കായലും കടലും മലനിരകളും അലങ്കരിച്ച പെരുമകളുടെ ജില്ലയ്ക്കിന്ന് 75 "കൊല്ലം'
Monday, July 1, 2024 1:01 PM IST
ഓരോ തരിയും ഏതോ ഒരു നിമിഷത്തിന്റെ അടയാളങ്ങളാണല്ലൊ. അത്തരത്തില്‍ കാലത്തെ അതിനെ മാറ്റ് കുറയ്ക്കാതെ കാത്തുവച്ച ഒരു നാടിനിന്ന് 75 വര്‍ഷം തികയുകയാണ്. കാടും കായലും കടലും മലനിരകളും ഉള്‍പ്പെടെ എല്ലാ പ്രകൃതി സൗന്ദര്യങ്ങളുമുള്ള; ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിപ്പേരുള്ള ആ ഇടം കൊല്ലം ജില്ലയാണ്.
1949 ജൂലൈ ഒന്നിനാണ് കൊല്ലം ഡിവിഷന് ജില്ല ആയി മാറിയത്. പഴയ തിരുവിതാംകൂര്‍ സംസ്ഥാനം തെക്കന്‍ ഡിവിഷനെന്നും വടക്കന്‍ ഡിവിഷനെന്നും വിഭജിച്ചിരുന്ന കാലത്തു തെക്കന്‍ ഡിവിഷന്റെ തലസ്ഥാനമായിരുന്നു കൊല്ലം. വടക്കന്‍ ഡിവിഷന്റേത് കോട്ടയവും.
രൂപംകൊണ്ട കാലത്ത് 12 താലൂക്കുകള്‍ ഉണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ആറ് താലൂക്കുകളാണുള്ളത്. കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവയാണത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ രൂപീകരണത്തോടെയാണ് കൊല്ലം ജില്ലയുടെ വിസ്തീര്‍ണം കുറഞ്ഞത്.
കേരളത്തിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ലയെ സമൂഹ മാധ്യമങ്ങളുടെ കാലത്ത് ലേയ്സിന്റെയും മറ്റും പേരിലെ ട്രോളുകളിലൂടെയാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ ബൃഹുത്തായ പാരമ്പര്യമുള്ള ഒരിടമാണ് കൊല്ലം. മനുഷ്യര്‍ നായാടി ജീവിച്ച കാലത്തോളം പഴക്കമുണ്ട് കൊല്ലത്തിന്റെ ചരിത്രത്തിന്. 2,500 വര്‍ഷം മുന്‍പ് ചെറു ശിലായുഗ മനുഷ്യര്‍ ഇവിടെ താമസിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മങ്ങാട്ട് കാവില്‍ നിന്ന് 2,865 വര്‍ഷം പഴക്കമുള്ള മണ്‍പാത്രങ്ങളും ഇരുമ്പു പാത്രങ്ങളും കണ്ടെടുത്തിട്ടുമുണ്ട്.
മുന്‍പ് ക്വയ്ലോണ് എന്നും ദേശിംഗനാട് എന്നും താര്‍ഷിഷ് എന്നും കൊല്ലം അറിയപ്പെട്ടിരുന്നു. കൊല്ലം എന്ന പേരു വന്നതിനെ പറ്റി പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കൊല്ലവര്‍ഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമെന്നതാണ് ഇതില്‍ പ്രധാനം. പന്ത്രണ്ടു നൂറ്റാണ്ടു മുന്‍പ് ഉദയമാര്‍ത്താണ്ഡവര്‍മ്മ എന്ന തിരുവിതാംകൂര്‍ രാജാവാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. ഇത് കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാ സമ്പ്രദായത്തിന് കൊല്ലവര്‍ഷം എന്ന പേരു ലഭിച്ചതെന്നാണ് വിശ്വാസം.
ചീനഭാഷയില്‍ കൊയ്ലണ്‍ എന്ന വാക്കിന് വിപണി എന്നൊരു അര്‍ഥമുണ്ട്. ഈ വാക്കും കൊല്ലം എന്നതും തമ്മില്‍ ബന്ധമുണ്ടെന്നു ചില ചരിത്രകാരന്മാര് പറയുന്നു. കരുമുളകിന്റെ സംസ്കൃത പദമായ "കൊലം' എന്നതില്‍ നിന്നാണ് കൊല്ലം ലഭ്യമായെതെന്നും ചിലര്‍ കരുതുന്നു.
കോവിലകം അഥവാ കോയില്‍ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയില്‍ "കോയില്ലം' എന്നറിയപ്പെട്ടിരുന്ന ഇവിടം പില്ക്കാലത്ത് ലോപിച്ച് കൊല്ലം ആയി മാറുകയായിരുന്നുവെന്ന് മറ്റു ചിലര്‍ വിശ്വസിക്കുന്നു. ചീനക്കാരുടെ ഭാഷയില്‍ "കോലസം' എന്നാല്‍ "വലിയ അങ്ങാടി' എന്നര്ഥമുണ്ടെന്നും അതില്‍ നിന്നാവാം കൊല്ലം എന്ന സ്ഥലനാമമുണ്ടായതെന്നും വേറെ ചിലര്‍ കരുതുന്നു.
19-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരത്തില്‍ അറബികള്‍, റോമാക്കാര്‍, ചൈനാക്കാര്‍, ഗ്രീക്കുകാര്‍, ഫിനീഷ്യന്മാര്, പേര്ഷ്യാക്കാര് തുടങ്ങിയവര്‍ സജീവമായ വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു.
എന്നാല്‍ മേല്‍പ്പറഞ്ഞതൊന്നുമല്ല, മറിച്ച്, "കോലം' എന്ന പദത്തിന് ചങ്ങാടമെന്നും വഞ്ചികള്‍ കരയ്ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്കൃതത്തില്‍ അര്‍ഥം കാണുന്നതിനാല്‍ തുറമുഖനഗരം എന്ന രീതിയിലാണ് കൊല്ലം എന്ന പേരു ലഭിച്ചതെന്നും ചില നിഗമനങ്ങളുണ്ട്.
രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അര്‍ഥം വരുന്ന "കൊലു' എന്ന് ശബ്ദത്തില്‍ നിന്നാണു കൊല്ലം ഉണ്ടായത് എന്ന അഭിപ്രായമാണ് ഇതില്‍ ഏറ്റവും സ്വീകാര്യമായിട്ടുള്ളത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം ഇന്ത്യയിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ രൂപതയുടെ ആസ്ഥാനമാണ്. ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ് 1576ല്‍ സ്ഥാപിതമായത് കൊല്ലത്താണ്. ഡോക്ട്രീന ക്രിസ്തം എന്‍ ലിന്‍ഗ്വാ മലബാര്‍ തമുള് (തമ്പിരാന് വണക്കം) എന്ന ആദ്യ ഭാരതീയ ഭാഷാപുസ്തകം ഇവിടെ പ്രിന്റ് ചെയ്തു.
തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ലയും ആലപ്പുഴയും, കിഴക്ക് തമിഴ്നാടും, പടിഞ്ഞാറ് അറബിക്കടലും അതിര്‍ത്തിയായുള്ള കൊല്ലത്തിന്റെ ഭൂപ്രകൃതി ഒന്നുവേറെതന്നെയാണ്. കാനനവും സമുദ്രവും കായലും തുരുത്തുമൊക്കെ അലങ്കരിച്ച ഇവിടം സന്ദര്‍ശകരുടെ പറുദീസയാണ്.
കൊല്ലം ബീച്ച് തൊട്ട് പാലരുവി വെള്ളച്ചാട്ടംവരെ ഇവിടെ കാണാം. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മല, എട്ട് കൈവഴികളായി ഒഴുകുന്ന അഷ്ടമുടിക്കായല്‍, അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്തെ ചെറു തോടുകളാല് സമ്പന്നമാക്കപ്പെട്ട മണ്‍റോതുരുത്ത്, വിഖ്യാതമായ ജടായുപ്പാറ, നദിയുടെ നാടായ പുനലൂര്‍, ഓഫ് റോഡിംഗ് പ്രേമികളുടെ പ്രിയ ഇടമായ പുനലൂരില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ച് ആര്യങ്കാവ് വനത്തിനുള്ളിലൂടെ ഒന്‍പത് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കാണാനാകുന്ന റോസ്മല അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളുടെ വിസ്മയം ഈ ജില്ലയിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ തങ്കശേരിയില്‍ ആണ്. തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍പ്പാത കൊല്ലത്തിനും പുനലൂരിനും മധ്യേ നിര്‍മിച്ച മീറ്റര്‍ ഗേജ് ലൈനായിരുന്നു. വനത്തിന് നടുവിലായുള്ള കട്ടളപ്പാറ, വില്ലുമല അച്ചന്‍കോവില്‍, ചെമ്പനരുവി തുടങ്ങിയ ഗ്രാമങ്ങളൊക്കെ വേറിട്ട സൗന്ദര്യമാണ്.
കാലക്രമത്തില്‍ ജീര്‍ണിച്ച ഒന്നാണ് ചിന്നക്കട റെയില്‍വേ മേല്‍പ്പാലത്തിനോടു ചേര്‍ന്ന ചീനക്കൊട്ടാരം. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളാണ് 1904ല്‍ ചീനക്കൊട്ടാരം നിര്‍മിച്ചത്. ആശ്രാമം ഗെസ്റ്റ്ഹൗസ് തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടിഷ് ദിവാന് കേണല്‍ മണ്‍റോയ്ക്കു താമസിക്കാനാണ് നിര്‍മിച്ചതായിരുന്നു. 1503ല്‍ കൊല്ലത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ടയാണ് തങ്കശേരി കോട്ട. ഒരു കാലത്ത് ഭരണസിരാകേന്ദ്രമായി മാറിയ കോട്ട ഇന്ന് ഏതാനും ചുമരുകള്‍ മാത്രമായി അവശേഷിക്കുന്നു.
ഒട്ടനവധി കാവ്യശ്രേഷ്ഠന്മാര്ക്കും കലാകാരന്മാര്ക്കും മഹാന്മാര്ക്കും പിറവി നല്കിയ മണ്ണ് കൂടിയാണ് കൊല്ലം. കവി ഒ.എന്‍.വി കുറുപ്പ്, കെ.സി. കേശവപിള്ള, തിരുനല്ലൂര്‍ കരുണാകരന്, എഴുത്തുകാരി ലളിതാംബിക അന്തര്‍ജനം, നാടക കുലപതികളായാ തോപ്പില്‍ ഭാസി, ഓ. മാധവന്, കഥാപ്രസംഗകന് വി. സാംബശിവന്, ചലച്ചിത്ര താരങ്ങളായ അനശ്വര നടന് ജയന്, കൊട്ടാരക്കര ശ്രീധരന് നായര്‍, മുരളി, മുകേഷ്, ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, ഷാജി എന്‍. കരുണ്‍ (ചലച്ചിത്ര സംവിധായകന്), രാജീവ് അഞ്ചല്‍ (ചലച്ചിത്ര സംവിധായകന്), സംഗീത വിസ്മയങ്ങളായ ജി. ദേവരാജന്‍, രവീന്ദ്രന്, മലയാളസിനിമയെ ദേശാന്തരീയ പ്രശസ്തിയിലേക്കുയര്‍ത്തിയ നിരവധി സമാന്തരസിനിമകളുടെ നിര്‍മാതാവ് അച്ചാണി രവി തുടങ്ങി എത്രയെത്ര പേര്.
കൂടാതെ മുന്‍മുഖ്യമന്ത്രി ആര്. ശങ്കര്‍, തിരുകൊച്ചി മുന്‍ മുഖ്യമന്ത്രി സി. കേശവന്, മാതാ അമൃതാനന്ദമയി എന്നിങ്ങനെ എത്രയെത്ര ലോകപ്രശസ്തര്‍ ഈ നാട്ടില്‍ ജനിച്ചിരിക്കുന്നു. "കൊല്ലം കണ്ടവനില്ലം വേണ്ട' എന്ന രീതിയില്‍ പഴഞ്ചൊല്ലിലും ഇടമുണ്ട്.
ഉണ്ണു നീലി സന്ദേശത്തില്‍ ഇപ്രകാരം പറയുന്നുണ്ട് "കൊല്ലം തൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ.' അതായത് "കൊല്ലം എത്ര പഴയതായിക്കൊള്ളട്ടെ, എന്നും അതു കൊല്ലമായി തന്നെ നില നില്ക്കും'. അതേ ഏറെ തിളങ്ങുന്ന ചരിതമുള്ള ആ നാട് ജില്ലയായി തീര്‍ന്നിട്ട് 75 കൊല്ലങ്ങള്‍... നേരാം കൊല്ലം ജില്ലയ്ക്ക് ജന്മദിനാശംസകള്...