പിണക്കശേഷമുള്ള ഇണക്കം വൈകരുത്..!
വിനീത ശേഖർ
Wednesday, November 13, 2024 3:07 PM IST
എന്താണെന്ന് അറിയില്ല, പിണങ്ങിയാൽ എനിക്ക് അരമണിക്കൂറിൽ കൂടുതൽ ആരോടും മിണ്ടാതിരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് അത്രമേൽ പ്രിയപ്പെട്ടവരോട്.വഴക്കിടുമ്പോൾ എന്തൊക്കെയാ വിളിച്ചു പറയുന്നതെന്ന് ഓർത്തിട്ടു പിന്നീട് ഒരു സമാധാനവും കിട്ടില്ല. പിന്നെ ഇരുന്നൊരാലോചനയാണ്. അയ്യോ.. അങ്ങനെ പറയരുതായിരുന്നു.. അവർക്ക് സങ്കടമായി കാണും...
പിന്നെ, വേറൊരു ആലോചനയുണ്ട്. അവരെന്നോട് എന്തൊക്കെ പറഞ്ഞു, എന്നാലും അങ്ങനെ പറയാമോ, ഇതൊക്കെ അവരുടെ മനസിലുണ്ടായിരുന്നോ, അപ്പോൾ സംസാരിക്കാൻ പോകുവേ വേണ്ട, അതാണു നല്ലത്...
ഇങ്ങനെ ഓരോന്നിരുന്നു ചിന്തിച്ചു കൂട്ടി തല പെരുക്കും. ഹൃദയത്തിൽ ഒരു മുട്ടൻ പാറക്കല്ലെടുത്തു വച്ചപോലൊക്കെ തോന്നും. പിന്നെ ആകെയൊരു വിമ്മിഷ്ടം. കൈയൊക്കെ തണുക്കും.
ചെറുപ്പത്തിൽ ഞാനും അനിയത്തിയും തമ്മിൽ നാഴികയ്ക്ക് നാല്പത് വട്ടം വഴക്കിടുമായിരുന്നു. അവളെന്റെ അലുമിനിയം പെട്ടി ഞാനറിയാതെ തുറക്കും. മുഴുവൻ വാരിവലിച്ചു താഴെയിടും. സൂക്ഷിച്ചു വച്ചിരിക്കുന്ന വളപ്പൊട്ടുകൾ, മഞ്ചാടിമണികൾ, അവധിക്കു മാല കൊരുക്കാൻ വച്ചിരിക്കുന്ന മുത്തുകൾ... എല്ലാം എടുത്തു തിരിച്ചും മറിച്ചും നോക്കും. സിഗരറ്റ് കൂടിന്റെ കവർ വച്ച് ഞാനുണ്ടാക്കിയ ചിത്രങ്ങളെല്ലാം എടുത്ത് നാശമാക്കും.
എന്റെ അനക്കം കേട്ടാൽ അവളത് ധൃതിയിൽ തിരികെ വയ്ക്കാൻ നോക്കും. കഷ്ടകാലത്തിനു ഞാൻ കണ്ടുപിടിക്കും. പിന്നെ അടിയായി. ഞാനവളുടെ നീണ്ട മുടിയിൽ പിടിച്ചുവലിക്കും. അവളെന്നെ മാന്തും... കടിക്കും... വേദനിച്ചില്ലെങ്കിലും അവൾ വലിയ വായിൽ കിടന്നു കരയും.
ബഹളം കേട്ട് എങ്ങാണ്ടുനിന്ന് അമ്മ പ്രത്യക്ഷപ്പെടും. "ഇവിടെ രണ്ടെണ്ണമുണ്ട്.. സ്വസ്ഥത തരില്ല...അച്ഛൻ ഇങ്ങുവരട്ടെ...’ അമ്മയ്ക്കെന്തറിയാം, അച്ഛൻ ഞങ്ങളെ ഒന്നും ചെയ്യില്ല.. വേണോങ്കി പറയാൻ ചെല്ലുന്ന അമ്മയ്ക്ക് കിട്ടും വഴക്ക്.
രാത്രിയാകുന്പോൾ നല്ല ഗാനമേളയൊക്കെ നടത്തി അവൾ യേശുദാസും ഞാൻ ജാനകിയുമാകും. എന്നിട്ട് ഞങ്ങൾ ഒരേ കട്ടിലിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. അതായിരുന്നു ഞങ്ങൾ. വഴക്ക്.. അടി.. ബഹളം.. അരമണിക്കൂർ കഴിഞ്ഞ് ശുഭം..
വാക്കുകൾകൊണ്ടു വല്ലാതെ മുറിവേൽപ്പിക്കുന്ന ചിലരൊക്കെ എല്ലാവരുടെ ജീവിതത്തിലും കാണും. ഒരു പരിധിയിൽ കൂടുതൽ അവരുമായി ചങ്ങാത്തം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നാറുണ്ട്. അത് പിണങ്ങിയിട്ടല്ല. അവരുടെ സംസാരരീതി അതാവും. അവരുമായി ടാലിയാകാൻ നമുക്ക് കഴിയില്ല എന്നേയുള്ളു.
എന്റെ വാക്കുകൾ മുറിപ്പെടുത്തിയെങ്കിൽ സോറി... ഞാൻ അങ്ങനെ കരുതി പറഞ്ഞതല്ല എന്നൊക്കെ ഒരുപാടു പേരോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിണക്കത്തിനുശേഷമുള്ള ഇണക്കങ്ങൾ സ്വല്പം വേഗത്തിൽ ആക്കുന്നതാണു നല്ലതെന്നു തോന്നാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, പിണക്കം തീരും മുൻപേ അവരിലാരെങ്കിലും മരിച്ചുപോയാൽ അതൊരു വലിയ വേദനയായി മനസിൽ അവശേഷിക്കുകതന്നെ ചെയ്യും.