"ദയാവധപ്പെട്ടി' നിരോധിച്ച് സ്വിറ്റ്സർലൻഡ്
Monday, July 15, 2024 11:41 AM IST
ദയാവധത്തിനായി നിർമിച്ച ഉപകരണം ആദ്യ ഉപയോഗത്തിനു മുൻപുതന്നെ സ്വിറ്റ്സർലൻഡിൽ നിരോധിച്ചു. സാർക്കോ എന്നു വിളിക്കപ്പെടുന്ന "ദയാവധപ്പെട്ടി'ക്കാണു നിരോധനം. ഒരു ബട്ടൺ അമർത്തിയാൽ ദയാവധത്തിനു വിധേയനാകുന്നയാളുടെ ജീവൻ നിമിഷങ്ങൾക്കകം ഇല്ലാതാകുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവർത്തനം.
ബട്ടൺ അമർത്തുന്പോൾ അറയിൽ നൈട്രജൻ നിറയുകയും ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യും. അങ്ങനെയാണു മരണം സംഭവിക്കുക. സ്വിറ്റ്സർലൻഡിലെ ഷാഫ്ഹൗസെൻ കാന്റണിലെ പ്രോസിക്യൂട്ടർമാരാണ് "ദയാവധപ്പെട്ടി'യെക്കുറിച്ച് നിയമപരവും ധാർമികവുമായ ആശങ്കകൾ ഉന്നയിച്ചത്.
ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലേക്കും അതിനുള്ളിൽ സംഭവിക്കുന്ന മരണത്തിന്റെ ആത്യന്തിക ഉത്തരവാദിത്തം ആർക്കാണെന്നുള്ളതിനെക്കുറിച്ചും പ്രോസിക്യൂട്ടർമാർ ആശങ്കകൾ ഉന്നയിച്ചു.
ഇതോടൊപ്പം ഉപകരണം ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായി പ്രവർത്തിക്കുകയോ ചെയ്യുമെന്ന ആശങ്കയും ഉയർത്തി. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു നിരോധനം.
2019 ലെ വെനീസ് ഡിസൈൻ ഫെസ്റ്റിവലിൽ "മരണത്തിന്റെ ഡോക്ടർ' എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിറ്റ്ഷ്കെ ആണ് ഉപകരണം അവതരിപ്പിച്ചത്. മരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഇത് അവതരിപ്പിച്ചതെന്നായിരുന്നു ഡോക്ടറുടെ അവകാശവാദം.
ആത്മഹത്യയെ സഹായിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും ഉതകുന്ന ഈ ഉപകരണം ഉപയോഗിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവ് ലഭിക്കുമെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു.