൊമിനിക് ജോസഫ്
Thursday, November 14, 2024 12:43 PM IST
കാടിനു നടുവിൽ ഇടിഞ്ഞ് പൊളിഞ്ഞുവീഴാറായ ഒരു കെട്ടിടമുണ്ട്. പഴയ സിനിമകളിലെ പ്രേതാലയം പോലെ തോന്നിക്കുന്ന ഈ സ്ഥലം ഒരുകാലത്ത് പ്രതാപത്തോടെ തലയുയർത്തി നീതി നടപ്പിലാക്കിയിരുന്ന കെട്ടിടവും സ്ഥലവുമാണ്.
ഒരു പതിറ്റാണ്ടോളം നീതിപാലകർ കൃത്യനിർവഹണം നടത്തിയിരുന്ന പോലീസ് സ്റ്റേഷനാണ് ഇന്ന് പ്രേതാലയംപോലെ കിടക്കുന്നത്.
മാന്നാറിലെ ഈ പഴയ പോലീസ് സ്റ്റേഷൻ പരിസരത്തുകൂടി പകൽപോലും സഞ്ചരിക്കാൻ നാട്ടുകാർക്കു പേടിയായിരിക്കുകയാണ്. മാന്നാർ ടൗണിന്റെ ഹൃദയഭാഗത്ത് പോസ്റ്റോഫീസ്, മാന്നാർ കെഎസ്ഇബി ഓഫീസ്, തൃക്കുരട്ടി മഹാദേവർ ക്ഷേത്രം എന്നിവയ്ക്കു വടക്കുവശത്താണ് കാടുപിടിച്ചു ഈ പഴയ പോലീസ് സ്റ്റേഷൻ.
ചുറ്റുമതിൽ തകർന്നുകിടക്കുന്ന ഇതിന്റെ പരിസരത്തുകൂടി നാട്ടുകാർക്കു സഞ്ചരിക്കാൻ കഴിയാത്തവിധം തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. തൊണ്ടി മുതലടക്കം നിരവധി വാഹനങ്ങൾ ഇവിടെ കാടുകയറി കിടപ്പുണ്ട്.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ പഴക്കമുള്ള കെട്ടിടത്തിനു സമീപ സ്ഥലത്തുതന്നെ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് 2014 ഫെബ്രുവരി 25നു പോലീസ് സ്റ്റേഷൻ മാറ്റി പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട പൊളിഞ്ഞുവീഴാറായ ഈ പഴയകെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആഭ്യന്തര വകുപ്പ് പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പത്തുവർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
1994 ലാണ് മാന്നാര്‍, എടത്വ, വീയപുരം എന്നീ സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസ് ആരംഭിച്ചത്. തുടക്കത്തില്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കിള്‍ ഓഫീസ് പിന്നീട് പുതിയ കെട്ടിടത്തിലേക്കു മാറി.
പുതിയ കെട്ടിടം നിർമിച്ചില്ലെങ്കിലും പഴയ കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കി തെരുവ്നായ്ക്കളിൽനിന്നും ഇഴജന്തുക്കളിൽനിന്നും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.