കാമുകിയെ വിവാഹം കഴിക്കാന്‍ ലിംഗഭേദം വരുത്തി ട്രാന്‍സ്‌ജെന്‍ഡര്‍
Monday, December 11, 2023 3:07 PM IST
പ്രണയത്തിന് കാരണമോ അതിരുകളോ അകലങ്ങളോ അറിയില്ല. മനസുകളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ഒരേയൊരു ഉദ്ദേശ്യമുണ്ട് അതിന്; എത്ര കാലമെടുത്തായാലും.
ഈ വാചകങ്ങള്‍ക്കൊക്കെ അനുയോജ്യമായ ഒരു പ്രണയകഥയുടെ കാര്യമാണിത്. സംഭവം അങ്ങ് മധ്യപ്രദേശിലാണ്. ഇന്‍ഡോറിലുള്ള ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ തന്‍റെ 47-ാം ജന്മദിനത്തില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ ലിംഗഭേദം വരുത്തി.
മുമ്പ് അല്‍ക്ക എന്നറിയപ്പെട്ടിരുന്ന അസ്തിത്വ സോണി ആണ് ഈ കഥയിലെ നായകന്‍. ആസ്ത എന്ന യുവതിയാണ് നായിക. അസ്തിത്വയുടെ സഹോദരിയുടെ സുഹൃത്തായിരുന്നു ആസ്ത.
ഇവര്‍ തമ്മില്‍ പരിചയത്തിലാവുകയും അത് അടുപ്പത്തിലേക്ക് വഴിമാറുകയുമാണുണ്ടായത്.
അല്‍ക്ക സോണി എന്ന പേരില്‍ ജനിച്ച അസ്തിത്വ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഒരു സ്ത്രീയല്ലെന്ന് മനസിലാക്കി. പിന്നീട് ഒരു പുരുഷനായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു.
തന്‍റെ 47-ാം ജന്മദിനത്തില്‍, അസ്തിത്വ ധൈര്യം സംഭരിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുകയുമുണ്ടായി. ശേഷം സ്വയം പേര് മാറ്റുകയും ചെയ്തു.
ഇരുവരുടെയും മാതാപിതാക്കളുടെയും സമ്മതപ്രകാരമായിരുന്നു വിവാഹം. നിയമപരമായ എല്ലാ വ്യവസ്ഥകളും പാലിച്ച് സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
നിലവില്‍ പാരമ്പര്യചടങ്ങുകളുടെ ഭാഗമായ "സാത് ഫെറസ്' എന്നറിയപ്പെടുന്ന അഗ്‌നിക്ക് ചുറ്റും ഏഴ് തവണ പ്രദക്ഷിണം ചെയ്തുകൊണ്ട് തങ്ങളുടെ വിവാഹം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഈ ദമ്പതികള്‍.
സമൂഹത്തിന്‍റെ നാനാകോണില്‍ നിന്നും ഇവര്‍ക്ക് വിവാഹാശംസകള്‍ ലഭിക്കുന്നുണ്ട്.