"ഉറുമ്പുകള്‍ സമ്മാനിച്ച 23 വര്‍ഷങ്ങള്‍'; ഒരു പാരച്യൂട്ടിസ്റ്റിന്റെ വിചിത്രമായ രക്ഷപ്പെടല്‍
Thursday, December 7, 2023 1:21 PM IST
സാഹസികര്‍ പലപ്പോഴും പല അപകടങ്ങളിലും പെടാറുണ്ട്. പലതിനെയും കാര്യമാക്കാതെ അവര്‍ മുന്നേറാറുമുണ്ട്. എന്നാല്‍ വലിയ അപകടങ്ങള്‍ ജീവന്‍തന്നെ നഷ്ടമാക്കിയേക്കും.
ഏറ്റവും അപകടം നേരിടാറുള്ളവരാണ് പാരച്യൂട്ട് സ്കൈഡൈവര്‍മാര്‍. ഉയരത്തില്‍ നിന്നും പറന്നിറങ്ങുന്ന ഇവര്‍ മിക്കപ്പോഴും അപകടത്തില്‍ ആകുന്നത് പാരച്യൂട്ട് തുറക്കാതെ വരുമ്പോള്‍ ആയിരിക്കും.
അത്തരത്തില്‍ അപകടത്തില്‍പ്പെട്ടിട്ടും ഉറുമ്പുകളാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു സ്ത്രീയുടെ കാര്യമാണിത്. ജോവാന് മുറെ എന്നാണിവരുടെ പേര്. പാരച്യൂട്ട് ജംപിംഗില് താത്പര്യമുള്ള ആളായിരുന്നു ഇവര്‍.
1999-ല്‍ തന്റെ 36-ാമത് സ്കൈഡൈവില്‍ പങ്കെടുക്കാന്‍ ജോവാന് അമേരിക്കയിലെ സൗത്ത് കരോലിനയിലേക്ക് പോയി. 47കാരിയായ ഈ പാരച്യൂട്ടിസ്റ്റ് വിമാനത്തില്‍ നിന്ന് ചാടി. 14,500 അടി ഉയരത്തില്‍ നിന്നുമായിരുന്നു ഈ ചാട്ടം.
എന്നാല്‍ ഈ സമയം ഇവര്‍ ഉപയോഗിച്ച പാരച്യൂട്ട് തുറന്നുവന്നില്ല. മുറെ മണിക്കൂറില്‍ 80 മൈല്‍ വേഗതയില്‍ താഴേക്ക് പതിച്ചു. പക്ഷേ പരിചയസമ്പന്നയായ ജോവാന് പരിഭ്രമിക്കാതെ റിസര്‍വ് പാരച്യൂട്ടിന്റെ ടോഗിള്‍ വലിച്ചു. ഇത് വേഗത കുറച്ചു.
എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ 700 അടി ഉയരത്തില്‍ നില്ക്കുമ്പോള് ഈ പാരച്യൂട്ടും പ്രവര്‍ത്തനരഹിതമായി. തത്ഫലമായി ജോവാന് അതിവേഗം നിലംപതിച്ചു. സാധാരണ ഗതിയില്‍ 80 അടി ഉയരത്തില്‍ നിന്നു വീണാല്‍ത്തന്നെ മരിക്കുമെന്നുറപ്പാണ്. അപ്പോള്‍ ജോവാന്റെ കാര്യം പറയേണ്ടതില്ലല്ലൊ.
എന്നാല്‍ അവിടെ ആയിരുന്നു ആരും ചിന്തിക്കാത്ത ഒരു കാര്യം സംഭവിച്ചത്. കാരണം ജോവാന് വന്നുപതിച്ചത് ചുവന്ന ഉറുമ്പുകളുടെ ഒരു കൂമ്പാരത്തില്‍ ആയിരുന്നു. ഈ ഉറുമ്പുകള്‍ സോളിനോപ്സിന് എന്നറിയപ്പെടുന്ന വിഷം സ്രവിക്കുന്നവയാണ്.
വീഴ്ചയിൽ കുപിതരായ ചുവന്ന ഉറുമ്പുകൾ ജോവാനെ കടിക്കുവാന്‍ ആരംഭിച്ചു. 200ല്‍ അധികം തവണയാണ് ഇവ ജോവാനെ ആക്രമിച്ചത്.
എന്നാൽ ഉറുമ്പുകള്‍ ജോവാനെ കുത്തുന്ന വിഷം അവളുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ചു. അതായത് ഈ കുത്തിനാല്‍ രക്തത്തില്‍ അഡ്രിനാലിന്‍ എത്തുകയും മുറെയുടെ ഹൃദയമിടിപ്പ് നിലനിര്‍ത്തുകയും ചെയ്തു.
മെഡിക്കല്‍ സംഘം സംഭവസ്ഥലത്തെത്തി മുറെയെ കണ്ടെത്തുംവരെ ഈ ഉറുമ്പുകള്‍ അവരെ ആക്രമിച്ചുകൊണ്ടിരുന്നു. അസഹനീയമായ വേദനയാല്‍ ഈ സമയമത്രയും മുറെയുടെ ബോധം നഷ്ടമായില്ല. ഇത് വലിയ ഗുണമായെന്ന് ഡോക്ടര്‍മാര്‍ പിന്നീട് പറയുകയുണ്ടായി.
നിരവധി പല്ലുകളും എല്ലുകളും തകര്‍ന്നു പോയ ജോവാന് 20ല്‍ പരം ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഇടയില്‍ കോമയിലുമായി ആയി അവര്‍.
എന്നാല്‍ മനസാന്നിധ്യമുള്ളവര്ക്ക് മുന്നില്‍ ഒന്നും ഒരു തടസമല്ലല്ലൊ. രണ്ട് വര്‍ഷത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത ജോവാന് മുറെ വീണ്ടും ആകാശത്തിലേക്ക് പറന്നുയര്‍ന്നു.
പിന്നീട് 23 വര്‍ഷങ്ങള്‍ കൂടി ജീവിച്ചശേഷം തന്റെ 70-ാം വയസിലാണ് മുറെ ഈ ലോകത്തുനിന്നും പോയത്. അര്‍ബുദത്തിന് മുന്നില്‍ കീഴടങ്ങുമ്പോഴും അവരുടെ അദ്ഭുതകമായ രക്ഷപ്പെടല്‍ ചര്‍ച്ചകളില്‍ അവശേഷിക്കുന്നു.
എന്തായാലും "ഉറുമ്പുകള്‍ സമ്മാനിച്ച 23 വര്‍ഷങ്ങള്‍' എന്നാണ് അവരുടെ ആ പുനര്‍ജന്മത്തെ വിശേഷിപ്പിക്കാന്‍ കഴിയുക. മനുഷ്യരുടെ ചിന്തയ്ക്കും കാഴ്ചയ്ക്കും അപ്പുറമായിരിക്കും പലപ്പോഴും കാര്യങ്ങള്‍ സംഭവിക്കുക എന്നതിന്റെ ഒരുദാഹരണം കൂടിയാണ് മുറെയുടെ രക്ഷപ്പെടൽ...