ജനമനസുകളിലെ "രത്നം' ടാറ്റ; ഇതിഹാസങ്ങള്‍ക്ക് മരണമില്ല
ശരത് ജി.മോഹൻ
Thursday, October 10, 2024 12:09 PM IST
ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ മനുഷ്യന് എന്ന് രത്തന്‍ നവാല്‍ ടാറ്റയെ ചുരുക്കി പറയാം. വാസ്തവത്തില്‍ നിരവധി വിശേഷണങ്ങര് അര്‍ഹിക്കുന്ന അതികായനാണ് അദ്ദേഹം. ഉപ്പ് മുതല്‍ വിമാനംവരെ നമുക്കിടയില്‍ "ടാറ്റ'യാണ്.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറിനെ വിപണിയിലെത്തിച്ച വ്യവസായി, മാറിയ കാലത്ത് സോഫ്റ്റ്വെയര് മേഖലയിലും കടന്നെത്തിയ വീക്ഷണമുള്ളയാള്‍ അങ്ങനെ എണ്ണിയാലൊടുങ്ങാത്തയത്ര പ്രത്യേകതയുള്ള വ്യക്തിയായിരുന്നു ടാറ്റ സണ്‍സ് ചെയര്മാന് എമെരിറ്റസ് രത്തന്‍ ടാറ്റ.
എന്നാല്‍ ഈ വിശേഷണങ്ങളേക്കാള്‍ അദ്ദേഹത്തെ സാധാരണജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാക്കുന്ന കാരണം മറ്റ് മനുഷ്യരോടുള്ള കരുതല്‍ ആയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി കോടിക്കണക്കിന് ഡോളര്‍ സംഭാവന നല്കിയതിനാല് 300 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം സൃഷ്ടിക്കുന്നതിന് മേല്‍നോട്ടം വഹിച്ചിട്ടും "ശതകോടീശ്വരന്‍' പട്ടികയില്‍ ഇടംപിടിക്കാത്ത "മനുഷ്യന്' ആയിരുന്നു ടാറ്റ. അതായത് ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവച്ച വലിയഹൃദയമുള്ള ആള്.
1937 ഡിസംബര്‍ 28ന് ബോംബെയിലെ ഒരു പാഴ്സി സൊരാസ്ട്രിയന്‍ കുടുംബത്തിലായിരുന്നു രത്തന്‍ ടാറ്റയുടെ ജനനം. മാതാപിതാക്കള്‍ വേര്പിരിഞ്ഞതിനാല് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുത്തശിക്കൊപ്പമായിരുന്നു. എട്ടാംക്ലാസ് വരെ മുംബൈ കാംപ്യന്‍ സ്കൂളിലായിരുന്നു പഠനം. പിന്നീട് അവിടുത്തെതന്നെ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കനോണ്‍ സ്കൂള്‍, ഷിംലയിലെ ദ ബിഷപ്പ് കോട്ടണ്‍സ്കൂള്‍, ന്യുയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡെയ്ല്‍ കണ്ട്രി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. 1959ല്‍ അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്ന് അദ്ദേഹം ആര്‍ക്കിടെക്ചറില്‍ ബിരുദവും നേടി.
1961ലാണ് കുടുംബ ബിസിനസായ ടാറ്റ സ്റ്റീല്‍സില്‍ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 71-ല്‍ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്സ് കമ്പനിയില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയിമാറി. 81-ല്‍ ഗ്രൂപ്പിന്റെ മറ്റൊരു ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി നിയമിതനായി. 91-ലാണ് അമ്മാവനായ ജെആര്‍ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനാകുന്നത്.
പിന്നീട് ടാറ്റയുടെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് വ്യവസായലോകം കണ്ടത്. 1991-ലെ വെറും 10,000 കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്റെ വര്‍ധനയാണ് കമ്പനിക്ക് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും അദ്ദേഹത്തിന്റെ കാലയളവിലുണ്ടായി. ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് ടാറ്റ ടെലിസര്‍വീസസ് എന്നിവയുടെയെല്ലാം ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ. 2008 ല്‍ പ്രമുഖ കാര്‍ കമ്പനിയായ ഫോഡിന്റെ ജാഗ്വര്‍, ലാന്‍ഡ് ലോവര്‍ വിഭാഗങ്ങള്‍ ടാറ്റ ഏറ്റെടുത്തു.
2009 ല്‍ ടാറ്റ നാനോ കാര്‍ വിപണയിലെത്തിച്ചു. "ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍' എന്ന രീതിയില്‍ ശ്രദ്ധനേടിയ ഒന്നായിരുന്നു നാനോ. അച്ഛനമ്മമാരുടെ ഇടയില്‍ "ഞെരുങ്ങുന്ന' കുട്ടികളെ കണ്ടപ്പോഴാണ് നാനോയുടെ ആശയം അദ്ദേഹത്തിനുണ്ടായത്. ഇടത്തരം കുടുംബങ്ങളുടെ സ്വപ്നമാണ് കാര്‍ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നിരുന്നാലും നാനോ പരാജയപ്പെട്ട പരീക്ഷണമെന്ന് അദ്ദേഹം തന്നെ പിന്നീട് സമ്മതിച്ചതും ചരിത്രം.
പരിശീലനം സിദ്ധിച്ച ഒരു പൈലറ്റ് കൂടിയായിരുന്നു ടാറ്റ. 2007-ല്‍, എഫ്- 16 ഫാല്‍ക്കണ്‍ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യക്കാരനായി. ടാറ്റ ഒരു മികച്ച ആര്‍ട്ട് കളക്ടറും കാര്‍ പ്രേമിയുമാണ്. ധാരാളം പെയിന്റിംഗുകളും ഫോട്ടോഗ്രാഫുകളും ശില്പങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മഴ്സിഡസ് ബെന്‍സ്, ഫെരാരി, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് തുടങ്ങി നിരവധി വിന്റേജ് വാഹനങ്ങളും ആധുനിക വാഹനങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു.
നായകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും പ്രസിദ്ധമാണ്. താജ്മഹല്‍ ഹോട്ടലില്‍ പ്രവേശിക്കുന്ന മൃഗങ്ങളെ ദയയോടും കരുതലോടും കൂടി അദ്ദേഹം പരിഗണിക്കുന്നത് നെറ്റിസണ്സിനിടയില് വലിയ മതിപ്പുളവാക്കിയിരുന്നു.
ടാറ്റയുടെ ജീവിതം പറയുമ്പോള്‍ മുംബൈ ആക്രമണത്തെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. 2008 നവംബര്‍ 26ന് ആണ് മുംബൈ താജ് മഹല്‍ ഹോട്ടലില്‍ ലഷ്കര്‍ ഇ- തൊയ്ബ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. 29 വരെ നടന്ന ആക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഏകദേശം 400 കോടിയോളം രൂപയുടെ നഷ്ടമാണ് താജിന് ആക്രമണത്തിലുണ്ടായതെന്നാണ് കണക്ക്.
ഈ ആക്രമണം നടന്ന സമയം ഭീകരരുടെ വെടിയൊച്ചകള്‍ക്കിടയില്‍ വിറങ്ങലിച്ച് നില്ക്കുന്ന തന്റെ തൊഴിലാളികള്‍ക്ക് ധൈര്യം പകരാന്‍ ടാറ്റ നേരിട്ട് എത്തിയിരുന്നു. ഹോട്ടലിന്റെ കൊളാബ എന്‍ഡില്‍ നിന്ന് രത്തന്‍ ടാറ്റ എന്‍എസ്ജിയുടെ രക്ഷാപ്രവര്‍ത്തനം നിരീക്ഷിച്ചിരുന്നു. അതിഥികളുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു.
ആക്രമണം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ താജ് ഹോട്ടലിനെ പൂര്‍ണസ്ഥിതിയിലേക്ക് മടക്കിയെത്തിക്കാന്‍ ടാറ്റയ്ക്ക് കഴിഞ്ഞു. ആക്രമണത്തില്‍ ജീവന് നഷ്ടമായവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും രത്തന്‍ ടാറ്റ നേരിട്ട് സന്ദര്‍ശിച്ചു. കൂടാതെ സഹായങ്ങള്‍ നല്‍കുന്നതിനായി "ടാറ്റ താജ് പബ്ലിക്ക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ്' ആരംഭിച്ചു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലായി 45 ലക്ഷത്തോളം പേര്‍ക്കാണ് ട്രസ്റ്റില്‍ നിന്ന് സഹായം ലഭിച്ചത്.
2012 ഡിസംബര്‍ 28നാണ് അദ്ദേഹം ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്തുനിന്നും വിരമിച്ചത്. പിന്നീട് ചെയര്മാന് സ്ഥാനത്തുവന്ന സൈറസ് മിസ്ത്രിയെ കമ്പനി 2016 ഒക്ടോബറില്‍ പുറത്താക്കി. അതോടെ ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തിരിച്ചെത്തി. ശേഷം 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍. ചന്ദ്രശേഖറിന് അദ്ദേഹം കൈമാറി. പിന്നീട് ടാറ്റ സണ്‍സ് ചെയര്മാന് എമറിറ്റസ് പദവിയിലാണ് രത്തന്‍ ടാറ്റയുള്ളത്. 2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഈ മാസം ഒമ്പതിന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ച് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. "ഇതിഹാസങ്ങള്‍ക്ക് മരണമില്ല' എന്നായിരുന്നു രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അതേ മനുഷ്യസ്നേഹിയായ അദ്ദേഹം കോടിക്കണക്കിനാളുകളുടെ ഹൃദയത്തില്‍ എന്നും അണയാതെയുണ്ടാകും...