സുഹൃത്ത് തിരഞ്ഞ ആ ഗായകന് ഇവിടെയുണ്ട്; പാട്ടിന്റെ വഴിയില്‍ അലയുകയായിരുന്നു
Thursday, November 30, 2023 3:25 PM IST
സമൂഹ മാധ്യമങ്ങള്‍ വല്ലാത്ത ഒരു ഇരിപ്പിടമാണ്. അവിടെ നന്മയും ദുഷ്ടതയുമൊക്കെ വന്നിരിക്കും. അവിടെ ഉടലെടുക്കുന്ന മിക്ക കാര്യങ്ങളും മനുഷ്യമനസിനെ ഒന്നുതൊടുകതന്നെ ചെയ്യുന്നു. പ്രത്യേകിച്ച് നന്മനിറഞ്ഞ വാര്‍ത്തകളും പോസ്റ്റുകളും.
കഴിഞ്ഞദിസവം പലരുടെയും ഹൃദയത്തെ ഒന്നുപൊള്ളിച്ച ഒരു കാഴ്ചയായിരുന്നു ഫേസ്ബുക്കില്‍ ഒരാള്‍ തന്റെ സുഹൃത്തിനെ അന്വേഷിച്ചെത്തിയ വീഡിയോ. ശ്രീജിത്ത് കൃഷ്ണ എന്ന പാലക്കാട്ടുകാരന് ആയിരുന്നു 20 കൊല്ലം മുമ്പ് തനിക്കൊപ്പം സംഗീതം പഠിച്ച കൂട്ടുകാരനെ കണ്ടെത്തിതരാന്‍ സമൂഹ മാധ്യമങ്ങളോട് അപേക്ഷിച്ചത്.
പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ തിളങ്ങിനിന്ന കുന്നംകുളം സ്വദേശി മനോജ് എന്ന തന്റെ സഹപാഠിയെ ആയിരുന്നു ശ്രീജിത്ത് തിരഞ്ഞത്. തന്റെ കോളജ് ഗ്രൂപ്പില്‍ എത്തിയ ഒരു വീഡിയോയിലെ മനോജിന്റെ കോലം കണ്ടപ്പോള്‍ ഇദ്ദേഹത്തിന് ആകെ സങ്കടമായി.
അത്രമാത്രം ആളുമാറിയിരുന്നു ആ പഴയ സഹപാഠി. കോളജ് കാലത്തിനുശേഷം മനോജിന് മാനസികാസ്വാസ്ഥ്യം പിടിപെട്ടിരുന്നു. വീട്ടുകാരെയൊക്കെ ഉപേക്ഷിച്ച് എവിടെയൊക്കെയോ അലയുന്ന ഒരു അവസ്ഥയിലായിരുന്നു മനോജ്.
തന്റെ സുഹൃത്തിന് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും കണ്ടെത്തണം എന്നുണ്ടെന്നുമായിരുന്നു ശ്രീജിത്തിന്റെ കുറിപ്പ്. ഇദ്ദേഹത്തിന്റെ ഈ അഭ്യര്‍ഥന സമൂഹ മാധ്യമങ്ങളും വാർത്താ മാധ്യമങ്ങളും ഏറ്റെടുത്തു. ഒടുവില്‍ അവര്‍ അദ്ദേഹത്തെ തൃശൂര്‍ കുന്നംകുളത്തുനിന്നും കണ്ടെത്തി.
കുന്നംകുളം ബസ് സ്റ്റാന്റില്‍ അലഞ്ഞുതിരിയുകയായിരുന്നു ആനായിക്കല്‍ സ്വദേശി മനോജെന്ന അനുഗ്രഹീത ഗായകന്. മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും അദ്ദേഹത്തിലെ സംഗീതം മായാതെ നിന്നിരുന്നു.
ഹരിമുരളീരവം അടക്കമുള്ള ഗാനങ്ങളുടെ വരികള്‍ അദ്ദേഹം തെറ്റാതെ പാടുന്നു. ആ ഗാനം കേള്‍ക്കുന്നവര്‍ ആഹാരത്തിനായുള്ള വക നല്കുന്നു.
ഇദ്ദേഹത്തിന്റെ ജേഷ്ഠനും മാനസികവെല്ലുവിളി നേരിടുകയാണ്. വീട്ടിലെത്തിയാല്‍ ഏണിവെച്ച് പുരപ്പുറത്തുകയറിയാണ് മനോജ് ഉറങ്ങാന്‍ കിടക്കുന്നത്. രാവിലെ എഴുന്നേറ്റാല്‍ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കും. ഇടയില്‍ പാടും അതുകേള്‍ക്കുന്നവര്‍ അന്നത്തിനുള്ള വക നല്‍കും. പിന്നെയും സഞ്ചരിക്കും.
പണ്ട് ഓര്‍ക്കസ്ട്രകള്‍ക്കൊപ്പം പാടിയിരുന്ന അദ്ദേഹം ഇന്ന് തെരുവിന്റെ ഗായകനാണ്. ചങ്ങാതിമാരില്‍ പലരും സംഗീതത്തിന്റെ വലിയ ശിഖരങ്ങളില്‍ പറന്നെത്തിയത് അറിയാതെ അദ്ദേഹം എന്നും സഞ്ചരിക്കുകയാണ്.
അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഈ സുഹൃത്തിന്റെ അന്വേഷണം ഒരു കാരണമാകുമെന്നാണ് നെറ്റിസണ് കരുതുന്നത്. നല്ല ചികിത്സ ലഭിച്ച് സുഖം പ്രാപിച്ച് ജനഹൃദയങ്ങള്‍ക്കായി പാടുവാന്‍ അദ്ദേഹം എത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.