അറിയാത്ത ഇടങ്ങളില്‍ എത്തപ്പെടാന്‍ പണ്ട് ആരോടെങ്കിലും ചോദിക്കേണ്ടി ഇരുന്നു. എന്നാല്‍ സങ്കേതികവിദ്യയുടെ കാലം അത്തരം ആശയവിനിമയങ്ങളുടെ സ്വഭാവം മാറ്റിമറിച്ചു.

ഗൂഗിള്‍ മാപ്പിന്‍റെ വരവ് വലിയൊരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. യാത്രികരായ പലര്‍ക്കും ഇത് ഏറെ പ്രയോജനപ്രദമായി മാറി. ദൂരെ ദേശങ്ങളില്‍ ഭാഷയുടെ പ്രശ്‌നമില്ലാതെ അവര്‍ സഞ്ചരിച്ചു.

എന്നാല്‍ ഗൂഗിള്‍ മാപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ കേള്‍ക്കുന്ന ചില സംഭവങ്ങള്‍ അത്ര നല്ലതല്ല. ഗൂഗിള്‍ മാപ്പ് നോക്കി പലരും പുഴയിലും തോട്ടിലുമൊക്കെ വീണ എത്രയെത്ര സംഭവങ്ങള്‍ നാം നമ്മുടെ നാട്ടില്‍ നിന്നും കേട്ടിരിക്കുന്നു.

എന്നാല്‍ അമേരിക്കയിലായാലും സ്ഥിതി വ്യത്യസ്തമല്ലെന്ന് തെളിയിക്കുകയാണ് അടുത്തിടെ ഉണ്ടായ ഒരു സംഭവം.

ലോസ് ആഞ്ചലസ് നിവാസികളായ ഷെല്‍ബി ഈസ്ലറും സഹോദരന്‍ ഓസ്റ്റിനും അവരുടെ ചില ബന്ധുക്കളും ലാ വെഗാസ്‌വരെ എത്തി മടങ്ങുകയായിരുന്നു. ആദ്യമായിട്ടായിരുന്നു അവര്‍ ആ വഴി വന്നു മടങ്ങുന്നത്.

അതൊരു ഞായറാഴ്ച ആയതിനാല്‍ അന്തര്‍സംസ്ഥാന പ്രധാനപാതയില്‍ വലിയ തിരക്കായിരുന്നു. അതിനാല്‍ അവര്‍ മാപ്പിനെ ആശ്രയിച്ചു. ഗൂഗിള്‍ മാപ്പ് അവര്‍ക്കൊരു എളുപ്പവഴി പറഞ്ഞുകൊടുത്തു. അതും 50 മിനിറ്റ് നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന വഴി.


കാര്‍ യാത്രികര്‍ ആകെ സന്തോഷത്തിലായി. യാത്ര തിരിഞ്ഞ് അല്‍പം കഴിഞ്ഞപ്പോള്‍ ഗൂഗിൾ ഒരു ഇടറോഡ് കാട്ടി. ഗൂഗിള്‍ മാപ്പല്ലെ എന്നും വിചാരിച്ച് അവര്‍ മുന്നോട്ട് കുതിച്ചു. പിന്നീടാണ് ആശാന്‍ ചതിച്ച കാര്യം അവര്‍ക്ക് മനസിലായത്.

ആളുംപേരും ഇല്ലാത ഒരു മരുഭൂമിയിലേക്ക് ആയിരുന്നു ഗൂഗിള്‍ മാപ്പ് ഇവരെ കൂട്ടിയത്. ആകെ പൊടിപടലമായ നിരത്തില്‍ ഇവര്‍ ശരിക്കും പെട്ടു.

പിന്നീട് എതിരേ വന്ന ഒരു ട്രക്ക് ഡ്രൈവറാണ് ഈ റോഡിന്‍റെ വിപത്ത് പറഞ്ഞ് മനസിലാക്കിയത്. എന്തായാലും മരുഭൂമിയില്‍ ഏറെ ഉഴലുന്നതിന് മുമ്പ് ആ ട്രക്കിന്‍റെ പിറകെ ഇവര്‍ തിരികെ വച്ചുപിടിപ്പിച്ചെന്നാണ് അറിവ്.

പിന്നീട് ഷെല്‍ബി ഇക്കാര്യം സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവച്ചു. ഏറെ ഞെട്ടലോടെയാണ് നെറ്റിസണ്‍ ഇക്കാര്യം ശ്രവിച്ചത്.