ചൂതാട്ട കടങ്ങള്‍ തീര്‍ക്കാന്‍ അമ്മാവന്റെ കുഴിമാടം തുരന്ന യുവാവ്; അറസ്റ്റില്‍
Friday, September 27, 2024 3:46 PM IST
ആളുകള്‍ പലതരത്തില്‍ കടക്കാര് ആകാറുണ്ടല്ലൊ. പലതരത്തിലും അവര്‍ വീട്ടാറുമുണ്ട്. എന്നാല്‍ അടുത്തിടെ വയറ്റ്നാമില്‍ നിന്നുള്ള ഒരു യുവാവ് തന്റെ കടം വീട്ടാന്‍ കണ്ടെത്തിയ മാര്‍ഗം പുലിവാലായെന്ന് പറയാലൊ.
വിയറ്റ്നാമിലെ തന് ഹോവ പ്രവിശ്യയിലെ താമസക്കാരനായ ലു തന് നാം ആണ് ഈ യുവാവ്. 37 കാരനായ ഇയാള്‍ വലിയ ചൂതാട്ട കമ്പക്കാരനാണ്. ഇത് അദ്ദേഹത്തെ കടക്കാരനാക്കി. ഈ കടം വീട്ടാന്‍ അയാള്‍ കണ്ടുപിടിച്ച മാര്ഗമാകാട്ടെ അമ്മാവന്റെ തലയോട്ടിയും എല്ലുകളും മോഷ്ടിക്കുക എന്നതായിരുന്നു.
ഇയാള്‍ ലുയു തന് ഹോയി എന്ന തന്റെ അമ്മാവന്റെ ശവക്കുഴിയില്‍ 20 സെന്റീമീറ്റര്‍ കുഴിയെടുത്ത് അസ്ഥികള്‍ മോഷ്ടിച്ചു. ഒരു മാലിന്യക്കൂമ്പാരത്തിനടിയില്‍ ഒളിപ്പിച്ചു. അടുത്തദിവസം മറ്റൊരു ഫോണില്‍ നിന്നും അമ്മാവന്റെ ഭാര്യയെ വിളിച്ച് അഞ്ച് ബില്യണ്‍ വിയറ്റ്നാമീസ് ഡോംഗ് ആവശ്യപ്പെട്ടു.
സംഭവം പോലീസില്‍ അറിയിക്കരുതെന്ന് ബന്ധുവിന്റെ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഹോയിയുടെ കുടുംബം ശവക്കുഴി പരിശോധിക്കുകയും ശവപ്പെട്ടിയില്‍ ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. അവര്‍ ഉടന്‍ അധികാരികളെ വിവരം അറിയിച്ചു.
സംഭവസ്ഥലത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലു തന് നാം ആണ് അക്രമിയെന്ന് കണ്ടെത്തി. പിന്നീട് കൃത്യമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്റെ ചൂതാട്ട കടം മറികടക്കാനാണ് താന്‍ ഈ പ്രവര്‍ത്തനം നടത്തിയതെന്ന് അയാൾ പറഞ്ഞു. പിന്നീട് പോലീസ് മോഷ്ടിച്ച അസ്ഥികള്‍ കുടുംബത്തിന് തിരികെ നല്കി.
വിയറ്റ്നാമീസ് പാരമ്പര്യമനുസരിച്ച്, ഒരു ശവക്കുഴി മോഷണം അങ്ങേയറ്റം അനാദരവായി കണക്കാക്കപ്പെടുന്നു. പിഴയും എഴുവര്‍ഷം തടവും ലു തനിന് ലഭിക്കാനിടയുണ്ട്. മാത്രമല്ല മോഷണശ്രമത്തിന് 20 കൊല്ലത്തെ ശിക്ഷയും ലഭിച്ചേക്കാം. "അവനവന് കുഴിച്ച കുഴി' എന്നാണ് ഒരാള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.