സ്വന്തം വാഹനത്തെക്കുറിച്ചുള്ള ഒരു ഡ്രൈവറുടെ "റിവ്യൂ'; നെറ്റിസണില്‍ ചര്‍ച്ചയാകുന്നു
Wednesday, November 22, 2023 3:08 PM IST
തങ്ങള്‍ ആഗ്രഹിക്കുന്ന വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മിക്കവരും പരിശ്രമിക്കും. ആ വാഹനമൊന്നു ലഭിച്ചുകഴിയുമ്പോള്‍ എന്താണൊരു ആനന്ദം. ചിലര്‍ മോഹത്തിന്റെ പുറത്ത് വാഹനം സ്വന്തമാക്കുമ്പോള്‍ മറ്റുചിലര്‍ ജീവിക്കാന്‍ വേണ്ടയാണ് വണ്ടി വാങ്ങുന്നത്.
ഇത്തരത്തില്‍ സാധാരണക്കാര്‍ ഏറ്റവും വാങ്ങുന്ന ഒന്നാണ് ഓട്ടോറിക്ഷാ. എന്നാല്‍ ചിലസമയങ്ങളില്‍ മോശം വാഹനമാകാം കൈയിലെത്തുക. ഉള്ള വക മുഴുവന്‍ വിറ്റ് ജീവിക്കാന്‍ വാങ്ങിയ വണ്ടി ചതിച്ചാല്‍ ആരുമൊന്നു തകരില്ലെ. അപ്പോള്‍ എന്തുചെയ്യും? പ്രതിഷേധിക്കും.
അത്തരമൊരു പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സംഭവം അങ്ങ് ബംഗളൂരുവിലാണ്. എക്സിലെത്തിയ ഒരു ചിത്രത്തില്‍ ഒരു ഓട്ടോയാണുള്ളത്. ഇതൊരു ഇലക്ട്രിക് ഓട്ടോറിക്ഷയാണെന്നാണ് വിവരം.
ഇതിനു പിറകിലായി "മോശം വാഹനം; ആരും വാങ്ങരുത്' എന്ന് ഡ്രൈവര്‍ എഴുതിവച്ചു. ഇംഗ്ലീഷിലും കന്നഡയിലും ഇത്തരത്തില്‍ വലിയ അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്.
ഈ ഓട്ടോയുടെ ബാറ്ററി ശേഷിക്കുറവ് കാരണം താന്‍ പലപ്പോഴും വഴിയിലാകുന്നു. പോരാഞ്ഞ് തന്റെ സവാരി പലതും നഷ്ടമാകുന്നു എന്നാണ് ഡ്രൈവര്‍ പറയുന്നത്.
ചിത്രം വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ അഭിപ്രായവുമായി എത്തി. "തീര്‍ച്ചയായും ആ പാവത്തിന് നല്ലൊരു വാഹനം കമ്പനി നല്‍കണം' എന്നാണൊരാള്‍ കുറിച്ചത്.