സ്വാതന്ത്ര്യദിനാഘോഷത്തിൽ വൈക്കത്തും സമരപോരാട്ടങ്ങളുടെ സ്മരണകൾ ഇരമ്പുന്നു
Thursday, August 15, 2024 10:49 AM IST
ഭാരതം ഇന്ന് 78-ാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ മഹാത്മജിയുടെ പാദ സ്പർശമേറ്റ വൈക്കം ബോട്ടുജെട്ടിയിലും ഇണ്ടംതുരുത്തിമനയിലും സമരപോരാട്ടങ്ങളുടെ ദീപ്തസ്മരണകൾ ഇരമ്പുന്നു.
വൈക്കം സത്യഗ്രഹസമരത്തിന് ആവേശം പകരാനെത്തിയ മഹാത്മജി വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തിമനയിലെത്തി കാരണവരായിരുന്ന നീലകണ്ഠൻ നമ്പൂതിരിയുമായി ചർച്ച നടത്തിയതോടെയാണ് ഇണ്ടംതുരുത്തിമന സത്യഗ്രഹ സമരചരിത്രത്തിൽ ജ്വലിക്കുന്ന ഏടായി മാറിയത്. അധഃസ്ഥിതർക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു സത്യഗ്രഹസമരം.
1925 മാര്‍ച്ച് ഒന്‍പതിനാണ് വൈക്കം ബോട്ട് ജെട്ടിയില്‍ മഹാത്മാഗാന്ധി ബോട്ട് ഇറങ്ങുന്നത്. അന്നു വൈക്കത്തെ നാടുവാഴിയായിരുന്ന ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹത്തെ എതിര്‍ത്തിരുന്നത്.
അക്കാലത്ത് വൈക്കം ക്ഷേത്രത്തിന്റെ ഊരാണ്മ ഈ മനയ്ക്കായിരുന്നതിനാല് നമ്പൂതിരി കല്പിക്കുന്നതെന്തും വേദവാക്യമായിരുന്നു. സവർണരുടെ നെടുനായകത്വം നീലകണ്ഠന് നമ്പൂതിരിക്കാണെന്നു മനസിലാക്കിയ ഗാന്ധിജി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കാണണമെന്നു തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച് 10ന് ഗാന്ധിജി പരിവാരസമേതം മനയില്‍ എത്തി.
സി. രാജഗോപാലാചാരി, മഹാദേവ ദേശായി, രാമദാസ് ഗാന്ധി, ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍, ദിവാന് പേഷ്കാര്‍ എം.വി. സുബ്രഹ്മണ്യ അയ്യര്‍, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ പി. വിശ്വനാഥ അയ്യര്‍, തഹസില്‍ദാര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ ഗാന്ധിജിയെ അനുഗമിച്ചു. വൈശ്യസമുദായത്തില്പ്പെട്ട ഗാന്ധിജിയെ മനയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. പകരം പ്രത്യേകം നിര്‍മിച്ച പൂമുഖത്ത് ഇരുത്തിയാണ് സംഭാഷണം നടത്തിയത്.
സംസ്കൃത പണ്ഡിതനും താര്‍ക്കികനുമായിരുന്ന നീലകണ്ഠന് നമ്പൂതിരി ദീര്‍ഘനേരം ഗാന്ധിജിയുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു. അതുകൊണ്ടൊന്നും സത്യഗ്രഹികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും നമ്പൂതിയുടെ മനസിൽ പരിവർത്തനം ഉണ്ടാക്കാൻ ആ സന്ദര്‍ശനം ഉപകരിച്ചു. ഗാന്ധിജി മടങ്ങിയ ഉടനെ അവിടെ ശുദ്ധീകലശം നടത്താനും ഇണ്ടംതുരുത്തിയിലെ കാരണവര്‍ മറന്നില്ല.
1925 നവംബര്‍ 23ന് സത്യഗ്രഹം പിന്‍വലിച്ചെങ്കിലും പിന്നീട് ആവശ്യങ്ങൾ അംഗികരിക്കപ്പെട്ടു. പിന്നീട് ഭൂപരിഷ്കരണം മൂലം സ്വത്ത് നഷ്ടപ്പെട്ടതും ഉള്‍പ്പോരുകളും മനയെ പിടിച്ചുലച്ചു. മന വിൽക്കേണ്ട സാഹചര്യം വന്നു. വൈക്കത്തെ കമ്യൂണിസ്റ്റ് നേതാവായ സി.കെ. വിശ്വനാഥന് വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയനു വേണ്ടി മന വില പറഞ്ഞുറപ്പിച്ചു.
അങ്ങനെ ഗാന്ധിജിക്കുപോലും പ്രവേശനം നിഷേധിച്ച മന കാലപ്രയാണത്തില്‍ എഐടിയുസി ചെത്തുതൊഴിലാളി യൂണിയന് ഓഫീസായി മാറി. വളരെ ദൂരെനിന്ന് നോക്കിക്കാണാന്‍ മാത്രം അവകാശമുണ്ടായിരുന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുടെ യൂണിയന് ഓഫീസായി മന മാറി എന്നത് ചരിത്രത്തിന്റെ കാവ്യനീതിയാകാം.