പേരു വരുത്തുന്ന പൊല്ലാപ്പുകള്‍; പക്ഷേ "കഞ്ചാവ് പെപ്സി' ഹാപ്പിയാണ്...
Tuesday, October 15, 2024 12:04 PM IST
ഈ ലോകത്ത് 800 കോടിയോളം മനുഷ്യര്‍ ഉണ്ടെന്നാണ് കണക്ക്. പോരാഞ്ഞ് കോടാനുകോടി പേർ ജനിച്ചുമരിച്ചിരിക്കുന്നു. ഇവര്‍ക്കെല്ലാം കൂടിയുള്ള പേരുകള്‍ ഒന്നാലോചിച്ചെ.. ഇതൊന്നും കൂടാതെ പക്ഷികള്‍ക്കും മരങ്ങള്‍ക്കും മലകള്‍ക്കും കല്ലുകള്ക്കുംവരെ പേരുകളുണ്ട്.
എന്നാല്‍ ചില പേരുകള്‍ വളരെ വ്യത്യസ്തമായിരിക്കും. അതിനാല്‍ത്തന്നെ ഇത്തരം പേരുകാരെ നാം കൗതുകത്തോടെ ഒന്ന് ശ്രദ്ധിക്കും. എങ്കിലും ചില വിചിത്ര പേരുകള്‍ അതിന്റെ ഉടമകളെ വല്ലാതെ കുഴയ്ക്കും.
അത്തരമൊരു പേരിന്റെ ഉടമയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു 52 കാരി. മരിജുവാന പെപ്സി വാന്‍ഡിക്ക് എന്നാണവരുടെ പേര്. മരിജുവാന എന്നാല്‍ കഞ്ചാവ് എന്നാണല്ലൊ. അതിനാല്‍ത്തന്നെ ഈ സ്ത്രീ നല്ല പ്രശ്നങ്ങള്‍ നേരിട്ടുണ്ട്. ഡോക്ടറേറ്റ് ഉള്ള ഇവര്‍ക്ക് ഈ പേരു നിമിത്തം ഒരു ജോലി കിട്ടാത്ത അവസ്ഥ ആയിരുന്നത്രെ.
ഫ്ലോറിഡയിലെ ലൈവ് ഓക്കിന് സമീപം താമസിക്കുന്ന മരിജുവാന ഈ പേരു കാരണം ജീവിതത്തിലുടനീളം നിരന്തരമായ ചോദ്യം ചെയ്യലുകളും കുശുകുശുപ്പുകളും നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും പ്രശ്നങ്ങള്‍ക്കിടയിലും തന്റെ പേര് മാറ്റാന്‍ അവര്‍ തയാറായില്ല. കാരണം അവരുടെ പരേതയായ അമ്മ ബ്രാണ്ടി 'മാഗി' ജോണ്സണ് ആണത്രെ ഈ പേര് നല്‍കിയത്.
ഇത്തരമൊരു അസാധാരണമായ പേര് നല്കാന് കാരണം അവരുടെ അമ്മ മയക്കുമരുന്നിന് അടിമയായിരുന്നെന്ന് പോലും ആളകള്‍ പറഞ്ഞുണ്ടാക്കി. സ്കൂള്‍ കാലത്ത് അധ്യാപകരും സഹപാഠികളും ഇത് യഥാര്‍ഥ പേര് തന്നെയോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളെയൊക്കെ അവഗണിച്ച് മരിജുവാന ഹയര്‍ എജ്യുക്കേഷണല്‍ ലീഡര്‍ഷിപ്പില്‍ പിഎച്ച്ഡി നേടി.
ഇപ്പോള്‍ ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ കമ്മ്യൂണിറ്റി കോളജില്‍ പ്രവര്‍ത്തിക്കുന്നു. മാത്രമല്ല മാറ്റത്തിനുള്ള ശാക്തീകരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ എന്ന സംഘടനയുടെ സ്ഥാപകയുമാണ്.
നേരത്തെ, യോഗ്യതയുണ്ടായിട്ടും തൊഴിലുടമകള്‍ തന്നെ പലവട്ടം നിരസിച്ചതായി മരിജുവാന പെപ്സി പറഞ്ഞു. പേര് ഇത്തരത്തില്‍ ആണെങ്കിലും താനിതുവരെ പുകവലിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഒരൊറ്റ മനുഷ്യനും അത് വിശ്വസിക്കില്ലെന്നും അവര്‍ ചിരിയോടെ ചേര്‍ക്കുന്നു.
എന്തായാലും മരിജുവാന പെപ്സി എന്നതില്‍ നിന്നും ഡോ. മരിജുവാന പെപ്സി എന്നായി മാറാന്‍ കഴിഞ്ഞതില്‍ അവര്ക്കഭിമാനമുണ്ട്. 21 വയസുള്ള ഒരു കുട്ടിയുടെ മാതാവ് കൂടിയാണ് മരിജുവാന. തന്റെ കുട്ടിക്കടക്കം പലര്‍ക്കും ജീവിതപ്രതിസന്ധികളില്‍ എങ്ങനെ വിജയിക്കാം എന്നമാതൃകയാണ് മരിജുവാന പെപ്സി.
തന്റെ പേരില്‍ അല്ല അത് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിന്തിക്കുന്ന വിധത്തിലാണ് പ്രശ്നമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മുൻവിധികൾ ആളുകൾ തിരുത്തണമെന്ന് മരിജുവാന പെപ്സി പറയാരെ പറയുന്നു...