"ധീരനും ശക്തനും ബുദ്ധിമാനും'; രാവണനായി ക്ഷേത്രം പണിത് അധ്യാപകന്
Thursday, October 17, 2024 12:34 PM IST
ഹിന്ദുപുരാണങ്ങളിലെ ഏറ്റവും ശക്തമായ ഒരു ഏടാണല്ലൊ രാമ-രാവണ ചരിതം. ലങ്കാധിപതിയായ രാവണന് സീതയെ കടത്തിക്കൊണ്ടുപോയതും തുടര്‍ന്ന് രാമലക്ഷ്മണന്മാര് യുദ്ധം ചെയ്തതും അതിന്റെ പരിണിത ഫലവുമൊക്കെ പ്രസിദ്ധമാണല്ലൊ.
ഇക്കാര്യവുമായി ബന്ധപ്പെട്ട് പല ഉത്സവങ്ങളും ആചാരങ്ങളും നമ്മുടെ നാട്ടില്‍ ഇപ്പോഴും നടക്കുന്നു. എന്നാല്‍ ശ്രീരാമനെ ആളുകള്‍ ആരാധിക്കുന്നതുപോലെ തന്നെ രാവണനെയും ആളുകള്‍ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം. ഇപ്പോഴിതാ ആ ഇഷ്ടം ഒരു ക്ഷേത്രമാക്കി പ്രദര്‍ശിപ്പിച്ച ഒരു വയോധികന് വാര്‍ത്തകളിലിടം പിടിക്കുന്നു.
മധ്യപ്രദേശില്‍ നിന്നുള്ള രാംപ്രസാദ് അഹിര്‍വാര്‍ ആണ് ഈ വ്യക്തി. വിരമിച്ച അധ്യാപകനായ ഇദ്ദേഹം ഛത്തര്പൂര് നിവാസിയാണ്. 2017ല്‍ സ്വന്തം വീടിനോട് ചേര്‍ന്നാണ് ഇദ്ദേഹം ഈ ക്ഷേത്രം പണിതത്. ഈ ക്ഷേത്രത്തിലെ രാവണന്റെ പത്ത് തലയും ചിരിക്കുന്ന മുഖത്തോടു കൂടിയാണ്.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാവണന് ഒരു മോശം വ്യക്തിയല്ല. മറിച്ച് "ധീരനും ശക്തനും ബുദ്ധിമാനും പോരാഞ്ഞ് സമാധാനപ്രിയനായ രാജാവാണ്'. കുബേരനെ ആരാധിക്കുന്നവര്‍ എന്തുകൊണ്ട് സഹോദരനെ ആരാധിക്കുന്നില്ല എന്നദ്ദേഹം ചോദിക്കുന്നു. ശരിയും തെറ്റും എന്താണെന്ന് തിരിച്ചറിയുന്ന ദിവസം ആളുകള്‍ എരിച്ചുകളയാനുള്ള ആഗ്രഹം അവസാനിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആദ്യകാലങ്ങളില്‍ അദ്ദേഹം രാവണനെ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ താന്‍ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ 80 വയസുള്ള അദ്ദേഹം ഇപ്പോള്‍ രാവണന്റെ ഗുണഗണങ്ങളുടെ പ്രചാരകന് കൂടിയാണ്. കാലങ്ങള്‍ക്കിപ്പുറം രാവണനെ ആളുകള്‍ മനസിലാക്കുമെന്ന് ഇദ്ദേഹം പറഞ്ഞുവയ്ക്കുന്നു...