വേദനയുടെ 37 വര്‍ഷങ്ങള്‍; ഒടുവില്‍ അവര്‍ ആ മകനെ കണ്ടെത്തി...
Wednesday, August 14, 2024 11:40 AM IST
ഒരു കുട്ടി നഷ്ടപ്പെടുന്നതിന്റെ തീവ്രമായ വേദന എഴുതിയാലും പറഞ്ഞാലുമൊന്നും മനസിലാക്കിത്തരാന്‍ കഴിയില്ല. പ്രത്യേകിച്ച് ആ കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിക്കുന്ന വ്യഥ. പലരുടെയും മനോ നിലയെ തന്നെ അത് തകര്‍ത്തുകളയും.
ഇക്കാലത്ത് ഒരാളെ കാണാതായാല്‍ സമൂഹ മാധ്യമങ്ങളടക്കമുള്ള സൗകര്യങ്ങളാല്‍ ആളിലേക്ക് എത്താന്‍ കഴിയും. എന്നാല്‍ കാലങ്ങള്‍ക്കപ്പുറം അതങ്ങനെയല്ലായിരുന്നല്ലൊ. അത്തരത്തില്‍ 37 കൊല്ലങ്ങള്‍ക്ക് മുമ്പ് ചൈനയിലുള്ള ഒരു മാതാപിതാക്കള്‍ക്ക് തങ്ങളുടെ മകനെ നഷ്ടമായിരുന്നു. അതും അവരുടേതല്ലാത്ത കാരണത്താലുള്ള നഷ്ടപ്പെടല്‍.
1986-ല്‍ ആയിരുന്നു സംഭവം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാംഗ്സി പ്രവിശ്യയിലെ വെയ്നാനില് ഒരു സ്ത്രീ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. അവരുടെ മൂന്നാമത്തെ മകനായിരുന്നു അത്. ലീ എന്നയാളായിരുന്നു കുട്ടിയുടെ പിതാവ്.
എന്നാല്‍ ഈ കുട്ടി ജനിച്ച് ഒരുദിവസം മാത്രമായപ്പോള്‍ കുട്ടിയുടെ മുത്തശി അവനെ മറ്റൊരാള്‍ക്ക് വിറ്റു. പരമദരിദ്രരായ കുടുംബത്തിന് മൂന്നാമതൊരു കുട്ടിയെ വളര്‍ത്താന്‍ സാധിക്കില്ല എന്നായിരുന്നു ആ സ്ത്രീയുടെ ചിന്ത. പക്ഷെ മാതാപിതാക്കളോട് അവർ സമ്മതം ചോദിച്ചിരുന്നില്ല.
കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലേക്കാണ് കുട്ടിയെ കൊടുത്തതെന്ന് മാത്രമാണ് അവരില്‍ നിന്നും മാതാപിതാക്കള്‍ അറിഞ്ഞ ഏക കാര്യം. വൈകാതെ ആ മുത്തശി മരിച്ചു. ശേഷം കഴിഞ്ഞ 37 വര്‍ഷങ്ങളായി ലീയും ഭാര്യയും ആ മകനെ തിരയുകയായിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല.
കാലം മാറുകയും സാങ്കേതിക വിദ്യ പുരോഗമിക്കകുകയും ചെയ്തല്ലൊ. കുട്ടികളെ കാണാതായ ദമ്പതികളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് അവരുടെ ജീവശാസ്ത്രപരമായ മാതാപിതാക്കളെ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ദത്തെടുത്തവരില്‍ നിന്ന് 2009-ല്‍ ചൈനയുടെ പോലീസ് അഥോറിറ്റി ഒരു വലിയ ഡിഎന്‍എ ഡാറ്റാബേസ് സ്ഥാപിച്ചു.
അങ്ങനെ ഇക്കഴിഞ്ഞ ഈ ദമ്പതികളുടെ രക്ത സാമ്പിളുകള്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ സാവോഷുവാംഗില് താമസിക്കുന്ന പാംഗ് എന്ന കുടുംബപ്പേരുള്ള ഒരാളുടെ രക്ത സാമ്പിളുമായി പൊരുത്തപ്പെടുകയുണ്ടായി. ഈ ദമ്പതികള്‍ ജീവശാസ്ത്രപരമായ മാതാപിതാക്കളാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് രണ്ട് തവണ രക്തം നല്‍കണമെന്ന് ഷാന്‍സിയിലെ പോലീസ് ലിയോടും ഭാര്യയോടും പാംഗിനോടും ആവശ്യപ്പെട്ടു.
ഈ മാസം മൂന്നോടെ അത് അവരുടെ മകനാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. അവരുടെ പുനഃസംഗമം ഏറെ ഹൃദയഭേദകമായിരുന്നു. മാതാപിതാക്കള്‍ പാംഗിനോട് മാപ്പ് പറഞ്ഞു. അമ്മ പാംഗിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
സമൂഹ മാധ്യമങ്ങളിലും ഈ പുനഃസംഗമം ചര്‍ച്ചയായി. "ആ അമ്മൂമ്മ വളരെ ക്രൂരയാണ്. അവള് സ്വന്തം കൊച്ചുമകനെ ഉപേക്ഷിച്ചു. അവരുടെ പ്രവൃത്തികള്‍ മനസിലാക്കാന്‍ പ്രയാസമാണ്' എന്നാണൊരാള്‍ കുറിച്ചത്.