"കന്പു' അഥവാ പേൾമില്ലറ്റിൽ വിജയംകണ്ട് മുരളി കൃഷ്ണൻ
ബിജു കുര്യൻ
Monday, July 8, 2024 11:42 AM IST
പേൾമില്ലറ്റ് എന്ന ചെറുധാന്യത്തെ പരിചയപ്പെടുത്തുകയാണ് കടന്പനാട് സ്വദേശിയായ മുരളികൃഷ്ണൻ. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടനുബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പ് വിതരണം ചെയ്ത വിത്തിനങ്ങളിൽ ഒന്നായിരുന്നു പേൾമില്ലറ്റ്. ഉത്തരേന്ത്യയിൽ "ബാജിറ' എന്നറിയപ്പെടുന്ന ധാന്യത്തിന് മലയാളത്തിലും തമിഴിലും "കമ്പു' എന്ന പേരാണ് നൽകിയിട്ടുള്ളത്.
വിമുക്തഭടനായ അടൂർ കടമ്പനാട് വടക്ക് കീഴൂട്ടുകാവ് വയലിൽ വൈശാഖം വീട്ടിൽ മുരളി കൃഷ്ണൻ ഉത്തരേന്ത്യയിൽ ജോലി നോക്കുന്ന അവസരത്തിൽ ഈ ധാന്യം കണ്ടിട്ടുണ്ട്. കൃഷി രീതികളെക്കുറിച്ചും ഏറെക്കുറെ മനസിലാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം അദ്ദേഹം തന്റെ പത്തുസെന്റ് സ്ഥലത്ത് ചെറുധാന്യം കൃഷിചെയ്തത്. പത്തുസെന്റിൽനിന്ന് 20 കിലോയോളം വിളവെടുത്തു.
അരിയുടെ അതേ ഉപയോഗമുള്ള കന്പു എന്ന ചെറുധാന്യം ദോശ, ഇഡലി പോലെയുള്ള പലഹാരങ്ങൾ തയാറാക്കാൻ നല്ലതാണ്. റാഗിയുടെ അതേ ഉപയോഗമാണ്. റാഗിയേക്കാൾ അല്പംകൂടി വലിപ്പമുണ്ട്. മണിച്ചോളത്തിന്റെ അതേ രൂപഭംഗിയുമുണ്ട്. മുത്തിന്റെ ആകൃതിയും ഊത (ചുവപ്പ് കലർന്ന നീല നിറം) നിറവുമാണ്. മുത്ത് ചോളം എന്ന പേരിൽ ഇത് വയനാടൻ മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്.
പോഷക സമ്പുഷ്ടമായ ചെറുധാന്യമാണ് ഇംഗ്ലീഷിൽ പേൾമില്ലറ്റ് എന്ന് അറിയപ്പെടുന്ന പുല്ല് വർഗത്തിൽപ്പെട്ട ഈ കുഞ്ഞൻ ധാന്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് രാജസ്ഥാനിലാണ്. ചൂടിനെ അതിജീവിക്കാൻ കഴിയുന്ന വിളയാണ്. വേനൽക്കാല വാർഷിക വിളയായാണ് ഉത്തരേന്ത്യയിൽ ബാജിറ കൃഷി ചെയ്യുന്നത്.
ഇതിനു മഴ അത്രകണ്ട് പറ്റില്ല. ധാന്യം വിളവെത്തുന്ന സമയത്തു മഴ പെയ്താൽ പിന്നെ നഷ്ടപ്പെടും. വളരെ വേഗം കിളിർത്ത് വരുമെന്നതാണ് കാരണം. ഇരുമ്പ്, സിങ്ക് എന്നിവ ഇതിൽ ധാരാളമായുണ്ട്. മഗ്നീഷ്യം, കോപ്പർ എന്നീ ധാതുക്കളും, ഇ, ബി കോംപ്ലക്സ് വിറ്റമിനുകളും ഉണ്ട്.
ഇതിലെ ഉയർന്ന അളവിലെ നാരുകൾ ദഹനത്തെ സഹായിക്കുന്നതോടൊപ്പം നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയ രോഗത്തെ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതായാണ് ആയുർവേദ ശാസ്ത്രവും ചെറുധാന്യ ഗവേഷകരും വിലയിരുത്തുന്നു.
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കമ്പ് ഫ്രീ റാഡിക്കൾ കോശങ്ങളുടെ വളർച്ചയെ ചെറുക്കാൻ ശേഷിയുള്ളതിനാൽ കാൻസറിനെ പ്രത്യേകിച്ച് സ്തനാർബുദം പോലെയുള്ളവയെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നും നിഗമനമുണ്ട്.
റിട്ട. അധ്യാപികയായ രാജേശ്വരിയും മകൾ അനുപമയും മുരളി കൃഷ്ണനെ സഹായിക്കാൻ ഒപ്പമുണ്ട്. അടുത്ത കൃഷിക്കുള്ള തയാറെടുപ്പിലാണ് മുരളി കൃഷ്ണൻ. മഴ കഴിഞ്ഞു മാത്രമേ വിത്ത് നടാനാകൂ.
ഇത്തവണ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇതു വ്യാപിപ്പിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. സുഹൃത്തുക്കൾക്കും സമീപവാസികളായ കർഷകർക്കും വിത്ത് നൽകിയിട്ടുണ്ട്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്പോഴും കൃഷിയോടു പ്രത്യേക താത്പര്യം മുരളി കൃഷ്ണനുണ്ട്. കിഴങ്ങുവർഗ കൃഷി നടത്തി വരുന്നതിനിടെയാണ് ചെറുധാന്യ കൃഷിയിലേക്ക് പരീക്ഷണം നടത്തിയത്.