"പൂങ്കോഴി ഹോട്ടല്‍'; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍
Monday, November 11, 2024 9:52 AM IST
വ്യാപാരം എന്നാലെ മറുവശത്ത് മത്സരം കാണുമല്ലൊ. മുന്നേറാന്‍ വേറിട്ട ഐഡിയകള്‍ ബിസിനസുകാര്‍ ആലോചിക്കും. അവയില്‍ പലതും ആളുകളില്‍ വലിയ കൗതുകം ജനിപ്പിക്കും. ഫിലിപ്പീന്‍സില്‍ ഉള്ള ഒരു ഹോട്ടല്‍ കൗതുകം ജനിപ്പിക്കുക മാത്രമല്ല ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.
നെഗ്രോസ് ഓക്സിഡന്റലില് സ്ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍, "കോഴിയുടെ ആകൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം' എന്ന ഗിന്നസ് റിക്കാര്‍ഡ് ആണ് നേടിയത്. റിക്കാര്‍ഡോ കാനോ ഗ്വാപോ ടാന്റെ പ്രൊജക്റ്റാണ് 39 അടി ഉയരമുള്ള ഈ ഹോട്ടല്‍.
114 അടി ഉയരമാണു ഇതിനുള്ളത്. 39 അടി ഒമ്പത് ഇഞ്ച് വീതിയും 92 അടി അഞ്ച് ഇഞ്ച് നീളവുമാണ് ഇതിനുള്ളത്. ഈ ഹോട്ടലില്‍ 15 മുറികളുണ്ട്. എയര്‍ കണ്ടീഷണറുകള്‍, വലിയ ടെലിവിഷന്‍ ഡിസ്പ്ലേകള്‍ എന്നിവയുള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങളുള്ളതാണ് ഈ ഹോട്ടല്‍.
ഈ വര്‍ഷം ആദ്യം സെപ്റ്റംബറിലാണ് ഹോട്ടല്‍ റിക്കാര്‍ഡ് നേടിയത്. ഹോട്ടലിന്റെ വിശേഷങ്ങള്‍ നെറ്റിസണ്‍സും പങ്കുവയ്ക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ ചിത്രങ്ങളും മറ്റും പ്രത്യക്ഷപ്പെട്ടു. നിരവധി കമന്റുകള്‍ ചിത്രങ്ങള്‍ക്ക് ലഭിച്ചു. "അഭിനന്ദനങ്ങള്‍! രസകരമായ റിക്കാര്‍ഡാണ്' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.