"സ്നേഹം കാരണം'; ദിവസവും 320 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഭര്‍ത്താവ്
Saturday, July 20, 2024 11:20 AM IST
സ്നേഹത്തെ എത്ര വാക്കുകളാല്‍ വാഴ്ത്തിയാലും അത് അധികമാകില്ലല്ലൊ. യഥാര്‍ഥ സ്നേഹം വാക്കുകള്‍ക്ക് അതീതമാണല്ലൊ. ചിലരുടെ സ്നേഹത്തിന്റെ കഥ ലോകത്തെ വിസ്മയിപ്പിക്കും.
അത്തരത്തില്‍ നെറ്റിസനെ ഞെട്ടിച്ച ഒരു ഭര്‍ത്താവിന്റെ കഥയാണ്. ഇദ്ദേഹത്തിന് തന്റെ ഭാര്യയോടുള്ള കരുതല്‍ ഒരു ദൂരത്തിനും തോല്പിക്കാന് കഴിയില്ലത്രെ. ലിന് ഷു എന്ന ചൈനാക്കാരനാണ് ഈ വ്യക്തി. ഇദ്ദേഹം അടുത്തിടെയാണ് വിവാഹിതനായത്.
തന്റെ ഭാര്യയുടെ സ്നേഹത്തിന് വേണ്ടി മാത്രം ഇദ്ദേഹം ദിവസേന 320 കിലോമീറ്റര്‍ യാത്ര ചെയ്യുമത്രെ. ഏകദേശം ആറുമണിക്കൂറാണ് ഇദ്ദേഹം ജോലി ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങാന്‍ എടുക്കുന്നത്.
തന്റെ ദൈനംദിന ഷെഡ്യൂള്‍ ലിന് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനില്‍ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. എന്നും രാവിലെ അഞ്ചിനാണ് ലിന് ഉണരുന്നത്. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലുള്ള വീട്ടില്‍ നിന്നും 5.20ന് യാത്ര തിരിക്കും.
സ്റ്റേഷനിലേക്ക് 30 മിനിറ്റ് ഇലക്ട്രിക് ബൈക്കില്‍ പോകുന്നു. 6:15 ന് ട്രെയിന്‍ കയറും. 7.46 ന് ഷാന്ഡോംഗിന്റെ കിഴക്കന്‍ ഭാഗത്തുള്ള ക്വിംഗ്ദാവോയില്‍ എത്തിയ ശേഷം, ഒടുവില്‍ തന്റെ ഓഫീസിലേക്ക് 15 മിനിറ്റ് ഭൂഗര്‍ഭ സബ്വേ യാത്ര നടത്തും.
രാവിലെ ഒമ്പതിന് ജോലി ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം തന്റെ കമ്പനിയുടെ കാന്റീനില്‍നിന്ന് പ്രഭാതഭക്ഷണം കഴിക്കും. ഈ 31-കാരന് ഓഫീസില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകാന്‍ വീണ്ടും മൂന്നോ നാലോ മണിക്കൂര്‍ എടുക്കും.
എന്തിനാണിങ്ങനെ യാത്ര ചെയ്യുന്നതെന്ന ചോദ്യത്തിന് "സ്നേഹം കാരണം' എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. ഏഴുവര്‍ഷം തീവ്രമായി പ്രണയിച്ചശേഷമാണ് ലിന് കാമുകിയെ വിവാഹം ചെയ്തത്.
എന്തായാലും ഭാര്യയ്ക്കും ക്വിംഗ്ദാവോയില്‍ ഒരു ജോലി അന്വേഷിക്കുകയാണ് ലിന്. അത് ലഭിച്ചാല്‍ ഇത്രദൂര യാത്ര ഒഴിവാക്കാന്‍ കഴിയും. അതിനവര്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയാണ് നെറ്റിസണ്‍സ്.