ലിബര്‍ട്ടി ബാരോസ്; ലോകത്തിലെ ഏറ്റവും വഴക്കമുള്ള പെണ്‍കുട്ടി
Thursday, December 7, 2023 11:54 AM IST
ചിലയാളുകള്‍ വിസ്മയങ്ങള്‍ ആണ്. അവരില്‍ ചിലര്‍ അവരുടെ ബുദ്ധിശക്തികള്‍ കൊണ്ടാകും നമ്മളെ അദ്ഭുതപ്പെടുത്തുക. മറ്റ് ചിലര്‍ ജന്മനായുള്ള കഴിവുകള്‍ നിമിത്തവും.
സ്വന്തം ശരീരത്തിന്റെ അസാമാന്യ മെയ്വഴക്കം നിമിത്തം ലോകത്തെ ഞെട്ടിച്ച ഒരാളാണ് ലിബര്‍ട്ടി ബാരോസ് എന്ന പെണ്‍കുട്ടി. മൂന്ന് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകളാണ് തന്റെ 15 വയസിനുള്ളില്‍ ഈ പെണ്‍കുട്ടി നേടിയിട്ടുള്ളത്.
യുകെയിലെ പീറ്റര്‍ബറോയില്‍ നിന്നുള്ള ലിബര്‍ട്ടി ഒരു വര്‍ഷത്തിനിടെയാണ് ഈ മൂന്ന് റിക്കാര്‍ഡും സ്ഥാപിച്ചത്. നേരത്തെ, 30 സെക്കന്‍ഡിനുള്ളില്‍ ഏറ്റവും കൂടുതല്‍ നട്ടെല്ല് തറയിലേക്ക് വളയ്ക്കുന്നതില്‍ ലിബര്‍ട്ടി ഗിന്നസ് റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ സ്പൈറല്‍ ജിംനാസ്റ്റിക്സ് ക്ലബില്‍ വച്ച് ലിബര്‍ട്ടി അര മിനിറ്റിനുള്ളില്‍11 തവണ തന്റെ തല കാലുകള്‍ക്കിടയിലൂടെ തറയിലേക്ക് കൊണ്ടുവന്ന് ശരീരം പിന്നിലേക്ക് വളച്ചു.
അടുത്തിടെ ഏറ്റവും വേഗത്തില്‍ ചെസ്റ്റ് റോള്‍ പൊസിഷനില്‍ ലെയ്സ് കെട്ടാനുള്ള ലോകറിക്കാര്‍ഡ് ഈ മിടുക്കി നേടി. വെറും 10.46 സെക്കന്‍ഡില്‍ ആണ് ലിബര്‍ട്ടി ചെസ്റ്റ് റോള്‍ പൊസിഷനില്‍ ഒരു ജോടി ഷൂലേസുകള്‍ കെട്ടിയത്.
ബ്രിട്ടന്റെ ഗോട്ട് ടാലന്റ് പോലുള്ള ഷോകളിലും ലിബര്‍ട്ടി പങ്കെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായ ലിബര്‍ട്ടിക്ക് യൂട്യൂബില്‍ 1.8 മില്യണ്‍ ഫോളോവേഴ്സുണ്ട്.

ലിബര്‍ട്ടിയുടെ നേട്ടത്തിന് പിന്നില്‍ കുടുംബത്തിന്റെയും പൂര്‍ണപിന്തുണയുണ്ട്. ലിബര്‍ട്ടിയുടെ നിശ്ചയദാര്‍ഢ്യത്തെയും കഠിനാധ്വാനത്തെയും പിതാവ് റാം ബറോസ് ഏറെ അഭിമാനത്തോടെ നോക്കി കാണുന്നു.
ഒന്നിലധികം ലോകറിക്കാര്ഡുകളും പ്രശസ്തിയും ഒക്കെ നേടിയെങ്കിലും ലിബര്‍ട്ടി പീറ്റര്‍ബറോയിലെ സ്പൈറല്‍ ജിംനാസ്റ്റിക്സ് ക്ലബ്ബില്‍ ഇപ്പോഴും തന്റെ പരിശീലനം തുടരുകയാണ്. ഇനിയും നിരവധി നേട്ടങ്ങളിലേക്ക് ഈ പെണ്‍കുട്ടി അനായാസം എത്തുമെന്ന കാര്യം ഉറപ്പാണ്.