അതിരുകളില്ലാത്ത സ്നേഹത്തിനെന്ത് ദൂരം; ഒരു നായയുടെ ഹൃദയസ്പര്‍ശിയായ കഥ
Saturday, August 3, 2024 11:28 AM IST
നായകള്‍ക്ക് തങ്ങളുടെ ഉടമകളോടുള്ള അടുപ്പം വളരെ പ്രസിദ്ധമാണല്ലൊ. ഹാച്ചിക്കൊ പോലുള്ള പ്രസിദ്ധ നായകള്‍ ഇക്കാര്യം കാലങ്ങളെ ഭേദിച്ച് വിളിച്ചു പറയുന്നു. നമ്മുടെ നാട്ടിലും ഇത്തരത്തിലെ ഹൃദയസ്പര്‍ശിയായ സംഭവങ്ങള്‍ നടക്കാറുണ്ട്.
ഇപ്പോഴിതാ കര്‍ണാടകയില്‍ നിന്നുള്ള ഒരു മനുഷ്യനും അദ്ദേഹത്തിന്റെ നായയും സമൂഹ മാധ്യമങ്ങളെ വിസ്മയിപ്പിക്കുന്നു. കര്‍ണാടകയിലെ ഗ്രാമമായ യാംഗര്ണിയിലുള്ള ഗ്യാന്‍ദേവ് കുംഭറുവിന്റെ നായയാണ് മഹാരാജ്.
ഒരു സാധാരണ നാടന്‍ നായയായ ഇതിനെ നാട്ടുകാര്‍ക്കും വലിയ ഇഷ്ടമായിരുന്നു. അങ്ങനിരിക്കെ കുംഭറുവും നാട്ടുകാരില്‍ ചിലരും ആഷാദി ഏകാദശി ആഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പണ്ഡര്‍പൂരിലെ വിഠോബ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ തീരുമാനിച്ചു. മഹാരാജും യാത്രയില്‍ ചേര്‍ന്നു.
അങ്ങനെ 200 കിലോമീറ്ററോളം അത് കുംഭറുവിനൊപ്പം നടന്നു. പക്ഷെ നിരവധി തര്ഥാടകര് ഉള്ളതിനാല്‍ യാത്രയ്ക്കിടയില്‍ കുംഭറുവിന് തന്റെ വളര്‍ത്തു നായയെ നഷ്ടമായി. ആളുകള്‍ക്കിടയില്‍ അദ്ദേഹം അവനെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഏറെ ദുഃഖിതനായ അദ്ദേഹം മഹാരാജില്ലാതെ നാട്ടിലേയ്ക്ക് തിരിച്ചു.
എന്നാല്‍ വീട്ടിലെത്തിയ കുംഭര്‍ ഞെട്ടി. കാരണം മഹാരാജ് കൃത്യമായി തിരിച്ചെത്തി. ഏകദേശം 200 കിലോമീറ്റര്‍ കൃത്യമായി നടന്നാണ് അവന് ഉടമയ്ക്കരികിലെത്തിയത്. ഈ സംഭവം അറിഞ്ഞവരെയൊക്കെ ഞെട്ടിച്ചു.
മഹാരാജിന്റെ തിരിച്ചുവരവ് ഗ്രാമവാസികള്‍ ആഘോഷമാക്കി. അവര്‍ വിത്തല്‍ ക്ഷേത്രത്തില്‍ നിന്ന് കുംഭറിന്റെ വീട്ടിലേക്ക് ഘോഷയാത്ര നടത്തി. ഗ്രാമവാസികള്‍ ദൈവിക അദ്ഭുതം എന്നാണ് ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. നെറ്റിസണ്‍സും ഈ നായയുടെ തിരിച്ചുവരിവില്‍ അന്തംവിട്ടിരിക്കുകയാണ്.