"നന്ട്രി ഹരിണി...';വയനാടിനായിട്ടുള്ള നിന്റെ ചുവടുവയ്പ്പ് ഹൃദത്തെ തൊട്ടിരിക്കുന്നു...
Friday, August 9, 2024 3:36 PM IST
ജൂലൈ 30ന് വയനാട് മുണ്ടക്കൈ, ചൂരല്‍ മല ഭാഗങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ നമുക്കാര്‍ക്കും മറക്കാന്‍ കഴിയുന്ന ഒന്നല്ലല്ലൊ. ഒരു രാത്രികൊണ്ട് നാടും നഗരവീഥിയും ശൂന്യമാവുകയും നാനൂറിലധികം ജനങ്ങള്‍ ഇല്ലാതാവുകയും ചെയ്തത് ആരെയാണ് ഞെട്ടിക്കാത്തത്.
ശേഷം വയനാടിന്റെ അതിജീവനത്തിനായി പലകോണില്‍ നിന്നും സഹായഹസ്തങ്ങള്‍ ഉയര്‍ന്നത് ആശാവഹമാണ്. അതില്‍ സ്നേഹത്തിന്റെ കരുതല്‍ നാം കണ്ടു. ജലം അമ്മയെ കവര്‍ന്നതിനാല്‍ മുലപ്പാല്‍ ലഭിക്കാഞ്ഞ കുഞ്ഞിനെ കരുതിയ അമ്മയും, വയനാട്ടിലെ കുഞ്ഞുങ്ങളെ ഓര്‍ത്ത മറ്റിടങ്ങളിലെ കുഞ്ഞുങ്ങളും സ്വന്തം ഭൂമി പകുത്തുനല്‍കാന്‍ ആദ്യം തുനിഞ്ഞിറങ്ങിയ കൊല്ലംകാരനും... അങ്ങനെ എത്രയെത്ര പേര് അവരുടെ പ്രവൃത്തികള്‍ നിമിത്തം നമ്മളെ കരയിച്ചു.
ആ ചെളിയില്‍ പ്രിയപ്പെട്ടവരെ തിരയാന്‍ കൂടെ നിന്ന ഇന്ത്യന്‍ സൈനികരും അഗ്നിരക്ഷസേനയും പോലീസും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ നമ്മുടെ ഹൃദയം തൊട്ടവരാണ്. എന്നാല്‍ നമ്മുടെ നാട്ടുകാര്‍ മാത്രമല്ല നമ്മളെ കരുതിയത്.
ആ ഗണത്തിലുള്ള ഒരാളാണ് ഹിരിണി ശ്രീ. തമിഴ്നാട്ടില്‍ നിന്നുള്ള ഈ 13കാരി 15,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) വ്യാഴാഴ്ച സംഭാവന നല്‍കിയത്. ഈ പണം ആ കൊച്ചുമിടുക്കി തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് സ്വരൂപിച്ചതാണ്. അതാണ് ആ മഹത്വവും.
ആ പണം അവളില്‍നിന്നും കൈപ്പറ്റിയപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിണിയെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയുണ്ടായി. അതേ ഇക്കാര്യം അറിയുന്ന നമ്മള് ഏവരും മനസാല്‍ അവളെ അനുഗ്രഹിക്കും. വലുതാകുമ്പോള്‍ ആ കുട്ടി ആഗ്രഹം പോലെ വലിയ നര്‍ത്തകിയായി മാറട്ടെ...