ടിപ്പ് സ്വല്പം മാറി; നല്‍കിയത് അഞ്ച് ലക്ഷം, തിരികെപ്പിടിക്കാന്‍ നെട്ടോട്ടം
Monday, November 27, 2023 2:53 PM IST
ഏതെങ്കിലും ഭക്ഷണശാലയില്‍ കയറി കഴിച്ചശേഷം വിളമ്പിയ ആള്‍ക്ക് ടിപ്പ് നല്‍കുക എന്നത് ഒട്ടുമിക്കവരും ചെയ്യുന്ന ഒരു കാര്യമാണല്ലൊ. ചിലർ മര്യാദയുടെ ഭാഗമായും മറ്റുചിലര്‍ പൊങ്ങച്ചത്തിന്റെ ഭാഗമായുമൊക്കെ ഇതിനെ കാണാറുണ്ട്.
എന്തായാലും ടിപ്പായി എത്ര രൂപയാകും ഒരാള്‍ നല്‍കുക എന്ന കാര്യത്തില്‍ നമുക്കൊക്കെ ഒരു ധാരണയുണ്ടല്ലൊ. ഇനി അതിലും കൂടുതല്‍ നല്കുന്നു എങ്കില്‍ അത് സഹായിക്കാനുള്ള മനസിനാല്‍ പ്രാങ്ക് രീതിയില്‍ നല്‍കുന്നതായിരിക്കും.
അത്തരത്തില്‍ പലരും വെയ്റ്റര്‍മാരെ ഒക്കെ സഹായിക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. എന്നാല്‍ ടിപ്പ് കൊടുത്ത് അബദ്ധത്തില്‍ ചാടിയ ഒരു യുവതിയുടെ കാര്യമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.
സംഭവം അങ്ങ് ജോര്‍ജിയയിലാണ്. ഇവിടുത്തുകാരിയായ വെരാ കോണര്‍ എന്ന യുവതിക്കാണ് ഇത്തരമൊരു അബദ്ധം സംഭവിച്ചത്. ഇവര്‍ ഒരു സബ് വേ സാന്‍ഡ്വിച് ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയുമുണ്ടായി.
എന്നാല്‍ ടിപ്പ് നല്‍കേണ്ട സമയം ഏകദേശം 7,10,5.44 എന്ന് ടെെപ്പ് ചെയ്തു. ഇത്രയും ഡോളര്‍ ഇന്ത്യന്‍ തുകയില്‍ അഞ്ച് ലക്ഷത്തിന് തുല്യമാണ്.
ഇവര്‍ മറ്റെന്തോ ചിന്തിച്ചുകൊണ്ട് സ്വന്തം മൊബൈല്‍ നമ്പര്‍ ആയിരുന്നു ടിപ്പായി ടൈപ്പ് ചെയ്തത്. അബദ്ധം മനസിലായതോടെ പണം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലാണ് വെരാ.
ഇതിനായി യുവതി കടയേയും ബാങ്കിനെയും സമീപിച്ചു. അതത്ര എളുപ്പത്തില്‍ തിരികെ ലഭിക്കില്ലെന്നാണ് സൂചന. എന്തായാലും തന്റെ പണം തിരികെ കിട്ടുമെന്ന നേരിയ പ്രതീക്ഷ വെരയ്ക്കുണ്ട്.