സൈനികസമ്പന്നമായ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമം
Friday, July 12, 2024 2:34 PM IST
വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ ഏഴാം സ്ഥാനമാണല്ലൊ ഇന്ത്യയ്ക്ക്. വൈവിധ്യങ്ങളായ സംസ്കാരങ്ങളാലും ഭൂപ്രകൃതിയാലും സമ്പന്നമാണല്ലൊ ഈ രാജ്യം. നിലവില്‍ കുഗ്രാമങ്ങളും ഗ്രാമങ്ങളും ഇടപട്ടണങ്ങളും വലിയ നഗരങ്ങളുമൊക്കെ നമുക്ക് കാണാന്‍ കഴിയും.
എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമം ഏതെന്ന് നിങ്ങള്‍ക്കറിയമൊ. അത് ഉത്തര്‍പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഗാസിപൂര്‍ ജില്ലയിലെ ഗഹ്മര്‍ ആണ് ഈ ഗ്രാമം. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗഹ്മര്‍, ഗാസിപൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ്.
1530-ല്‍ കുസും ദേവ് റാവുവാണ് സക്ര ദീഹ് എന്നറിയപ്പെടുന്ന സ്ഥലത്ത് ഈ ഗ്രാമം സ്ഥാപിച്ചത്. നിലവില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ജനസംഖ്യ ഈ ഗ്രാമത്തിലുണ്ട്. ഏറ്റവും സവിശേഷമായ കാര്യം ഗ്രാമത്തിലെ ഏകദേശം 12,000 പേര് ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു എന്നതാണ്. കൂടാതെ, വിരമിച്ച നിരവധി സൈനികരും ഉദ്യോഗസ്ഥരും ഉണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1965, 1971, കാര്‍ഗില്‍ ഉള്‍പ്പെടെയുള്ള യുദ്ധങ്ങളില്‍ ഗഹ്മര്‍ ഗ്രാമത്തിലെ സൈനികര്‍ പങ്കെടുത്തിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈ ഗ്രാമത്തിലെ ചില സൈനികരും ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നതായി പറയപ്പെടുന്നു. ഇന്നും ഗ്രാമത്തില്‍ അവരുടെ സ്മരണയ്ക്കായി ഒരു ശിലാശാസനമുണ്ട്.
കിഴക്കന്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള ബീഹാറിലെ ജനങ്ങളുടെ വലിയ വിശ്വാസകേന്ദ്രമായ കാമാഖ്യ ദേവി ക്ഷേത്രം ഈ ഗ്രാമത്തിലാണുള്ളത്. നഗര തിരക്കുകളില്‍ നിന്ന് മാറി സാംസ്കാരിക പൈതൃകം പേറി ആളുകളുടെ പ്രിയ ഇടമായി നിലകൊള്ളുകയാണ് ഈ വലിയ ഗ്രാമം.