വാഗാ അതിർത്തികടന്ന് അവൾ വന്നു..! വീണ്ടും ഇന്ത്യ-പാക് പ്രണയകഥ
Wednesday, December 6, 2023 12:55 PM IST
കോൽക്കത്തക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി പാക്കിസ്ഥാനി യുവതി അട്ടാരി-വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. പാക് പഞ്ചാബിൽനിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് 45 ദിവസത്തെ വീസയുമായി കല്യാണം കഴിക്കാനെത്തിയത്.
അവളുടെ കാമുകൻ സമീർ ഖാനും അയാളുടെ കുടുംബവും സ്വീകരിക്കാൻ വാഗയിലെത്തിയിരുന്നു. പിതാവ് അസ്മത്ത് ഖാനൊപ്പമാണ് യുവതി വന്നത്.
ആഘോഷത്തോടെയാണ് പാക്കിസ്ഥാനി മരുമകളെ സമീറിന്റെ കുടുംബം ഇന്ത്യൻമണ്ണിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോ വൈറലായി. കുടുംബാംഗങ്ങൾ പാട്ടുപാടി ഡാൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാം.
വരന്റെ കുടുംബാംഗങ്ങളുടെ സ്നേഹസ്വീകരണത്തിൽ പെണ്ണിന്റെ പിതാവിന്റെ മനം നിറഞ്ഞു. വിവാഹം കോൽക്കത്തയിൽ മതാചാരപ്രകാരം ജനുവരിയിൽ നടക്കും.
അഞ്ചുവർഷമായി ഇരുവരും പ്രണയത്തിലാണ്. അതേസമയം, വീസ നീട്ടാൻ ആഗ്രഹിക്കുന്നതായി യുവതിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.