സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ ബേക്കർ സാഹിബ്
നൗഷാദ് മാങ്കാംകുഴി
Thursday, August 15, 2024 10:59 AM IST
സ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികൾ താണ്ടിയ തീഷ്ണമായ അനുഭവങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമായി കഴിയുകയാണ് സ്വാതന്ത്ര്യസമര സേനാനി കെ.ബേക്കർ സാഹിബ്.
കായംകുളം പെരിങ്ങാല പടിപ്പുരയ്ക്കൽ സൗഹൃദം വീട്ടിൽ ബേക്കർ സാഹിബ് (103) 1922ൽ പെരിങ്ങാല പഠിപ്പുരക്കൽ വീട്ടിൽ കാസിയാർ കുഞ്ഞിന്റെയും മൈമൂനയുടെയും നാലു മക്കളിൽ രണ്ടാമത്തെമകനായിട്ടാണ് ജനനം. സ്വാതന്ത്ര്യസമര ചരിത്രം വിവരിക്കുമ്പോൾ 103-ാം വയസിൽ എത്തിനിൽക്കുന്ന ബേക്കർ സാഹിബിന്റെ മുഖത്ത് ഒരിക്കൽക്കൂടി സമരവീര്യം നുരഞ്ഞുപൊങ്ങും.
ജയിൽജീവിതവും സമരമാർഗങ്ങളും ബേക്കർ സാഹിബിനെ പട്ടാളത്തിന്റെ നോട്ടപ്പുള്ളിയാക്കി. ക്വിറ്റിന്ത്യാ സമരത്തിൽ കൂടി പങ്കെടുത്തതോടെ ബേക്കറിന്റെ തലയ്ക്ക് 2000 രൂപ ഇനാം പ്രഖ്യാപിച്ചു. എന്നാൽ, സമരരംഗത്തുനിന്ന് അദ്ദേഹം പിന്മാറിയില്ല. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവമാകുകയും 1945 ലും 1947ലും അറസ്റ്റിലാകുകയും രണ്ടു തവണയായി പന്ത്രണ്ട് മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ജയിലിൽ കടുത്ത മർദ നങ്ങൾക്കും പീഡനങ്ങൾക്കും അദ്ദേഹം വിധേയനായി. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബേക്കറും കുറച്ചു പേരും ആലപ്പുഴ ജയിലിലായിരുന്നു.
ഗാന്ധിജിയെയും നെഹ്റുവിനേയും നേരിൽക്കണ്ട അനുഭവങ്ങൾ ജീവിതത്തിലെ അനർഘനിമിഷങ്ങളായിരുന്നുവെന്നു അദ്ദേഹം ഇന്നും സ്മരിക്കുന്നു. 1956ൽ കായംകുളം നഗരസഭയിലേക്കു സ്വതന്ത്രനായി മത്സരിച്ചു നഗരസഭാംഗമായി. സ്വാതന്ത്ര്യത്തെ പലരും ഇപ്പോൾ ദുരുപയോഗം ചെയ്യുന്നതിൽ ഏറെ ദുഃഖിതനാണെങ്കിലും ഇനിയും മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നു ഒട്ടേറെ മുന്നോട്ടുപോകാനുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.
തികഞ്ഞ ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായി ചേരാവള്ളി സൗഹൃദം വീട്ടിൽ ഭാര്യ റുഖിയ ബേക്കർക്കും ഇളയ മകൻ മുബാറക്ക് ബേക്കറിനും ഒപ്പം സന്തോഷത്തോടെ വിശ്രമജീവിതം നയിക്കുകയാണ്.