"കണ്കെട്ടില്ലതെ'നീതിദേവത; വേറേയും മാറ്റങ്ങള്‍
Thursday, October 17, 2024 2:38 PM IST
കോടതിയില്‍ പോയവര്‍ക്കും എന്തിന് സിനിമയില്‍ കോടതി രംഗങ്ങള്‍ കണ്ടവര്‍ക്കും ഒരുപോലെ മനസില്‍ നില്ക്കുന്ന ഒന്നാണ് നീതിദേവതയുടെ പ്രതിമ. സാധാണയായി ഒരു കൈയില്‍ വാളും പിടിച്ച് കണ്ണ് മൂടി നില്ക്കുന്ന പ്രതിമ ആയിരിക്കുമല്ലൊ മനസിൽ വരിക.
ഇതുവരെ, നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരുടെയും തുല്യതയെ പ്രതിനിധീകരിക്കുന്നതിനായിട്ടാണ് കണ്ണ് കെട്ടിയിരുന്നത്. എന്നാല്‍ കണ്ണടയ്ക്കാത്ത പുതിയ പ്രതിമ സുപ്രീം കോടതിയില്‍ ഇപ്പോള്‍ അനാച്ഛാദനം ചെയ്തു.
"നിയമം അന്ധമല്ല' എന്നും എല്ലാവരും കാണണമെന്നും പറഞ്ഞ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കൊളോണിയല്‍ നിയമങ്ങളുടെ വെളിച്ചത്തില്‍ നീതി നടപ്പാക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജഡ്ജിമാരുടെ ലൈബ്രറിയില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്ക് പരമ്പരാഗത പ്രതിനിധാനങ്ങളില്‍ വേറേയും ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പ്രതിമയുടെ ഇടതുകൈയില്‍ ഇപ്പോള്‍ ഭരണഘടനയുടെ പകര്പ്പാണുള്ളത്.
നേരത്തെ വാള് ആയിരുന്നു പ്രതിമയുടെ കൈയില്‍ ഉണ്ടായിരുന്നത്. വാള് അക്രമത്തിന്റെ പ്രതീകമാണ്, പക്ഷേ കോടതികള്‍ ഭരണഘടനാ നിയമങ്ങള്‍ക്കനുസൃതമായി നീതി നല്കുന്നു എന്ന് ചീഫ് ജസ്റ്റീസ് പറയുന്നു.പുതിയ പ്രതിമ പാശ്ചാത്യ വസ്ത്രത്തിന് വിരുദ്ധമായ സാരി ധരിച്ചിരിക്കുന്നു.
ഇന്ത്യന്‍ പീനല്‍ കോഡ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നിയമങ്ങളെ ഭാരതീയ ന്യായ സംഹിത പോലുള്ള ആധുനിക നിയമസംഹിതകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്യുന്ന നടപടികളും ഉള്‍പ്പെടെ, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ നടക്കുന്ന വിശാലമായ പരിഷ്കാരങ്ങളുമായി ഇത് യോജിക്കുന്നുവെന്ന് ചീഫ് ജസ്റ്റീസ് പറയുന്നു.
എന്തായാലും ഇനി മിഴിതുറന്ന് നില്ക്കുന്ന ലേഡി ജസ്റ്റീസിനെ കോടതികളിലും സിനിമകളിലും വെെകാതെ കാണാം....