പാര്‍ക്കിംഗ് നിയമം പാരയായി; യുവതിക്ക് പിഴ 11 ലക്ഷം
Monday, August 5, 2024 2:00 PM IST
വാഹന ഉപയോക്താക്കള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണല്ലൊ പാര്‍ക്കിംഗ്. പ്രത്യേകിച്ച് തിരക്കുള്ള നഗരങ്ങളില്‍ ഇത് വലിയ തലവേദനയാണ്. ഇക്കാലത്ത് പേ ആന്‍ഡ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ പലയിടത്തും കാണാന്‍ സാധിക്കുമല്ലൊ.
ഓരോ രാജ്യങ്ങളിലും പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിയമമായിരിക്കുമല്ലൊ. അത്തരത്തില്‍ ഇംഗ്ലണ്ടിലുള്ള ഒരു നിയമമാണ് 5 മിനിറ്റ് പാര്‍ക്കിംഗ്. അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും തങ്ങളെ പറ്റിച്ചു കടന്നുകളയുന്ന ഡ്രൈവര്‍മാരെ കുടുക്കാനുമായിട്ട് യുകെയിലെ എക്സല്‍ പാര്‍ക്കിംഗ് സര്‍വീസസ് ആണ് ഈ നിയമത്തിന് പിന്നിൽ.
പാര്‍ക്കിംഗ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളില്‍ ഫീസ് അടയ്ക്കണം. അതല്ലായെങ്കില്‍ പിഴ അടയ്ക്കേണ്ടി വരുമത്രെ. ഒരു കാര്‍ വരുന്നതും പോകുന്നതുമൊക്കെ കാമറയില്‍ പതിയുന്നതിനാല്‍ ഈ സമയം അധികൃതർക്ക് കൃത്യമായി അറിയാന്‍ കഴിയും.
എന്നാല്‍ ഈ നിയമം നിമിത്തം ഏതാണ്ട് 11,000 പൗണ്ടിന്റെ പിഴ അടയ്ക്കേണ്ട അവസ്ഥയിലാണ് ഡാര്‍ലിംഗ്ടണിലുള്ള ഹന്ന റോബിന്‍സണ്‍. ഫീതാംസ് ലെഷര്‍ സെന്ററില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന ഇവര്‍ യഥാര്‍ഥത്തില്‍ പാര്‍ക്കിംഗ് ഫീസ് അടയ്ക്കാറുണ്ട്.
എന്നാല്‍ കാറിനകത്ത് ഇന്റര്‍നെറ്റ് കണക്ഷനില്ലാത്തതിനാല്‍ മിക്കപ്പോഴും അഞ്ച് മിനിറ്റിനുള്ളില്‍ പണം അടയ്ക്കാന്‍ കഴിയാറില്ല. ഇങ്ങനെ പലവട്ടമായപ്പോള്‍ കമ്പനിയിലെ പിഴ കൂടി വന്നു. ഒടുവില്‍ ഇന്ത്യ രൂപയാനുസരിച്ച് ഏകദേശം ഒരു ലക്ഷത്തിന് മുകളില്‍ ഫൈന്‍ ഉണ്ടത്രെ.
ഇത് ലജ്ജാകരമാണെന്നാണ് ഹന്നയുടെ അഭിപ്രായം. കാരണം എല്ലാവര്ക്കും അത്ര വേഗത്തില്‍ പണം അടയ്ക്കാന്‍ കഴിയില്ലത്രെ. കാര്‍ പാര്‍ക്ക് ഓപ്പറേറ്ററായ എക്സല്‍ പാര്‍ക്കിംഗ് സര്‍വീസസുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് ഹന്ന പറഞ്ഞത്.
ഹന്ന പറഞ്ഞതിനോട് യോജിക്കുന്ന നിരവധിപേര്‍ ഉണ്ട്. കുട്ടികളുമായി മറ്റും വരുമ്പോള്‍ ഈ സമയത്തിനുള്ളില്‍ ഇക്കാര്യം ചെയ്യുക പ്രയാസമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും 5 മിനിറ്റ് പാര്‍ക്കിംഗ് വലിയ ചര്ച്ചയാവുകയാണവിടെ...