"ഞാന്‍ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്കറിയാമായിരുന്നു'; ഏറ്റവും ഹൃദയഭേദകമായ മരണക്കുറിപ്പ്
Thursday, November 16, 2023 4:30 PM IST
ജീവിതം ഒരുനാള്‍ വിരമിക്കാനുള്ളതാണെന്ന് എല്ലാവര്ക്കും അറിയാം. ആ ദിവസം എന്നാണെന്ന് അറിയില്ല എന്നതാണ് മരണത്തിന്റെ സൗന്ദര്യം.ഒരുനാള്‍ എത്തുകയും പിറ്റേന്ന് നമ്മള് ഇല്ലാത്ത ഒരുനാള്‍ പുലരുകയും ചെയ്യുന്ന നിസാരത.
ഏറ്റവും വേദനാജനകമായ ഒരു കാര്യമാണ് സ്വന്തം മരണദിനം അറിയുകയും പ്രിയപ്പെട്ടവരോട് യാത്ര ചോദിക്കുകയും ചെയ്യുന്ന നിമിഷം.
അത്തരമൊരു യാത്രമൊഴി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു യുവതി കഴിഞ്ഞദിവസം കുറിക്കുകയുണ്ടായി. കേസി മക്കിന്റെെര് എന്നാണവരുടെ പേര്. അണ്ഡാശയ അര്‍ബുദം ആയിരുന്നു അവര്‍ക്ക്.
1985 ഫെബ്രുവരി 1-ന് ജനിച്ച മക്കിന്റെെര് അപ്പര്‍ മാന്‍ഹട്ടനിലും ടെനാഫ്ലി, ന്യൂജേഴ്സിയിലുമാണ് തന്റെ ബാല്യം ചിലവഴിച്ചത്. 2015ല്‍ ആണ് കേസിയുടെ വിവാഹം കഴിഞ്ഞത്. ആന്‍ഡ്രൂ ഗ്രിഗറി എന്നാണവരുടെ ഭര്‍ത്താവിന്റെ പേര്.
എന്നാല്‍ 2019ല്‍ കേസി മക്കിന്റെെറിന് അണ്ഡാശയ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് 2020ല്‍ ഒരു വലിയ ശസ്ത്രക്രിയ നടത്തി.
മാസത്തില്‍ എട്ടിലധികം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു കേസി. നിരവധി സുഹൃത്തുക്കളും അവര്‍ക്കുണ്ടായിരുന്നു. വലിയൊരു ശസ്ത്രക്രിയ ആയതിനാല്‍ ഇവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രിയപ്പെട്ട എല്ലാവരും കരുതിയത്.
2022ല്‍ ഐവിഎഫ് വഴി കേസിക്കും ഗ്രിഗറിക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവര്‍ അവള്‍ക്ക് ഗ്രേസ് എന്ന് പേരിട്ടു. തന്റെ ലോകം മകള്‍, ഐസ്ക്രീം, കടല്‍ത്തിരകള്‍, മാതാപിതാക്കള്‍, കൂട്ടുകാര്‍ എന്നിങ്ങനെ കേസി ആസ്വദിക്കുന്നതിനിടെ അസുഖം വീണ്ടും അവരിലേക്ക് എത്തുകയുണ്ടായി.

ഏറ്റവും മികച്ച ചികിത്സ തന്നെയാണ് ഗ്രിഗറി അവള്‍ക്കായി ഒരുക്കിയത്. പക്ഷേ എത്രയായാലും വേദനിപ്പിക്കുന്ന ആ ദിവസം കാത്തുനില്ക്കുമല്ലൊ.
ഒരു പുസ്തകപ്രസാധ കൂടിയായ കേസിക്ക് തന്റെ പ്രിയപ്പെട്ടവരോടൊക്കെ യാത്ര പറയാണമെന്ന് തോന്നി. തന്റെ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ആഹ്ലാദ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
പിന്നീട് ഹൃദയത്തെ ഉലയ്ക്കുന്ന ഒരു യാത്രമൊഴി അവർ പ്രിയപ്പെട്ടവര്‍ക്കായി എഴുതി. "പ്രിയപ്പെട്ടവരാല്‍ ഞാന്‍ എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ... ഇത് നിങ്ങള്‍ വായിക്കുമ്പോഴേക്കും ഞാനില്ലായിരിക്കും. എന്നോട് ക്ഷമിക്കണം.
ഞാന്‍ നിങ്ങളെ ഓരോരുത്തരെയും എന്റെ പൂര്‍ണഹൃദയത്തോടെ സ്നേഹിച്ചു. നിങ്ങളോടൊപ്പം ചിലവഴിച്ച സന്തോഷ നിമിഷങ്ങളെ സ്മരിക്കുന്നു. നന്ദി"

തനിക്കൊപ്പം സുഹൃത്തുക്കള്‍ പങ്കിട്ട നിമിഷം ഈ പോസ്റ്റിന് താഴെ കമന്റായി എഴുതുവാന്‍ കേസി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച അവള് ഈ ലോകത്തോട് വിട പറഞ്ഞു. ബുധനാഴ്ച ഗ്രിഗറി അവളുടെ ഈ പോസ്റ്റ് കേസിയുടെ ഇന്‍സ്റ്റയില്‍ പങ്കിട്ടു. ഏറെപ്പേരെ കണ്ണീരണിയിച്ച ആ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു.
കേസിയുടെ പ്രിയപ്പെട്ടവര്‍ എല്ലാം നിറമിഴിയോടെ അവളുടെ സ്നേഹത്തിനെ കുറിച്ച് കമന്റുകളില്‍ എഴുതി. തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഒക്കെ നന്ദി പറഞ്ഞായിരുന്നു കേസി പോസ്റ്റ് അവസാനിപ്പിച്ചിട്ടുള്ളത്.
എല്ലാ ദുഃഖങ്ങളില്‍ നിന്നും അവള് മുക്തി പ്രാപിച്ചാലും അവളുടെ മകള്‍, ആ കുഞ്ഞു ഗ്രേസിന്റെ കളിചിരികള്‍ അവള്‍ക്ക് എങ്ങനെ മറക്കാന്‍ കഴിയും...