ബാല്യത്തെ നിറമുള്ളതാക്കിയ "ഒട്ടക മഷി'; ദണ്ഡേക്കറുടെ ക്യാംലിന്റെ കഥ
Thursday, July 18, 2024 3:26 PM IST
അമ്മൂമ്മ കഥകളിലെ അവിഭാജ്യ ഘടകമായ ഒന്നായിരുന്നല്ലൊ നിധിപ്പെട്ടി. സമ്പത്ത് കുമിഞ്ഞുകൂടിയ അത് സ്വന്തമാക്കുവാന്‍ കഥ കേട്ടിരുന്ന ഓരോ കുട്ടിയും ആഗ്രഹച്ചിരുന്നു. അവരുടെ ആ സ്വപ്നങ്ങള്‍ക്ക് മുന്നിലേയ്ക്ക് എത്തിയ ഒന്നായിരുന്നു ക്യാംലിന്‍ ജ്യാമിതി എന്ന നിധിപ്പെട്ടി.
പഠനകാലത്തിന്റെ ഗൃഹാതുരത്വം പേറുന്ന എല്ലാവരിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന ഒന്നാണ് ആ "കോമ്പസ് ബോക്സ്'. സ്കെയിലും കട്ടറും മായ്പ്പ് റബറും കോമ്പസും പൊട്രാക്ടറുമൊക്കെ നിറഞ്ഞുനിന്ന ആ ബോക്സ് ഓരോ കുട്ടിക്കും മുന്നിലെത്തിച്ചത് സുഭാഷ് ദണ്ഡേക്കര്‍ എന്ന വ്യക്തിയായിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച തന്റെ 86-ാം വയസില്‍ അദ്ദേഹം മുംബൈയില്‍വച്ച് മരണപ്പെടുകയുണ്ടായി. എന്നാല്‍ തന്റെ ജീവിതകാലത്ത് ഒട്ടനവധി ബാല്യങ്ങള്‍ക്ക് നിറം പകരാൻ അദ്ദേഹത്തിനായി. നിലവില്‍ കൊകുയോ കാംലിന്‍ എന്നറിയപ്പെടുന്ന കാമലിന്റെ ചരിത്രത്തെ കുറിച്ച് അല്പം...
1931-ല്‍ യുവ രസതന്ത്ര ബിരുദധാരിയായ ദിഗംബര്‍ പരശുറാം ദണ്ഡേക്കര്‍ എഴുത്ത് മഷി നിര്‍മിക്കാന്‍ ഒരു കമ്പനി തുടങ്ങാന്‍ തീരുമാനിക്കുകയുണ്ടായി. അങ്ങനെ തന്റെ സഹോദരനായ ജി.പി. ദണ്ഡേക്കറിനൊപ്പം അദ്ദേഹം ദണ്ഡേക്കര്‍ ആന്‍ഡ് കോ. ആരംഭിച്ചു. "ക്യാമല്‍' അഥവാ "ഒട്ടകം' എന്നായിരുന്നു ഇവരുടെ ബ്രാന്‍ഡിന്റെ ആദ്യപേര്.
ഈ പേരു വന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. അക്കാലത്ത് സമാനമായ നിരവധി കമ്പനികള്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു. അതിനാല്‍ വേറിട്ടുനില്‍ക്കാന്‍ ആകര്‍ഷകമായ എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടെന്ന് ദണ്ഡേക്കര്‍ സഹോദരന്മാര്ക്ക് തോന്നി. അവര്‍ ഒരു ഫൗണ്ടന് പേന പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സമയം കൂടിയായിരുന്നു അത്.
ഒരു ബ്രാന്‍ഡ് നെയിമിനായി അവര്‍ തലപുകഞ്ഞ് ആലോചിച്ചിക്കുകയുണ്ടായി. എന്നാല്‍ തെളിഞ്ഞുവന്ന ഒരുപേരും നല്ലതായി തോന്നിയില്ല. അങ്ങനിരിക്കെ അവിചാരിതമായി ഒരു സിഗരറ്റ് പരസ്യം അവരുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. "ഒട്ടകത്തിന് വേണ്ടി ഞാന്‍ ഒരു മൈല്‍ നടക്കാം' എന്ന വാചകമായിരുന്നു ആ പരസ്യത്തിനുണ്ടായിരുന്നത്.
ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ദണ്ഡേക്കര്‍ സഹോദരന്മാര് തങ്ങളുടെ ബ്രാന്‍ഡിന് "ക്യാമല്‍' എന്ന് പേരിട്ടു. പിന്നീട് 2000 ത്തിന്റെ തുടക്കത്തില്‍ കമ്പനിയെ "ക്യാംലിന്‍' എന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി. "ക്യാമല്‍', "ഇങ്ക്' എന്നീ പദങ്ങളുടെ സംയോജനമാണ് "ക്യാംലിന്‍' എന്ന പേര്.
വര്‍ഷങ്ങള്‍ക്കിപ്പുറം പിതാവ് ദിഗംബര്‍ ദണ്ഡേക്കറില് നിന്ന് സുഭാഷ് ദണ്ഡേക്കര്‍ ഈ ബിസിനസ് ഏറ്റെടുത്തു. ശേഷം മഷി നിര്‍മിക്കുന്ന കമ്പനി വിപുലീകരിച്ചു. ജ്യോമെട്രി ബോക്സുകള്‍, ഫയലുകള്‍, ഓഫിസ് ഉപകരണങ്ങള്‍ തുടങ്ങി ഒട്ടനവധി സ്റ്റേഷനറി ഉല്പന്നങ്ങളിലേയ്ക്കും ക്യാംലിന്‍ വ്യാപിച്ചു.
1971-ല്‍ സ്റ്റെന്‍സിലുകളും ജ്യാമിതി ബോക്സുകളും ഉള്‍പ്പെടുന്ന എഴുത്ത് ഉപകരണങ്ങള്‍ പുറത്തിറക്കി. ഇതിനിടെ സ്റ്റേറ്റ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഓഫ് മലേഷ്യയുമായി സഹകരിച്ച് ഒരു സംയുക്ത സംരംഭം രൂപീകരിക്കുകയും ചെയ്തു. അത് 1982-ല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫൈന്‍ കെമിക്കല്‍സ് എന്നിങ്ങനെ വൈവിധ്യവത്കരിക്കപ്പെട്ടു.
2011 ല്‍ ജപ്പാനിലെ കൊകുയോ എന്ന കമ്പനി ക്യാംലിനെ ഏറ്റെടുത്തു. അന്നുമുതല്‍ ക്യാംലിന്റെ ചെയര്മാന് എമിററ്റസ് പദവിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇപ്പോൾ, തങ്ങളുടെ ബാല്യത്തെ മനോഹരമാക്കിയ സുഭാഷ് ദണ്ഡേക്കറിന്റെ ഓർമകൾക്ക് മുന്നിൽ സ്നേഹാദരവ് അർപ്പിക്കുകയാണ് നെറ്റിസൺസ്...