"തായ്ലന്ഡിലെ തെരുവു നായകളുടെ പ്രതീക്ഷ"; അവര്‍ ജീവിതം മാറ്റിയെന്ന് ഹാര്‍ബിസണ്‍
Wednesday, July 31, 2024 1:01 PM IST
"ജീവിതം എന്തിനെന്ന ചിന്ത' പലര്‍ക്കും ആദ്യം തോന്നില്ല. പലരും നിരാശയില്‍ മാത്രമാണ് ഈ ജീവിതം എന്തിനെന്ന് പറയുക. എന്നാല്‍ എല്ലാവര്ക്കും എന്തൊക്കെയൊ ഇവിടെ ചെയ്യാനുണ്ട്. അതിലേയ്ക്ക് എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന മനസുഖം ഒന്നുവേറെ തന്നെയാണ്.
അത്തരത്തില്‍ തന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് സന്തോഷവാനായി മാറിയ ഒരാളാണ് നിയാല്‍ ഹാര്‍ബിസണ്‍. നിലവില്‍ ഇദ്ദേഹം ആരെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ അടക്കം പറയുക തായ്ലന്ഡില് നായകളെ സംരക്ഷിക്കുന്ന ആള് എന്നാകും.
എന്നാല്‍ അതിലേയ്ക്കുള്ള തന്റെ യാത്ര ഹാര്‍ബിസണ്‍ തന്നെ കഴിഞ്ഞിടെ എഴുതുകയുണ്ടായി. "ഹോപ്പ്: ഹൗ സ്ട്രീറ്റ് ഡോഗ്സ് ടട് മീ ദ മീഡിയന് ഓഫ് ലൈഫ്' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, നിയാല്‍ ഹാര്‍ബിസണ്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോള്‍ അലന്റെ യാച്ചിലെ ഒരു സ്വകാര്യ ഷെഫായിരുന്നു. ഈ കാലത്ത് ഒരു ദിവസം മൂന്ന് കുപ്പി വൈന്‍ കുടിക്കുമായിരുന്നു അദ്ദേഹം. 2009-ല്‍ അദ്ദേഹം മീഡിയയിലേക്കും മാര്‍ക്കറ്റിംഗിലേക്കും തിരിയുകയും രണ്ട് സോഷ്യല്‍ മീഡിയ കമ്പനികള്‍ സ്ഥാപിക്കുകയും പിന്നീട് വില്‍ക്കുകയും ചെയ്തു.
വിഷാദവും ഉത്കണ്ഠയും കൈകാര്യം ചെയ്യുകയും നേരിടാന്‍ അദ്ദേഹം മദ്യം ഉപയോഗിക്കാന്‍ തുടങ്ങി. ശേഷം അദ്ദേഹം ലഹരിയ്ക്ക് അടിമപ്പെട്ടു. 2020 അവസാനത്തോടെ ഹാര്‍ബിസണ്‍ ആശുപത്രി കിടക്കയില്‍ എത്തപ്പെട്ടു. വൈകാതെ മരണവും കാത്ത് ഐസിയുവില്‍ കിടന്നു.
2021 ന്റെ പുതുവര്‍ഷ പുലരിയുടെ വെടിക്കെട്ടുകള്‍ കേള്‍ക്കുമ്പോള്‍ താന്‍ മരിക്കുകയാണെന്ന് ബോധ്യപ്പെട്ടു ഹാര്‍ബിസണ്‍ മനസിലായി. അന്നേരമാണ് അദ്ദേഹം "ദൈവമേ, ഞാന്‍ ജീവിച്ചതിനേക്കാള്‍ കൂടുതല്‍ എന്തെങ്കിലും ജീവിതത്തില്‍ ഉണ്ടായിരിക്കണം. എന്തെങ്കിലും അര്ഥമുള്ളത് ചെയ്യണം' എന്ന് പ്രാര്‍ഥിച്ചത്.
അദ്ഭുതം പോലെ മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം ആശുപത്രിവിട്ടു. 2021 ജനുവരി ആദ്യം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയെന്ത് ചെയ്യണം എന്നദ്ദേഹം ചിന്തിക്കുകയുണ്ടായി. തന്റെ നിയോഗത്തെയും കുറിച്ചും അദ്ദേഹം ആലോചിച്ചു.
എന്നാല്‍ ഒരുവര്‍ഷം ചിന്തിച്ചിട്ടും അദ്ദേഹത്തിന് അതിലേയ്ക്ക് എത്താന്‍ കഴിഞ്ഞില്ല. 2022ന്റെ തുടക്കത്തില്‍ ഒരുദിവസം നടക്കുമ്പോള്‍, അദ്ദേഹം ചില നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുകയുണ്ടായി. അടുത്തദിവസവും അദ്ദേഹം അതേ പ്രവൃത്തി ചെയ്തു.
അടുത്തദിവസം തന്നെ കാത്തിരിക്കുന്ന നായകളെയാണ് അദ്ദേഹം കാണുകയുണ്ടായി. താമസിയാതെ ഇത് ഒരു ദൈനംദിന ചര്യയായി മാറി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ കൂടുതല്‍ നായ്ക്കള്‍ക്ക് അദ്ദേഹം ഭക്ഷണം നല്കി.
ഇതോടെ തന്റെ നിയോഗം തായ്ലന്ഡിലെ തെരുവ് നായകളുടെ സംരക്ഷിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 43 കാരനായ ഹാര്‍ബിസണ്‍ തായ്ലന്ഡിലെ ഒരു ദ്വീപായ കോ സാമുയിയില്‍ ആയിരക്കണക്കിന് നായകളെ സംരക്ഷിക്കാന്‍ തുടങ്ങി. ഹാപ്പി ഡോഗ്ഗോ എന്ന ഒരു സംഘടന അദ്ദേഹം ആരംഭിച്ചു.
അന്നാട്ടിലെ മൃഗഡോക്ടര്‍മാരുമായി ചേര്‍ന്ന പതിനായിരക്കണക്കിന് തെരുവുനായകളെ വന്ധ്യംകരിച്ചു. എട്ട് ലക്ഷത്തോളം തെരുവു നായകള്‍ ആ പ്രദേശത്തുണ്ടത്രെ. അവയ്ക്ക് വാക്സിനേഷനുകള്‍ നല്‍കാനും സംരക്ഷണം നല്‍കാനും അദ്ദേഹം തീരുമാനിച്ചു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴി അദ്ദേഹം ഫണ്ട് സ്വരൂപിച്ചു.
നിലവില്‍ ധാരാളം നായകള്‍ക്ക് പ്രിയപ്പെട്ടവനാണ് അദ്ദേഹം. എന്നാല്‍ താന്‍ ഒരിക്കല്‍ ഈ തെരുവ് നായകളെ ഉപദ്രവിച്ചിരുന്നതായി ഹാര്‍ബിസണ്‍ പറയുന്നു. ഇന്ന് തന്റെ ജീവിതത്തെ മാറ്റിമറിച്ച് അതിനര്‍ഥം നല്‍കിയത് ഈ തെരുവ് നായകളാണെന്ന് അദ്ദേഹം പറഞ്ഞു. അവ തനിക്കും താന്‍ അവയ്ക്കും ഇനിയെന്നും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു...