അമിതമായാൽ...; ഭക്ഷണം കഴിക്കല്‍ തുടർന്നു, ലൈവ് സ്ട്രീമിനിടെ യുവതി മരിച്ചു
Monday, July 22, 2024 3:14 PM IST
എന്തും അമിതമായാല്‍ ആപത്താണ് എന്നാണല്ലൊ പൊതുവേ പറയാറ്. അതിപ്പോള്‍ ആഹാരമായാലും അങ്ങനെ തന്നെ. അത്തരത്തില്‍ സംഭവിച്ച ഒരു ദുരന്തത്തിന്റെ കാര്യമാണിത്.
ചൈനയിലാണ് സംഭവം. പാന്‍ സിയാവോട്ടിംഗ് എന്ന 24 കാരി ചൈനിയിലെ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായിരുന്നു. കാമറയ്ക്ക് മുന്നില്‍ ലൈവായി ഭക്ഷണം കഴിച്ച് ഇവര്‍ ധാരാളം ഫോളോവേഴ്സിനെ നേടുകയുണ്ടായി.
തുടക്കത്തില്‍ ഒരു പരിചാരികയായി ജോലി ചെയ്തിരുന്ന ഇവര്‍ പാര്‍ട്ടൈം ആയിട്ടാണ് ലൈവ് സ്ട്രീം ചെയ്തിരുന്നത്. തന്റെ ജനപ്രീതി ഉയരാന്‍ തുടങ്ങിയതോടെ യുവതി ജോലി ഉപേക്ഷിച്ച് പൂര്‍ണമായും സോഷ്യല്‍ മീഡിയ താരമായി മാറി.
എന്നാല്‍ ക്രമാതീതമായി ആഹാരം കഴിച്ചുള്ള പ്രകടനം ആപത്താകുമെന്ന് പലരും അവരെ ഉപദേശിച്ചു. പക്ഷെ ആളതത്ര ചെവിക്കൊണ്ടില്ല. ലൈവ് സ്ട്രീമിംഗിനായി സ്റ്റുഡിയോ വരെ വാടകയ്ക്കെടുത്തു. ഗണ്യമായ വരുമാനം കൂട്ടാന്‍ ആഹാരം കഴിക്കുന്നതും വര്‍ധിപ്പിച്ചു.
10 മണിക്കൂര്‍ വരെ ഒറ്റയിരിപ്പിന് ആഹാരം കഴിച്ചിരുന്നത്രെ. അവളുടെ ഭാരം 300 കിലോഗ്രാം ആയിത്തീര്‍ന്നു. ഫലത്തില്‍ ഒന്നിലധികം തവണ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒടുവില്‍ ഈ മാസം 14ന് നടത്തിയ ലൈവ്സ്ട്രീമിംഗിനിടെ അവര്‍ മരണപ്പെടുകയുണ്ടായി.
മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ദഹിക്കാത്ത ഭക്ഷണം കൊണ്ട് വയറ് നിറയുകയും താഴത്തെ ഭാഗം വികൃതമാവുകയും ചെയ്തതായി ചൈനീസ് വെബ്സൈറ്റ് സോഹു റിപ്പോര്‍ട്ട് ചെയ്തു. എന്തായാലും ഇത്തരം പ്രവൃത്തികളെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കണമെന്നാണ് നെറ്റിസന്‍സിന്റെ പൊതുവായ അഭിപ്രായം.