"സാർ ഞങ്ങള്‍ സ്കൂളില്‍ പോവുകയാണ്, ഫ്യൂസ് ഊരരുത്' ; നോവിക്കുന്ന കുറിപ്പ്...
Thursday, August 8, 2024 12:31 PM IST
ആരുടെയും വെളിച്ചം കെടുത്തുന്നവരാകാന് ആരും ആഗ്രഹിക്കാറില്ലല്ലൊ. എന്നാല്‍ അത്തരമൊരു പ്രവൃത്തി ചെയ്യാന്‍ പലപ്പോഴും വിധിക്കപ്പെടുന്നവരാണ് കെഎസ്ഇബി ജീവനക്കാര്‍. വൈദ്യുതി ബില്‍ അടയ്ക്കാനുള്ള ദിവസം കഴിഞ്ഞിട്ടും ചിലര്‍ അത് ചെയ്യാറില്ലല്ലൊ. അത്തരം അവസരങ്ങളില്‍ റീഡര്മാരൊ ലൈന്മാരൊ കണക്ഷന് കട്ട് ചെയ്യും.
പിന്നീട് പണം കെട്ടുമ്പോള്‍ കണക്ഷന് തിരിച്ചു നല്‍കും. അത്തരത്തില്‍ കണക്ഷന് കട്ട് ചെയ്യാന്‍ എത്തിയതായിരുന്നു കോഴഞ്ചേരി സെക്ഷനിലെ ലൈന്മാന് ബിനീഷ്. എന്നാല്‍ അദ്ദേഹത്തെ കാത്തിരുന്നത് ഒരു കുറിപ്പായിരുന്നു.
അതില്‍ "സര്, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങള്‍ സ്കൂളില്‍ പോവുകയാണ്' എന്നായിരുന്നു എഴുതിയിരുന്നത്. കുറിപ്പില്‍ കണ്ട നമ്പറില്‍ ലൈന്മാന് വിളിച്ചപ്പോള്‍ വീട്ടിലെ ഗൃഹനാഥനെ കിട്ടി.
രാവിലെ സ്കൂളില്‍ പോകുന്നതിന് മുന്‍പേ മക്കള്‍ എഴുതിയതാണെന്നും അവിടെ വെച്ചിരിക്കുന്ന പണം എടുത്തോളാനും അദ്ദേഹം പറഞ്ഞു. 461 രൂപയായിരുന്നു കുടിശിക. ഏഴിലും പ്ലസ്വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളാണത്രെ ഈ കുറിപ്പെഴുതിയത്.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമാണവരുടേത്. അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അച്ഛനും മക്കളും കഴിയുന്നത്. കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്. തയ്യല്‍ക്കടയിലെ ജീവനക്കാരനാണ് ഗൃഹനാഥന്. കുട്ടികളുടെ അമ്മയെ മൂന്ന് വര്‍ഷം മുന്‍പ് കാണാതായതാണ് വിവരം.
പലപ്പോഴും താന്‍ അവരുടെ വീടിന്റെ ഫ്യൂസ് ഊരിയിരുന്നതായി ലൈന്മാന് പറയുന്നു. എന്നാല്‍ ഇത്തവണ ഫ്യൂസ് ഊരാന്‍ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുകള്‍ നനഞ്ഞു... അവരുടെ ഈ കുറിപ്പ് മനുഷ്യത്വമുള്ള എല്ലാവരെയും നോവിക്കുമല്ലൊ...