മൂർഖനൊക്കെ നിസാരം; പാമ്പുപിടിത്തത്തിൽ പരിശീലന നേട്ടം കൈവരിച്ച പഞ്ചായത്ത് മെമ്പർ
Wednesday, August 14, 2024 12:33 PM IST
പാമ്പിനെ പിടിക്കാൻ പരിശീലനം നേടിയതോടെ പൊതുപ്രവർത്തനം മാത്രമല്ല, പഞ്ചായത്ത് മെമ്പർ ഇനി പാമ്പിനെയും പിടിക്കും. ചുനക്കര സ്വദേശിനിയും ചുനക്കര വടക്ക് ഗ്രാമപഞ്ചായത്ത് അംഗവുമായ സവിതാ സുധിയാണ് പാമ്പുപിടിത്തത്തിൽ പരിശീലന നേട്ടം കൈവരിച്ചത്.
പരിശീലന സർട്ടിഫിക്കറ്റ് കിട്ടുന്നതോടെ പാമ്പുപിടിക്കാൻ പരിശീലനം കിട്ടിയ ആലപ്പുഴ ജില്ലയിലെ ഏക വനിത എന്ന നേട്ടവും സവിതയ്ക്കാണ്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം പത്തിവിടർത്തിയ മൂർഖനെ ഇരുമ്പുവടികൊണ്ട് കുടുക്കിലാക്കി സഞ്ചിയിൽ കയറ്റി സവിത കൈയടിനേടി.
വനംവകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ കൊമ്മാടിയിലെ സാമൂഹിക വനവത്കരണ വിഭാഗം കാര്യാലയത്തിൽ കഴിഞ്ഞദിവസമായിരുന്നു പരിശീലനം. ഇരുപതോളം പേർ സന്നദ്ധരായി പരിശീലനത്തിൽ പങ്കെടുത്തു.
ജനങ്ങളെയും പാമ്പിനെയും സുരക്ഷിതരാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. പാമ്പിനെ പിടിക്കാൻ സന്നദ്ധരായവരെ ലഭ്യമാക്കുന്ന സ്റ്റേറ്റ് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ് പരിചയപ്പെടുത്തുകയും ചെയ്തു.
അസിസ്റ്റന്റ് കൺസർ വേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് അൻവർ പരിശീലനത്തിനു നേതൃത്വം നൽകി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. രാജേഷ്, സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കൺസർവേറ്റർ ഫെൻ ആന്റണി, സജി ജെ. മോഹൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എസ്. സേവ്യർ എന്നിവർ പങ്കെടുത്തു.