സീനത്തിന്റെ സ്വപ്ന സാഫല്യം
സീമ മോഹന്‍ലാല്‍
Wednesday, July 3, 2024 3:43 PM IST
"ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. എന്നാല്‍ ജീവിച്ചു കാണിക്കുക, അത് വളരെ പ്രയാസമുള്ള കാര്യം തന്നെയല്ലേ. തീയിലൂടെ ചവിട്ടിവന്ന ഞാന്‍ പെട്ടെന്നങ്ങനെ തളരില്ല, പിടിച്ചു നില്ക്കും...' പൊളളുന്ന ജീവിതാനുഭവങ്ങള്‍ക്കു മുന്നില്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം എന്ന സ്വപ്നത്തിലേക്ക് നടന്നു കയറുന്ന സന്തോഷത്തിലാണ് എറണാകുളം ചിറ്റേത്തുകര സ്വദേശിനിയായ എം.എ. സീനത്ത്.
ഇന്ന് തൃക്കാക്കര ഭാരത് മാതാ കോളജിലേക്ക് ബിഎ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായി സീനത്ത് എത്തുമ്പോള്‍ തന്റെ മകന്റെ പ്രായമുള്ള കുട്ടികളാണ് സഹപാഠികളായി കൂടെയുള്ളത്. പ്രതിസന്ധിയില്‍ തളരാതെ സാക്ഷരത തുല്യത പഠനത്തിലൂടെ പത്താം തരവും പ്ലസ് വണ്ണും പ്ലസ് ടുവും വിജയിച്ച് ബിരുദ പഠനത്തിനു പ്രവേശനം നേടിയ സന്തോഷത്തിലാണ് 48 കാരിയായ ഈ വീട്ടമ്മ. സ്വന്തമായി അധ്വാനിച്ച് മൂന്നു മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് ഇതു സാധ്യമായതെന്നത് സീനത്തിന്റെ നേട്ടത്തിന് തിളക്കം കൂട്ടുന്നു. സീനത്തിന്റെ വിജയഗാഥ വായിക്കാം...
ചെറു പ്രായത്തിലെ വിവാഹം
കാക്കനാട് ചിറ്റേത്തുകര തുണ്ടുപറമ്പില്‍ വീട്ടില്‍ പരേതനായ അബൂബക്കര്‍- നബീസ ദമ്പതികളുടെ മൂത്തമകളായ സീനത്തിന് കുട്ടിക്കാലം മുതല്‍ വായനയോട് താല്പര്യമുണ്ടായിരുന്നു. 1999 ല്‍ പത്താം ക്ലാസിലെ പരീക്ഷാസമയത്ത് സീനത്തിന് മഞ്ഞപ്പിത്തം ബാധിച്ച് പരീക്ഷയെഴുതാനായില്ല. തുടര്‍ന്ന് പഠിക്കണമെന്ന് മോഹം ഉണ്ടായെങ്കിലും വീട്ടിലെ സാഹചര്യം മോശമായിരുന്നു.
നിറമുള്ള സ്വപ്നങ്ങളുമായിട്ടായിരുന്നു ആ പെണ്‍കുട്ടി ചെറിയ പ്രായത്തിലാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. ഏറെ വൈകാതെ ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായി. അതില്‍ ഒരു കുട്ടിക്ക് പൂര്‍ണ വളര്‍ച്ച എത്തിയിരുന്നില്ല. തുടര്‍ന്നുള്ള ആറു മാസം കുഞ്ഞിനായി ഉറക്കമൊഴിച്ച് സീനത്ത് കാത്തിരുന്നു. ഏറെ വൈകാതെ താന്‍ പൊള്ളുന്ന ജീവിതാനുഭവത്തിലൂടെയാണ് കടന്നു പോകുന്നതെന്ന തിരിച്ചറിവ് സീനത്തിന്റെ വേദനകള്‍ക്ക് ആക്കം കൂട്ടി.
അതിനുശേഷം മൂന്നാമത് ഒരു ആണ്‍കുട്ടി കൂടി ജനിച്ചു. ജീവിത പങ്കാളിയില്‍ നിന്നുണ്ടായ മാനസിക പീഡനം വളരെ വലുതായിരുന്നു. ജീവിത വഴിയില്‍ താങ്ങാകാന്‍ ആരുമില്ലെന്ന യാഥാര്‍ഥ്യത്തില്‍ അവര്‍ 24 വര്‍ഷം തന്റെ വേദനകള്‍ ആരെയും അറിയിക്കാതെ മക്കള്‍ക്കായി ജീവിച്ചു. മക്കളുടെ വിദ്യാഭ്യാസവും കുടുംബഭാരവും തന്റെ ചുമലിലേക്ക് വന്നതോടെ അവര്‍ ആദ്യം പകച്ചു നിന്നു.
തുടക്കം വീട്ടുമുറ്റത്തെ ഫോട്ടോസ്റ്റാറ്റ് കടയില്‍നിന്ന്
സ്വന്തമായുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ വീട് വയ്ക്കാനായും മറ്റും ഉപയോഗിച്ചെങ്കിലും വീടിന്റെ ഉടമസ്ഥാവകാശം ഭര്‍ത്താവിനായിരുന്നു. വീടിനോട് ചേര്‍ന്നുള്ള കടമുറിയുടെ വാടക വാങ്ങാനും സീനത്തിന് അവകാശമുണ്ടായില്ല. മക്കളെ വളര്‍ത്താനായി മറ്റു മാര്‍ഗമൊന്നും ഇല്ലാതെ വന്നപ്പോള്‍ പല ബാങ്കുകളിലും ലോണിനായി അവര്‍ കയറിയിറങ്ങി.
ഒടുവില്‍ സ്വകാര്യ ബാങ്കില്‍നിന്ന് രണ്ടു ലക്ഷം രൂപ വായ്പയില്‍ വീട്ടുമുറ്റത്ത് പ്ലൈവുഡ്കൊണ്ട് ഒരു കൊച്ചു മുറിയുണ്ടാക്കി അവിടെ ഫോട്ടോസ്റ്റാറ്റും പ്രിന്റ് ഔട്ടുകളും എടുത്ത് നല്കുന്ന ഡിടിപി സെന്റര്‍ തുടങ്ങി. അവിടെനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്ന് നാലംഗ കുടുംബം കഴിഞ്ഞു.
വിദ്യാഭ്യാസത്തിന്റെ അഭാവത്തില്‍ തനിക്കുണ്ടായ ദുരനുഭവം മക്കള്‍ക്ക് ഉണ്ടാകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ പട്ടിണിക്കിടന്നപ്പോഴും മക്കള്‍ക്ക് നല്ല ഭക്ഷണം നല്കി, മക്കള്‍ പഠിക്കുമ്പോള്‍ രാവേറെ ഉറക്കമൊഴിച്ചു കൂടെയിരുന്നു. ഇന്ന് എംകോം പഠനത്തിനുശേഷം മൂത്തമകള്‍ ഇര്‍ഫാന യുകെയില്‍ എംബിഎയ്ക്കു പഠിക്കുന്നു. ബിഎ ഇംഗ്ലീഷ് ബിരുദധാരിയായ രണ്ടാമത്തെ മകള്‍ ഇഫ്രത്ത് വിവാഹിതയാണ്. മകന് മുഹമ്മദ് അബ്ദുള്‍ ഗഫൂര്‍ ചെന്നൈയില്‍ റേഡിയോളജി കോഴ്സ് പഠിക്കാന്‍ ചേര്‍ന്നു.
പഠിക്കാന്‍ പ്രേരിപ്പിച്ചത് മക്കള്‍
കോളജും കൂട്ടുകാരുമൊക്കെ എന്നും സീനത്തിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. പക്ഷേ, തന്റെ ആഗ്രഹം നിറവേറ്റാനൊരുങ്ങിയാല് മക്കളുടെ പഠനം പാതിവഴിയില്‍ മുറിഞ്ഞുപോകുമോയെന്ന ഭയം ഈ അമ്മയുടെ സ്വപ്നത്തിന് തടസമായി. എന്നാല്‍ മക്കളാണ് അവരെ തുടര്‍ പഠനത്തിന് പ്രേരിപ്പിച്ചത്. പെണ്മക്കള് ഡിഗ്രിക്കു പഠിക്കുമ്പോഴാണ് സീനത്ത് പത്താം ക്ലാസ് സാക്ഷരത തുല്യത പഠനത്തിന് ചേരുന്നത്.
ജോലിക്കിടെ പഠിക്കാനായി സമയം കണ്ടെത്തും. ചിലപ്പോള്‍ അതിരാവിലെ ഉണര്‍ന്ന് പഠിക്കും. സൗത്ത് വാഴക്കുളം സ്കൂളിലാണ് പത്താം തരം തുല്യത പഠിച്ചത്. 2015 ല്‍ പത്താം തരം വിജയിച്ചു. ഇടയ്ക്ക് പഠനം മുടങ്ങിയെങ്കിലും 2019 ല്‍ കളമശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കേന്ദ്രത്തില്‍നിന്ന് ഹ്യുമാനിറ്റിസില്‍ ഹയര്‍ സെക്കന്‍ഡറി തുല്യതയും വിജയിച്ചു. തുടര്‍ന്നാണ് തൃക്കാക്കര ഭാരത് മാതാ കോളജില്‍ ബിഎ മലയാളം കോഴ്സിന് ചേര്‍ന്നത്.
വിദ്യാഭ്യാസം പെണ്ണിന്റെ സമ്പത്ത്
വിദ്യാഭ്യാസവും ഒരു ചെറിയ ജോലിയും പെണ്ണിന് സമ്പത്ത് തന്നെയാണ്. പഠിപ്പും പണവും ഇല്ലാതിരുന്നതുകൊണ്ടാണ് ജീവിതം വഴിമുട്ടിയപ്പോള്‍ ഉറച്ച തീരുമാനമെടുക്കാനാവാതെ എനിക്ക് അടിമയെപ്പോലെ നോക്കിനില്‍ക്കേണ്ടിവന്നത്. പഠിച്ച ചെറിയ ജോലിയെങ്കിലും പെണ്‍കുട്ടികള്‍ നേടണമെന്ന കാര്യം ഞാന്‍ എന്റെ മക്കളോട് എപ്പോഴും പറയും. പിന്നെ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം പഠിക്കാന്‍ പോകുന്നതിന്റെ ചെറിയൊരു ടെന്‍ഷനുണ്ട്. പക്ഷേ, ഏറെ നാളത്തെ ആഗ്രഹമാണ് നടക്കാന്‍ പോകുന്നതെന്നോര്‍ക്കുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്'- സീനത്ത് പറഞ്ഞു നിര്‍ത്തി.